ന്യൂഡൽഹി: ഓക്സ്ഫഡ്-ആസ്ട്രസെനക വാക്സിൻ ജീവിതകാലത്തേക്ക് പ്രതിരോധം നൽകിയേക്കുമെന്ന് പുതിയ പഠനം. വൈറസിനെ നേരിടുന്നതിനുള്ള ആന്റിബോഡികൾ ഉദ്പാദിപ്പിക്കുന്നത് കൂടാതെ, പുതിയ വകഭേദങ്ങളെ നശിപ്പിക്കാനുള്ള ശേഷി നിലനിർത്താനും ഇവയ്ക്ക് സാധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ഓക്സഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനം ഗവേഷണ ജേണലായ നേച്ചറിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൊറോണ വൈറസിനെ ഇല്ലാതാക്കുന്ന ആന്റിബോഡികൾ സൃഷ്ടിക്കുന്നതിനു പുറമേ, പുതിയ വൈറസ് വകഭേദങ്ങളെ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനും ശേഷിയുള്ള ടി-സെല്ലുകൾക്കായി ശരീരത്തിൽ 'പരിശീലന ക്യാമ്പുകൾ' സൃഷ്ടിക്കാൻ ഈ വാക്സിന് സാധിക്കും. ആന്റിബോഡികൾ ക്ഷയിച്ച് വളരെക്കാലം കഴിഞ്ഞാലും ശരീരത്തിന് ഈ പ്രക്രിയ തുടരാനാകുമെന്നാണ് ഗവേഷകർ കരുതുന്നത്. അഡെനോവൈറസ് അധിഷ്ഠിതമായ ഓക്സ്ഫഡ്, ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകൾക്ക് ഈ സവിശേഷത ഉണ്ടെന്നും പഠനം പറയുന്നു.

ഫൈസർ, മൊഡേണ വാക്സിനുകളെ അപേക്ഷിച്ച് ഓക്സ്ഫഡ് വാക്സിന് ടി-സെല്ലുകളെ സൃഷ്ടിക്കുന്നതിന് കൂടുതൽ ശേഷിയുണ്ടെന്ന് നേരത്തെ നടത്തിയ പഠനങ്ങൾ കണ്ടെത്തിയിരുന്നു. ഈ ടി-സെല്ലുകൾക്ക് ശരീരത്തിൽ ജീവിതകാലം മുഴുവൻ നിലനിൽക്കാനും സാധിക്കുമെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇതിന്റെ കാലദൈർഘ്യം സംബന്ധിച്ച് സ്ഥിരീകരണം സാധിച്ചിട്ടില്ല.

ടിബി, എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് സി, കാൻസർ തുടങ്ങിയവയ്ക്കെതിരായി പുതിയ വാക്സിൻ രൂപപ്പെടുത്തുന്നതിന് അഡനോവൈറസ് വാക്സിന്റെ ഈ സവിശേഷത ഉപയോഗപ്പെടുത്താനാകുമെന്ന് കരുതുന്നതായി ഗവേഷകരിൽ ഒരാളായ ബുർക്ഹാർഡ് ലുദ്വിഗ് പറഞ്ഞു.