- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാൻസും ഇറ്റലിയും സ്പെയിനും ജർമ്മനിയും അടക്കം 15 യൂറോപ്യൻ രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തി; രക്തം കട്ടപിടിക്കുക വഴി ആളുകൾ മരിക്കുന്നതിനെതിരെ, നരഹത്യയ്ക്ക് കേസെടുത്ത് ഇറ്റലി; ഇന്ത്യയിൽ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ബ്രിട്ടന്റെ സ്വന്തം ഓക്സ്ഫോർഡ് വാക്സിനെതിരെ നിലപാട് കർക്കശമാക്കി യൂറോപ്പ്
ലണ്ടൻ: വെളുക്കാൻ തേച്ചത് പാണ്ടാകുന്നു എന്നാണ് യൂറോപ്യൻ രാജ്യങ്ങൾ പറയുന്നത്. കോവിഡിൽ നിന്നും രക്ഷനേടാൻ എടുക്കുന്ന ഓക്സ്ഫോർഡ് വാക്സിൻ മറ്റൊരു വിധത്തിൽ മരണം ക്ഷണിച്ചുവരുത്തുമത്രെ ! രക്തം കട്ടപിടിച്ച് മരണത്തിന് കാരണമാകുന്നു എന്നതിനാൽ ഇപ്പോൾ 15 രാജ്യങ്ങളിലാണ് ഓക്സ്ഫോർഡ് സെനെക്കയുടെ കോവിഡ് വാക്സിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. രക്തം കട്ടപിടിക്കുമെന്ന വാദം നിരുത്തരവാദപരമായ്തും, വാക്സിൻ പദ്ധതിയെ വിപരീതമായി ബാധിക്കുന്നതുമാണെന്ന് ശാസ്ത്രജ്ഞന്മാരും യൂറോപ്യൻ മെഡിക്കൽ ഏജൻസിയും പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് കൂടുതൽ രാജ്യങ്ങൾ നിരോധനവുമായി എത്തിയത്.
വാക്സിനേഷൻ എടുത്തവരിൽ, രക്തം കട്ടപിടിക്കുന്നവരുടെ ശതമാനം, സാധാരണ ജനങ്ങളിൽ ഉണ്ടാവുന്നതിനു സമാനമാണെന്ന് കഴിഞ്ഞദിവസം യൂറോപ്യൻ മെഡിസിൻസ് ഏജൻസി വ്യക്തമാക്കിയിരുന്നു. രക്തം കട്ടപിടിക്കുന്നതും വാക്സിനും തമ്മിൽ ബന്ധമുണ്ടോ എന്ന് ഏജൻസി അന്വേഷിക്കുകയാണ്. വാക്സിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുവാനായി ഏജൻസി ഇന്നും വ്യാഴാഴ്ച്ചയും യോഗം ചേരുന്നുണ്ട്. അതേസമയം, ഇതിന്റെ പേരിൽ വാക്സിൻ ഉപയോഗിക്കുന്നത് നിർത്തേണ്ട ആവശ്യമില്ലെന്നും ഏജൻസി പറയുന്നു.
നേരത്തേ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് അസ്ട്രസെനെക്കയും യൂറോപ്യൻ യൂണിയനും തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നു. അതിന്റെ പ്രതികാര നടപടിമാത്രമാണിതെന്നാണ് ചില വൈറ്റ്ഹാൾ വൃത്തങ്ങൾ പറയുന്നത്. വ്യക്തമായ ഒരു കണക്കോ വിവരമോ ഇല്ലാതെയാണ് അവർ അസ്ട്രാസെനെക്കയെ എതിർക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. എന്നാൽ, ഈ യുദ്ധത്തിൽ പരാജയപ്പെടുന്നത് ആ രാജ്യങ്ങളിലെ സാധാരണക്കാരായ പൗരന്മാരായിരിക്കുമെന്നത് ഭരണാധികാരികൾ ഓർക്കണമെന്നും അവർ ആവശ്യപ്പെട്ടു. യൂറോപ്പിൽ ഇതുവരെ വാക്സിൻ നൽകിയ 17 മില്ല്യൺ ജനങ്ങളിൽ 37 പേരിലാണ് രക്തം കട്ടപിടിക്കുന്ന സംഭവം ഉണ്ടായത്.
അതേസമയം, അസ്ട്രസെനെക്കയുടെ വാക്സിനെ പിന്തുണച്ചുകൊണ്ട് ബോറിസ് ജോൺസനും നിക്കോളാ സ്റ്റർജനും രംഗത്തെത്തി. ലോകത്ത് മറ്റെവിടെ ഉപയോഗിച്ചതിനേക്കാളേറെ അസ്ട്രാസെനെക്കയുടെ വാക്സിൻ ഉപയോഗിച്ചത് ബ്രിട്ടനിലാണ്. ഇവിടെ ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നീ രാജ്യങ്ങളുടെ കാലടികൾ പിന്തുടർന്ന് പോർച്ചുഗലും സ്പെയിനുമാണ് ഈ വാക്സിൻ ഇപ്പോൾ അവസാനമായി നിരോധിച്ചിട്ടുള്ളത്. ആസ്ട്രിയ, ലിത്വാനിയ, ലാറ്റ്വിയ, എസ്റ്റോണിയ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ ചില നിശ്ചിത ബാച്ചുകൾക്ക് മാത്രമാണ് നിരോധനം ഉള്ളത്.
അതിനിടയിൽ ഓക്സ്ഫോർഡ് അസ്ട്രാസെനെക്ക വാക്സിനെടുത്ത ഒരു അദ്ധ്യാപകൻ മരണമടഞ്ഞ സംഭവത്തിൽ ഇറ്റലി നരഹത്യയ്ക്ക് കേസെടുത്തു. സാൻഡ്രോ ടൊഗ്നാറ്റി എന്ന 57 കരന്റെ മരണത്തിൽ പ്രാഥമികാന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ഈ ഘട്ടത്തിൽ മരണത്തെ അസ്ട്രസെനെക്കയുടെ വാക്സിനുമായി ബന്ധപ്പെടുത്താനുള്ള തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്. മരണകാരണം കണ്ടുപിടിക്കുക എന്നതാണ് പ്രാഥമിക അന്വേഷണത്തിന്റെ മുഖ്യ ലക്ഷണം എന്നും അവർ അറിയിച്ചു.
മറുനാടന് ഡെസ്ക്