കൊച്ചി: നടൻ ദിലീപിന്റെ ജാതകവശാൽ കണ്ടകശനി തുടങ്ങാൻ ഇരിക്കുന്നതേയുള്ളൂ എന്ന് ജ്യോതിഷി ഷൈജു എം ഗോപാലകൃഷ്ണൻ. ഗ്രഹനില പ്രകാരം ഒക്ടോബർ 26 മുതൽ ദീലീപിനും കാവ്യമാധവനും കണ്ടകശനി ആരംഭിക്കുമെന്നും മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ ഷൈജു പറഞ്ഞു.

ധനുരാശിയുടെ പതിനൊന്നാം ഭാവത്തിൽ വ്യാഴം വന്ന് നിൽക്കുന്നതിനാൽ മൂന്നാം തിയതി ദിലീപിന് അനുകൂലമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് ദിലീപിന് ജാമ്യം ലഭിക്കുമെന്ന് പ്രവചിച്ചതിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കണ്ടകശനി ആരംഭിച്ചാൽ കഠിനമായ ദിവസങ്ങളാകും ദിലീപിന്റേയും കാവ്യമാധവന്റേയും ജീവിതത്തിൽ ഉണ്ടാകുകയെന്നും ജ്യോതിഷി പ്രവചിക്കുന്നു. ദേവിയുടെ അനുഗ്രഹം ഉള്ളകുടുംബമാണ് ദിലീപിന്റേത്. സിനിമാരംഗത്തു നിന്നും വ്യക്തിജീവിതത്തിലും ലഭിച്ച വാക് ശാപവും ശത്രുദോഷവും കഠിനമായി ആ കുടുംബത്തെ പിന്തുടരുന്നുണ്ടെന്നും ജ്യോതിഷി പറയുന്നു.

ധനുരാശിയിൽ പൂരാടം നക്ഷത്രത്തിൽ ജനിച്ച ദിലീപിന് ഇപ്പോൾ രാഹു ദശയുടെ അവസാന കാലമാണ്. അതായത്, ഏഴര ശനിയുടെ മൂർദ്ധന്യാവസ്ഥയിലാണ് ഇപ്പോൾ. ഒക്ടോബർ 25 വരെ ഏഴര ശനിയും 26 മുതൽ (തുലാം 9 ന് ലഘ്നത്തിലേക്ക് ശനി മാറും) കണ്ടകശനിയും ആരംഭിക്കും. അതാണ് ജാമ്യം ലഭിക്കാൻ ഒരു കാരണമായതും.

മിഥുനരാശിയിൽ തിരുവാതിര നക്ഷത്രത്തിലാണ് കാവ്യമാധവന്റെ ജനനം. തുലാം 9 ന് തന്നെയാണ് കാവ്യയുടെ ജാതകത്തിലും കണ്ടകശനി ആരംഭിക്കുന്നത്. സമാനമായ ജാതകനിലയാണ് ഇരുവർക്കുമുള്ളതെന്നതും ശ്രദ്ധേയമാണ്. മാർച്ച് മാസത്തിന് ശേഷമുള്ള രണ്ട് വർഷം കാരാഗൃഹ വാസം അടക്കം അനുഭവിക്കാൻ ദിലീപിന്റെ ജാതകവശാൽ യോഗമുണ്ട്. കാവ്യയ്ക്കും സമാനമായ യോഗമാണ് ഈ കാലങ്ങളിൽ ഉണ്ടാവുക.

താമസിക്കുന്ന വീടിന് വാസ്തു സംബന്ധമായ ദോഷങ്ങളുണ്ട്. പ്ലാനിൽ വളരെ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ വാസ്തു ദോഷം മാറ്റിയെടുക്കാം. അച്ഛന്റെ തറവാടുമായി ബന്ധപ്പെട്ട ദോഷങ്ങളും ദിലീപിനെ വേട്ടയാടുന്നു. ഇത് ദിലീപുമായി സംബന്ധിക്കുന്ന എല്ലാവരേയും ഈ ദോഷങ്ങൾ ബാധിക്കുന്നു. കാവ്യ മാധവനും സമാനമായ വാക് ശാപ ദോഷങ്ങളുണ്ട്.

ശനിപ്പിഴയ്ക്ക് ശേഷം വ്യാഴദശ തുടങ്ങുന്ന സമയം ഇരുവർക്കും അനുകൂലമായി വരുന്ന സമയമാണ് (രണ്ടര വർഷത്തിന് ശേഷം). അടുത്ത സുഹൃത്തുക്കളെന്ന് ദിലീപ് കരുതുന്ന സിനിമ രംഗത്തെ ആളുകളിൽ നിന്ന് ചതിയിൽ പെടാനുള്ള സാധ്യതയുണ്ട്. ഇവരിൽ നിന്നാണ് ശത്രുദോഷത്തിനുള്ള ഏറിയ സാധ്യതയും.

ദേവീ അനുഗ്രഹം കുടുംബത്തിൽ വർദ്ധിപ്പിക്കുകമാത്രമാണ് ഏക പരിഹാരം. ശിവക്ഷേത്രങ്ങളിൽ പോകുന്നതും ഉചിതമാണ്. ദിലീപുമായി ബന്ധപ്പെട്ട് വളരെ വ്യക്തിപരമായ ചില കാര്യങ്ങൾ കൂടിയുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച് ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് പറയാൻ സാധിക്കില്ലെന്നും കർണ്ണാടകയിലും വടക്കൻ മലബാറിലും പ്രശസ്തനായ ജ്യോതിഷി ഷൈജു എം ഗോപാലകൃഷ്ണൻ (ഷൈജു എംകെ) പറഞ്ഞു.