നനം മുതൽ മരണം വരെയുള്ള കാലയളവിൽ ഒരിക്കലെങ്കിലും ജ്യോതിഷവുമായി ബന്ധപ്പെടാത്തവരുണ്ടാകില്ല. ജീവിതത്തിലെ നിർണ്ണായ ഘട്ടമായ വിവാഹ വേളയിലാകും ജ്യോതിഷത്തിന് ഏറ്റവും പ്രധാന്യം നൽകുക. ദാമ്പത്യത്തിലെ പൊരുത്തവും പൊരുത്തക്കേടുകളും ജ്യോതിഷം തമ്മിൽ എത്രത്തോളം ബന്ധമുണ്ട്? ജ്യോതിഷം ശാസ്ത്രീയമാണോ? ഇത്തരം സംശയങ്ങൾക്ക് പ്രമുഖ ജ്യോതിഷി ലീജ മറുനാടൻ മലയാളിയോട് മറുപടി നൽകുന്നു.

സാമ്പത്തികപരമായും വിദ്യാഭ്യാസപരമായുമൊക്കെ തുല്യതയുള്ള ദമ്പതിമാർക്കിടയിലും മാനസികമായ പല കാര്യങ്ങളിലും പൊരുത്തക്കേടുകൾ കാണുവാൻ സാധിക്കും. പരസ്പരം പൊരുത്തപ്പെട്ടു പോകാൻ ശ്രമിക്കുകയും ഇല്ല. മനപ്പൊരുത്തത്തിന് ദാമ്പത്യത്തിൽ പ്രഥമസ്ഥാനമാണുള്ളത്. അതുവളർത്തിയെടുക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. പല വിവാഹങ്ങളും വളരെ പ്രാക്ടിക്കൽ ആയി തെരഞ്ഞെടുക്കുന്നത് കാണാം. പക്ഷേ, 'മനോനുകുലേ പ്രഥമം പ്രശസ്തംന' എന്നാണ് പ്രമാണം. അതായത് മനസ്സിന് ചർച്ച തോന്നുന്ന പക്ഷം, മറ്റെന്തെല്ലാം കുറവുകൾ ഉണ്ടെങ്കിൽ പോലും ആ ദമ്പതിമാർ തമ്മിൽ പരസ്പര ഐക്യത്തോടെ ജീവിക്കുന്നത് കാണാം.

'ദാമ്പത്യോ അനേ്യാന്യം സക്തി ശുഭദാ
വിശേഷതാ: പ്രോക്താ പാണീഗ്രമാണാം നൃത്ത
മത്യർത്ഥം ചിന്തനീയം ....സ്യാൽ'

'യസ്യ മന: സമാസക്തം തമേവ വിവഹേൽ
ബുധ: സർവ്വാനു ഗുണഭാഗേപി
മനോനു ഗുണാധിക'

വിവാഹപ്പൊരുത്തങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ പൊരുത്തമാണ് മനപൊരുത്തം. വംശത്തിന്റെ നിലനിൽപ്പു തന്നെ വിവാഹം എന്ന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു പുരുഷന് യഥാർത്ഥമായ മാനസ്സിക അടുപ്പവും താത്പര്യവും സ്ത്രീയോട് തോന്നുകയും തിരിച്ച് സ്ത്രീക്കും അപ്രകാരം തോന്നുന്ന പക്ഷം ആ സ്ത്രീയെ തന്നെ വിവാഹം ചെയ്യേണ്ടതാണ്.

ഇപ്രകാരം നല്ല മാനസിക ചേർച്ച തോന്നുന്ന യുവതീയുവാക്കളെ മതത്തിന്റേയോ സമ്പത്തിന്റെയോ പേരിൽ മാറ്റിനിർത്തുന്നത് ഉചിതമല്ല. ശക്തമായ മാനസിക ആകർഷണം തോന്നുന്ന ജാതകങ്ങളിൽ രണ-രണീഭാവം എന്ന പൊരുത്തം കാണുവാൻ കഴിയും. ഇത് മുൻ ജന്മബന്ധത്തെ സൂചിപ്പിക്കുന്നു. വിവാഹബന്ധം മരണാനന്തരം പിൻതുടരുന്ന ഒരു ബന്ധമായതിനാൽ ദമ്പതിമാർക്കിടയിൽ മാനസിക ഐക്യം ഉണ്ടാവേണ്ടത് ആത്മാക്കൾ പരസ്പരം വേർപെട്ട് പോകാതിരിക്കാൻ സഹായിക്കും. അതിനാൽ അനേ്യാന്യം അനുരാഗം വളരെ അത്യാവശ്യമാകുന്നു.

  • വിവാഹത്തിൽ പൊരുത്തം നോക്കുന്നതിന്റെ ആവശ്യകത എന്താണ്?

പുരുഷന്റെയും സ്ത്രീയുടെയും ജാതകത്തിലെ ഗ്രഹസ്ഥിതികൾക്ക് സാമ്യത കാണുകയും ഒരു ജാതകത്തിലെ ന്യൂനത പരിഹാരം മറ്റെയാളുടെ ജാതകത്തിൽ ഉണ്ടായിരിക്കുകയും ചെയ്യുന്ന പക്ഷം സമ്പദ്‌സമൃദ്ധിയോടും സന്താന സൗഭാഗ്യത്തോടും സന്തോഷമായി ജീവിക്കാൻ കഴിയും.

  • പൊരുത്തം നോക്കി വിവാഹിതരായിട്ട് പല ദാമ്പത്യങ്ങളും തകരുന്നതെന്തുകൊണ്ടാണ്?

വിവാഹപ്പൊരുത്തം ശരിയാകണമെങ്കിൽ വധുവിന്റെയും വരന്റേയും ജനനസമയം കൃത്യമായിരിക്കണം. ജനനസമയം കൃത്യമല്ലെങ്കിൽ ജാതകങ്ങൾ തെറ്റായി ഗണിക്കപ്പെടും. പാപസാമ്യം, ചൊവ്വാദോഷം, ദശാസന്ധി, സന്താനഭാവം ഇതൊക്കെ നന്നായി വിശകലനം ചെയ്തുവേണം രണ്ട് ജാതകങ്ങളെ തമ്മിൽ ചേർക്കാൻ. ഉദാഹരണം ജനനസമയം പറയുമ്പോൾ രാത്രി ഒരു മണിയാണെങ്കിൽ പിഎം എന്നു പറഞ്ഞാൽ ഒരു ജ്യോത്സ്യന് അപ്രകാരമല്ലെ ജാതകം കുറിക്കാൻ കഴിയൂ.

ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 11.59 വരെ പിഎം എന്നു തന്നെ വ്യക്തമായി പറയണം. അതുപോലെ രാത്രി 12 മുതൽ പകൽ 11.59 വരെ എഎം ആയിരിക്കും. സമയം മാറുമ്പോൾ ജാതകത്തിന്റെ ലഗ്നത്തിന്റെ സ്ഥിതിയിലും കാര്യമായ മാറ്റം സംഭവിക്കും. അതിനാൽ സമയം തീയതി വർഷം ഇവ കൃത്യമായി തന്നെ വേണം. നൂറ് ശതമാനം കൃത്യമായി ഗണിച്ച് പൊരുത്തം നോക്കി ചേർത്താൽ ആ ദമ്പതിമാരുടെ വിവാഹ ജീവിതം പൂർണ്ണമായും വിജയപ്രദമായിരിക്കും. അതിൽ യാതൊരു സംശയവുമില്ല.

  • ജ്യോതിഷം ശരിക്കും ശാസ്ത്രീയമാണോ?

അതെ. തീർച്ചയായും ഭൂമി ഗോളാകൃതിയാണെന്നും ഗോളാകൃതിയായ ഭൂമി 24 ഡിഗ്രി ആങ്കിളിൽ ചരിഞ്ഞ് സ്ഥിതിചെയ്യുന്നതെന്നും ഏകദേശം 2500 വർഷങ്ങൾക്ക് മുമ്പ് തന്നെ ഭാരതത്തിലെ പൗരാണിക ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്. ഈ കണക്കുകളുടെ കൃത്യമായ അനുപാതത്തിലാണ് ജ്യോതിഷത്തിലെ എല്ലാ കണക്കുകൂട്ടലുകളും നടത്തിയിരിക്കുന്നത്. ഇന്നത്തെ കണക്ക്പ്രകാരം 23 ഡിഗ്രി 56 മിനിട്ട് ചരിഞ്ഞാണ് ഭൂമി കറങ്ങുന്നത്. ഇതുപ്രകാരം കറങ്ങുന്ന ഭൂമിയുടെ നോഡുകൾ ചേരുന്ന സ്ഥലത്ത് ഒരു ആങ്കിൾ ഉള്ളതുകൊണ്ട് തമ്മിൽ മുട്ടുന്ന പോയിന്റുകൾ ഉണ്ട്. ഈ പോയിന്റുകളാണ് രാഹുവും കേതുവും.

ഭൂമിയുടെ സ്ഥിതിക്കും വികാസ പരിണാമത്തിനും കാരണമായ ഗ്രഹം സൂര്യനാണ്. സൂര്യൻ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് കടക്കുന്നതിന് 30 ദിവസം വേണം. ഇങ്ങനെ ഗ്രഹചക്രവിഭാഗങ്ങളെ ക്രമമായി കടന്ന് 365 കാൽ ദിവസം കൊണ്ട് ഗതി പൂർത്തിയാക്കുന്ന ഭൂമി 24 മണിക്കൂർ കൊണ്ട് അതിന്റെ അച്യുതണ്ടിന്മേൽ ഒരു പ്രാവശ്യം കറങ്ങുന്നു. ഇതേ സമയം രാശി ചക്രത്തിലെ പന്ത്രണ്ട് സമകോണുകളായ മേടം മുതൽ മീനം വരെയുള്ള 12 രാശികൾ ഭൂഗോളത്തിന് മീതെ യഥാക്രമം കടന്ന് പോകുന്നു. സൂര്യൻ ഉപരിഭാഗത്ത് കൂടെ കിഴക്കോട്ട് സഞ്ചരിച്ച് ഒരു രാശി കാക്കുന്നത് വരെ 30 പ്രാവശ്യം കറങ്ങുന്നു. ആ ക്രമം അനുസരിച്ച് 30 ഉദയവും അസ്തമയവും ഉണ്ടാകുന്നു. 30 ദിവസം സൂര്യൻ മേടരാശിയിൽ സ്ഥിതിചെയ്യുമ്പോൾ മേടമാസമെന്നും ഇടവത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇടവമാസമെന്നും ക്രമേണ മലയാള മാസങ്ങളെ കണക്കാക്കുന്നു. ഭൂമിയോടടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ചന്ദ്രന് ഒരു രാശി കടക്കാൻ രണ്ടേകാൽ ദിവസം മതി.

ഒരു കുട്ടി ജനിക്കുന്ന നിമിഷത്തിൽ ഉദിച്ചു നിൽക്കുന്ന രാശി ഏതാണെന്നും സൂര്യാദി നവഗ്രഹങ്ങൾ രാശിചക്രത്തിന്റെ ഏതെല്ലാം രാശികളിലാണ് അപ്പോൾ സ്ഥിതി ചെയ്യുന്നതെന്നും കണ്ടുപിടിച്ച് രേഖപ്പെടുത്തുന്നതിനെ ജാതകം എന്നു പറയുന്നു. ആകാശത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളുടെ സൂക്ഷ്മശക്തി ഭൂമിയിലെ സർവ്വ ചരാചരങ്ങളേയും ബാധിച്ചുകൊണ്ടിരിക്കുന്നു.

  • സന്താനഭാഗ്യം ജാതകത്തിൽ എങ്ങനെയാണ് അറിയുവാൻ കഴിയുക?

ജാതകത്തിലെ അഞ്ചാം ഭാവമാണ് സന്താനഭാവം. സ്ത്രീ ജാതകത്തിൽ ഒൻപതാം ഭാവവുമ കൂടി കണക്കിലെടുക്കും. ദമ്പതികളിൽ ഒരാളുടെ ജാതകത്തിൽ സന്താന സൗഭാഗ്യം കുറവുകാണുന്ന പക്ഷം മറ്റെയാളുടെ ജാതകത്തിൽ ഇതിന് പരിഹാരമായി സന്താനപുഷ്ടി തീർച്ചയായും ഉള്ള ജാതകമായി ചേർക്കണം. വിവാഹ പൊരുത്തം നോക്കുമ്പോൾ ഇതും പ്രത്യേകമായി നോക്കുന്നത് ഭാവിയിൽ സന്താനദുഖം ഒഴിവാക്കും.

  • പ്രേമവിവാഹം ജ്യോതിഷം എങ്ങനെ വിലയിരുത്തുന്നു?

ജ്യോതിഷം ഒരിക്കലും പ്രേമവിവാഹത്തിന് എതിരല്ല. യഥാർത്ഥ പ്രേമമാണെങ്കിൽ അവിടെ മനപൊരുത്തം തീർച്ചയായും കാണും.

  • മനുഷ്യ നന്മയ്ക്കായി ഈ ശാസ്ത്രത്തെ എപ്രകാരം പ്രാവർത്തികമാക്കാം?

ജാതകം എന്നു പറയുന്നത് പൂർവ്വ ജന്മം ഗുണദോഷഫലങ്ങൾക്കനുസരിച്ച് മാത്രം ലഭിക്കുന്ന ഫലങ്ങൾ ആണ്. പിന്നെ സമയദോഷങ്ങൾ ഇവയെല്ലാം മുൻകൂട്ടിഅറിയുന്നതിനും പരിഹാരങ്ങൾ പ്രവർത്തിയിലും സ്വഭാവത്തിലും ഒക്കെ മാറ്റം വരുത്തി ഒരു പരിധി വരെ ജീവിതത്തെ മുന്നോട്ട് നയിക്കാൻ തത്ക്കാലം ഇരുട്ടിൽ വസ്തുക്കളെ ദീപം എന്നപോലെ ജ്യോതിഷം വഴികാട്ടിയാകുന്നു.
യാതൊരു പ്രവർത്തിയും ശുഭമുഹൂർത്തത്തിൽ ആരംഭിക്കുന്നത് ആ പ്രവർത്തിയെ വിജയത്തിലെത്തിക്കുന്നതിനും വംശത്തിന്റെ അഭിവയോധികിക്കും സഹായിക്കുന്നു. ശുഭമുഹൂർത്തമെന്നാൽ നവഗ്രഹങ്ങൾ ശുഭസ്ഥാനങ്ങളിൽ സ്ഥിതിചെയ്യുന്ന സമയം. അതുപോലെ തന്നെ പ്രാധാന്യമുള്ളതാണ്.

സദ്‌സന്താനമുഹൂർത്തം. ഒരു പ്രഗത്ഭനായ ജ്യോതിഷയുടെ സഹായത്തോടെ ദമ്പതിമാർക്ക് നല്ല മുഹൂർത്തസമയം കണ്ടെത്തി ഒരു കുഞ്ഞിന് ജന്മം കൊടുക്കാം. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം സ്ത്രീയ്ക്ക് ശുദ്ധിയും ശരീരശുദ്ധിയും (പുണ്യസ്ഥാനങ്ങളിൽ ദമ്പതിമാർ കുളിക്കുക) അനിവാര്യമാണ്. ഇപ്രകാരമുള്ള അനുഷ്ഠാനങ്ങളോടു കൂടി സന്താന പ്രാപ്തിക്കായി ശ്രമിക്കുകയും തത്ഫലമായി ജനിക്കുന്ന കുഞ്ഞ് സമൂഹത്തിന് നന്മ ചെയ്യുന്ന വിധത്തിൽ ശ്രേഷ്ഠ വ്യക്തി ആയിരിക്കുകയും ചെയ്യും. കാരണം നല്ല ആത്മാവിന്റെ പുനർജ്ജന്മമായിരിക്കും അത്.