കുറച്ചു നാളുകൾ മുൻപ്, ഒരു വായനക്കാരൻ ഫേസ്‌ബുക്കിൽ ഒരു ലിങ്ക് അയച്ചു തന്നു. മാഡം കണ്ടോ കല്യാണം താമസിക്കുന്നതിനു പശുവിനെ കല്യാണം കഴിക്കുന്നതാണ് നല്ലത് എന്ന് ഒരു ജോത്സ്യൻ പറഞ്ഞുവത്രേ. മാഡം അങ്ങനത്തെ പരിഹാരങ്ങൾ നിർദ്ദേശിച്ചിട്ടുണ്ടോ. ആ പരിഹാരങ്ങളെക്കുറിച്ച് ദയവു ചെയ്തു പറഞ്ഞു തന്നാലും. ഇത്രയും പറയുക മാത്രമല്ല അദ്ദേഹം സ്‌മൈലികൾ കൊണ്ട് ആർത്തു ചിരിക്കുകയും സ്റ്റിക്കറുകൾ കൊണ്ട് പുച്ഛം വാരി വിതറി ബഹളം ഉണ്ടാക്കുകയും ചെയ്തു.

ആ വീഡിയോ കണ്ട് എനിക്ക് ആ യുവാവിനോട് അനുകമ്പ തോന്നി. തന്റെ ഭാര്യയെയും കൊണ്ട് അദ്ദേഹം നിർവികാരനായി മേഞ്ഞു നടക്കുന്ന കാഴ്ച ദയനീയമായിരുന്നു. മകന്റെ വിവാഹം നടക്കാത്തതിൽ അമ്മമാർ ഇത്ര വികാരാധീനർ ആകുമെന്ന് ഞാൻ അന്നാണ് മനസ്സിലാക്കുന്നത്. എന്റെ ടീൻ എയ്ജ് സമയത്ത്, ഞാൻ കൈനോട്ടം, യുക്തിവാദി സംഘത്തിന്റെ കൂടെയുള്ള ചുറ്റി നടക്കൽ, വിപ്ലവ പുസ്തകങ്ങൾ വായിക്കൽ, ബോളിവിയൻ ഗറില്ലകളുടെ യുദ്ധമുറകളെ കുറിച്ചുള്ള പഠനം എന്നിവയിൽ വ്യാപൃതയായിരുന്നപ്പോൾ അമ്മ എന്റെ നേരെ അലറി, നിന്നെയൊന്നും ഒരുത്തനും കല്യാണം കഴിക്കില്ല, മൂക്കിൽ പല്ല് വന്നു നീ ഇവിടെ തന്നെ നിൽക്കും. എന്റെ കാര്യത്തിൽ അമ്മക്ക് ആ ചിന്താഗതിയായിരുന്നു. മക്കളുടെ വിവാഹം താമസിക്കുന്നു എന്ന് വിലപിക്കുന്ന ഒരു അമ്മമാരെയും ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല എന്നതാണ് സത്യം.

ഈ യുവാവിന്റെ ഏഴാം ഭാവത്തിൽ ഗുളികനും ശുക്രനും നിൽക്കുന്ന കാരണം വിവാഹം താമസിക്കുന്നു എന്ന് ആ യുവാവിനോട് ജ്യോത്സ്യൻ പറഞ്ഞു. വിവാഹം എന്ന കാര്യത്തിന് വേണ്ടി ജോത്സ്യനെ കാണേണ്ട ആവശ്യമുണ്ടോ? അത് നടക്കേണ്ട സമയത്ത് നടക്കേണ്ട രീതിയിൽ നടക്കുകയില്ലേ? ഈ കാലതാമസത്തിന് ആ യുവാവിനെ പാകപ്പെടുത്തിയെടുക്കുക എന്നതല്ലാതെ വേറൊന്നും ചെയ്യാനില്ല. അദ്ദേഹത്തിന് ആ കാലയളവിൽ വേറെന്തൊക്കെ ചെയ്യാൻ കഴിയും. ഉയർന്ന പഠനം ആകാം, നിക്ഷേപങ്ങൾ ആകാം, വേറെ ജോലി നോക്കാം. ഇനി കഴിഞ്ഞ ജന്മത്തിൽ പശുവിനെ കൊന്നിട്ടുണ്ടെങ്കിൽ ഈ ജന്മത്തിൽ ഒരു പശുവിനെ ഭാര്യയാക്കുന്നതിനു പകരം വളർത്തുകയല്ലേ ചെയ്യേണ്ടത്. ഭാര്യക്ക് സന്തോഷവുമാകും. വീട്ടിൽ ഒരു പശു ഉണ്ടെങ്കിൽ ഉള്ള ഗുണങ്ങളെക്കുറിച്ച് നാം സ്‌കൂളിൽ തന്നെ പഠിച്ചിട്ടുള്ളതാണല്ലോ.

കഴിഞ്ഞ ദിവസം ജ്യോതിഷത്തെയും അതിനെ സംബന്ധിച്ചുള്ള വീക്ഷണകോണിനെയും കുറിച്ച് അതിമനോഹരമായ ഒരു ലേഖനം വായിക്കാനിടയായി. സ്വാമി പരമഹംസ യോഗാനന്ദ എഴുതിയ ലേഖനം വളരെ വിജ്ഞാന പ്രദവും, 'ഐ ഓപനർ' എന്ന് വിശേഷിപ്പിക്കാവുന്നതും ആയിരുന്നു. എന്റെ പ്രിയപ്പെട്ട വായനക്കാർക്ക് വേണ്ടി ആ ലേഖനത്തെക്കുറിച്ച് എഴുതിയില്ല എങ്കിൽ നിങ്ങളോട് ഒരു തെറ്റ് ചെയ്യുന്നത് പോലെയാണ്. വേർഡ് ബയ് വേർഡ് തർജ്ജിമ അല്ലെങ്കിലും ആ ലേഖനത്തിന്റെ ഉള്ളടക്കം എന്തെന്നുള്ള ഒരു ആരോഗ്യപരമായ ചിന്തക്ക് ഈ ലേഖനം വഴി തെളിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.

ജ്യോതിഷം എന്ന വിഷയത്തിന്റെ ആഴം കൊണ്ടാണോ എന്നറിയില്ല പലരും അതിനെ അന്ധവിശ്വാസങ്ങളുടെ കൂട്ടത്തിൽ കരുതുന്നു. പലവിധമായ ഭൗതിക സുഖങ്ങളിലേക്കും എളുപ്പത്തിൽ നയിക്കാവുന്ന കുറുക്കു വഴിയായി ഈ വിഷയത്തെ ഭൂരിഭാഗം ആളുകളും കാണുന്നു. അങ്ങനെ നിങ്ങളിലാരെങ്കിലും കരുതുന്നു എങ്കിൽ നിങ്ങളോട് തന്നെ ഉള്ള ഒരു തെറ്റായി തന്നെ കരുതുക. ജ്യോതിഷം, ഗണിതശാസ്ത്ര പ്രകാരവും, തത്വചിന്ത പ്രകാരവും അഗാധമാണ്. അതിനാൽ തന്നെ ഈ വിഷയത്തെ നൂറു ശതമാനം കൃത്യമായി കണക്ക് കൂട്ടാൻ പറ്റുന്നവർ എത്രയുണ്ട് എന്നത് തന്നെ തർക്കവിഷയമായ സംഗതി ആണ്. പ്രാചീന കാലത്ത്, ജ്യോതിഷത്തെ ആത്മീയമായ പുരോഗതിക്കാണ് ഉപയോഗിച്ചിരുന്നത്. അന്ന് ഭൗതികവും, ലൗകികവുമയ സുഖങ്ങൾ ലഭിക്കാൻ ജ്യോതിഷത്തെ ഉപയോഗിച്ചിരുന്നത് ഹീന പ്രവർത്തിയായി കണ്ടിരുന്നു.

ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ശക്തി മനുഷ്യരെ സ്വാധീനിക്കുന്നത് എങ്ങനെയാണെന്നതാണ് ജ്യോതിഷം വിശദീകരിക്കുന്നത്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഒന്നിനോടൊന്നു ബന്ധപ്പെട്ടിരിക്കുന്നു. അവ പരസ്പരം സ്വാധീനിക്കുന്നു. നാം ഏതു പരിതസ്ഥിതിയിൽ കഴിഞ്ഞാലും പ്രപഞ്ചത്തിലെ ശക്തികൾ നമ്മെ ഏതൊക്കെയോ വിധത്തിൽ സ്വാധീനിക്കുന്നു. ഈ ശക്തിയെ മനസ്സിലാക്കി നമ്മിലെ ആത്മാവിനെ നയിക്കുക എന്ന ഒരേ ഒരു ലക്ഷ്യമാണ് ജ്യോതിഷത്തിനുള്ളത്.

മനുഷ്യരും നക്ഷത്രങ്ങളും തമ്മിലുള്ള ബന്ധം വളരെ ഉദാത്തമാണ്. എന്നാൽ, ശക്തവും ശുദ്ധവുമായ മനസ് ഉള്ളവനെ സ്വാധീനിക്കാൻ ഒരു ശക്തിക്കും സാധ്യമല്ല. മനസിന്റെ പരിശുദ്ധിയും, ശക്തിയും നശിപ്പിക്കുവാൻ നമ്മുടെ കർമ്മഫലം തന്നെയാകുന്നു കാരണം. അങ്ങനെ മനസിന്റെ പരിശുദ്ധിയും ശക്തിയും നശിച്ചവനേ നക്ഷത്രങ്ങളെ ഭയപ്പെടേണ്ട ആവശ്യകതയുള്ളൂ. നമ്മുടെ കർമ്മം എന്താണോ അത് ചെയ്യുക. ഭൂതകാലത്തെ കർമ്മത്തിനു നാം ഭാവിയിൽ കണക്കു നൽകേണ്ടി വരും എന്നത് ആരും സമ്മതിക്കുന്ന കാര്യമാണല്ലോ.

നക്ഷത്രങ്ങളും ഗ്രഹങ്ങളും അവയ്ക്ക് നിശ്ചയിക്കപ്പെട്ട വഴിയിലൂടെ സഞ്ചരിക്കുന്നു. അവയെ ഒരു കാരണവശാലും ഗതി മാറ്റി നീക്കാൻ കഴിയുന്നതല്ല. അവ ദൈവം അവയ്ക്ക് നിശ്ചയിച്ച പാതയിലൂടെ അനാദികാലം മുതൽക്കു സഞ്ചരിക്കുന്നു. കേവലനായ മനുഷ്യന്റെ
പ്രാർത്ഥനകളാൽ അവയെ പ്രീതിപ്പെടുത്തുമെന്നു വിചാരിക്കുന്നത് തന്നെ നടക്കാത്ത കാര്യമാണല്ലോ.

ഒരു കുഞ്ഞു ജനിക്കുമ്പോൾ ഉണ്ടാകുന്ന പ്ലാനിട്ടറി അലൈന്മെന്റ്‌റ് തരുന്ന സൂചനകൾ ഒരിക്കലും ആ കുഞ്ഞിന്റെ വിധിയല്ല. ആ കുഞ്ഞിന്റെ ജീവിതം ഏതു ദിശയിലേക്ക് നീങ്ങാം എന്നതിന്റെ സൂചന മാത്രമാണ്. അത് അവസാന വാക്കല്ല. വിശ്വസ്തയാലും പ്രാർത്ഥനയാലും കഠിന ശ്രമത്താലും മാറ്റുവാൻ കഴിയാത്ത ചുരുക്കം ചില സംഗതികളേ നമ്മുടെ ജീവിതത്തിൽ ഉള്ളൂ. നമ്മുടെ ആത്മാവിൽ നിറഞ്ഞു നിൽക്കുന്നത് ദൈവിക സാന്നിധ്യമാണ്. അതിനു മുൻപിൽ തടസ്സമായി നിൽക്കാൻ യാതൊന്നിനും കഴിയുകയില്ല എന്ന് നൂറു ശതമാനം നമുക്ക് വിശ്വസിക്കാം.

ഭൂരിപക്ഷം ആളുകളും ജ്യോതിഷത്തെ നോക്കുന്നത് പരിഹാര മാർഗ്ഗമായാണ്. ആ വീക്ഷണ കോൺ ആണ് ആദ്യം മാറേണ്ടത്. നമ്മുടെ ആത്മാവിന്റെ വിളി കേൾക്കുന്നതിന് പകരം ഗ്രഹനില നോക്കിയിട്ട് എന്ത് കാര്യം. എന്തിനും ഏതിനും ജ്യോതിഷത്തെ ആശ്രയിക്കുന്നവനിൽ ദൈവ വിളി യാതൊരു മാറ്റവും ഉണ്ടാക്കുകയില്ലല്ലോ. നമ്മുടെ ജീവിതത്തെക്കുറിച്ച് ഒരു ചെറിയ ധാരണ അത് മാത്രമേ ജ്യോതിഷത്തിനു നൽകുവാൻ കഴിയൂ.

ഗ്രഹങ്ങൾ എനിക്ക് വിരോധമായി നിൽക്കുന്നു. അതിനാൽ ഞാൻ നിസ്സഹായനാണ് എന്ന ആലോചനയാണ് മാറേണ്ടത്. വിശ്വാസത്താൽ മലകളെ മാറ്റി മറിക്കുവാൻ കഴിയും എന്ന് മറക്കരുത്. നമ്മുടെ ഭാഗധേയം നാം തന്നെ തയ്യാറാക്കുക.

നേരത്തെ എഴുതിയത് പോലെ ശുദ്ധവും, ശക്തവുമായ മനസ്സും പ്രാർത്ഥന നിറഞ്ഞ ഹൃദയവും ഉണ്ടെങ്കിൽ വേറെ യാതൊന്നും ജീവിത യാത്രയിൽ നമുക്ക് ആവശ്യമില്ല എന്നുറപ്പിക്കാം. എനിക്ക് കരിയർ കൗൺസലിങ്ങിനു ജ്യോതിഷം ഉപയോഗിക്കുന്നതാണ് ഇഷ്ടം. ടീൻ അസ്‌ട്രോളജിയിലും സ്‌പെഷ്യലൈയ്‌സ് ചെയ്യണം എന്ന ആഗ്രഹമുണ്ട്. പ്രേമിക്കുന്ന ആളെ വിവാഹം കഴിക്കുമോ, അടുത്ത വീട്ടിലെ സ്ത്രീയെ/പുരുഷനെ എങ്ങനെ ഉപയോഗിക്കാം, ഒളിഞ്ഞിരിക്കുന്ന നിധി എവിടെയാണ്, മഞ്ഞ നിറമാണോ നീല നിറമാണോ നല്ലത്, മാണിക്യം ധരിക്കണോ, പിത്തള ധരിക്കണോ എന്നിവയിലൊന്നും താൽപര്യമില്ല.

ഇന്ത്യയിലെ പ്രശസ്തനായ ഒരു അസ്‌ട്രോളജറിനോട് ഈയിടെ സംസാരിക്കുവാൻ അവസരം ലഭിച്ചു. അദ്ദേഹം ഒരു അനുഭവം പങ്കു വെക്കുകയുണ്ടായി. ഒരുവൻ 25 ജ്യോത്സ്യന്മാരോട് ഒരേ ചോദ്യം ചോദിച്ചു . അയാൾക്ക് 25 വ്യത്യസ്ത മറുപടികളാണ് ലഭിച്ചത്. അയാൾ കൺഫ്യുസ്ഡായി എന്ന് പറയേണ്ടതില്ലല്ലോ. ഇത് കേട്ട് ഞാൻ ഒരേ ചോദ്യം ഒരു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ഈ ഗ്രൂപ്പിലെ ആളുകളാരും ജ്യോത്സ്യന്മാരല്ല. അവരിൽ ഗോസ്റ്റ് ഹണ്ടേഴ്‌സ്, ആത്മാവുകളെ നേരിട്ട് കാണുന്നവർ, പൂക്കളുടെ സുഗന്ധം നോക്കി ഫലം പറയുന്നവർ, എന്നിങ്ങനെ വിചിത്രമായ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നവർ. ഞാൻ ചോദിച്ച ചോദ്യത്തിന് അവരും അവരുടെതായ ഉത്തരമാണ് തന്നത്. അതിൽ ഒരു വ്യക്തി എന്നോട് രഹസ്യമായി പറഞ്ഞു, എന്റെ അടുത്ത ...... എന്ന് ഞാൻ പേരിട്ടു വിളിക്കുന്ന ഒരു പ്രേതം ഉണ്ട്. നിനക്ക് ആവശ്യം ഉണ്ടെങ്കിൽ ഞാൻ നിനക്ക് വേണ്ടി അവരെ വിട്ടു തരാൻ തയ്യാറാണ്. സ്‌പെയ്‌നിൽ നിന്നുള്ള ആ വ്യക്തി അടുത്ത ഗോസ്റ്റ് ഹണ്ടിങ് എക്‌സ്പഡീഷന് എന്നെ ക്ഷണിക്കുകയും ചെയ്തു.

ഓരോ വ്യക്തിക്കും അവരുടെതായ വീക്ഷണ കോൺ അതിൽ നാം കൺഫ്യൂസ്ഡ് ആകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ മിസ്ടിക്കൽ ലോകത്തേക്ക് വരും മുൻപ് അത് വേണോ എന്ന് തന്നെ ആദ്യം ആലോചിക്കുക. ഇനി വേണമെങ്കിൽ അതിലെ നല്ല
വശങ്ങൾ മാത്രം സ്വീകരിക്കുക. സാധ്യതകളെ തിരിച്ചറിഞ്ഞു മുന്നോട്ട് പോകുക. സംഭവിക്കാനുള്ളത് എന്നായാലും അതിനെ മാറ്റുവാൻ നാം ആരുമല്ല എന്ന് അറിയുന്നതാണ് വിവേകം. അതിനെ ഫെയ്‌സ് ചെയ്യുക അത്ര മാത്രമേ നമുക്ക് ചെയ്യുവാൻ കഴിയൂ. ശുദ്ധവും, ശക്തവുമായ മനസ്സും പ്രാർത്ഥന നിറഞ്ഞ ഹൃദയവും മാത്രമാണ് നമുക്ക് വേണ്ടത്. പിന്നെ ഗ്രഹങ്ങൾ തരുന്ന സൂചനകൾ അത് വേണമെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ അർഹിക്കുന്ന പുച്ഛത്തോടെ വേണ്ട എന്ന് വെക്കാം.

ഏരീസ് മാർച്ച് 21 ഏപ്രിൽ 19 

രഹസ്യമോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെശേഴ്‌സ്, നിഗൂഡത, ഒറ്റപ്പെടൽ, ദൂരദേശ വാസം എന്ന പന്ത്രണ്ടാം ഭാവത്തിലേക്ക് ചൊവ്വ ഈ ആഴ്ച എത്തും. നിഗൂഢമായ വിഷയങ്ങളെ കണ്ടെത്തുവാൻ തീവ്രമായി ആഗ്രഹിക്കുകയും, ഏകനായി നിന്ന് കൊണ്ട് കാര്യങ്ങളെ മനസിലാക്കുകയും ചെയ്യും. ചൊവ്വ രഹസ്യമയമായ ഈ ഭാവത്തിൽ നിൽക്കുമ്പോൾ ഭൗതികമായ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ട, മറിച്ചു സ്വന്തം മനസ്സിനോടുള്ള ഏറ്റുമുട്ടലുകളാണ് പ്രതീക്ഷിക്കേണ്ടത്. വികാരഭരിതരായി മാറുന്ന കുറെ നാളുകൾ ആണ് മുൻപിൽ. വിവേകത്തെ മറച്ചു മുന്നോട്ട് കുതിക്കാൻ മനസ് നമ്മെ പ്രേരിപ്പിച്ചേക്കാം. ആ പ്രലോഭനത്തെ അടക്കി നിർത്താൻ ആവശ്യമായ ശക്തി, പ്രാർത്ഥന, ധ്യാനം എന്നിവയിലൂടെ നേടിയെടുക്കുക. ഈ പ്രലോഭനങ്ങൾ വെറും അൽപ സമയത്തേക്ക് മാത്രം എന്ന് കരുതുക. അവയെ തിരിച്ചറിയാനും, സ്വയം മനസ്സിലാക്കാനും യോജിച്ച സമയമാണെന്ന് മനസ്സിലാക്കി, നമ്മെത്തന്നെ കൂടുതൽ അറിയുക.

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, എന്ന പത്താം ഭാവത്തിൽ, സൂര്യൻ ഈ ആഴ്ച കൂടി നിൽക്കുന്നതാണ്. മാതാപിതാക്കൾ, തന്റെ മേൽ അധികാരം ഉള്ളവർ എന്നിവരോടുള്ള ആശയ വിനിമയം, ഇവരോടെല്ലാം നയപരമായ ഇടപെടലുകൾ എന്നിവ പ്രതീക്ഷിക്കാം. വിതയ്ക്കുന്ന വിത്തുകൾക്ക് തക്കതായ ഫലം കൊയ്യും. ജോലി സംബന്ധമായ കൂടുതൽ ആശയ വിനിമയങ്ങൾ, ലക്ഷ്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം, ലോങ്ങ്‌ടേം അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ, എന്നിവ പ്രതീക്ഷിക്കാം.

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, മോഹങ്ങൾ, ലാഭങ്ങൾ, പ്രതീക്ഷകൾ, എന്ന പതിനൊന്നാം ഭാവത്തിൽ ശുക്രനും ബുധനും നിൽക്കുന്നു. ഈ രണ്ടു ഗ്രഹങ്ങളും നിങ്ങളിൽ ഉള്ള സന്തോഷത്തേയും, ഉത്സാഹത്തെയും, സരസഭാവത്തേയും പ്രതിഫലിപ്പിക്കാം. ആഴത്തിലുള്ള ചിന്തകൾ അവയിൽ നിന്നുള്ള പ്രവർത്തികൾ, എന്നിവ കൂട്ടായ പ്രവർത്തനങ്ങളിൽ നിന്ന് പ്രതീക്ഷിക്കാം. ആ സമയത്ത് നാം പന്ത്രണ്ടാം ഭാവത്തിൽ വികാരഭരിതനായി നിൽക്കുന്ന ചൊവ്വയെ മറക്കാൻ പാടില്ല. ഈ മൂന്നു ഭാവങ്ങളിലെ വിഷയങ്ങൾ കൂട്ടിവായിച്ചു വരുന്ന ദിവസങ്ങളിൽ മുന്നോട്ട് പോകുക. സദ് ഫലങ്ങൾ കൊയ്യാൻ പാകമായ വിത്തുകൾ വിതയ്ക്കുക.

ടോറസ് ഏപ്രിൽ 20 മെയ് 20

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, മോഹങ്ങൾ, ലാഭങ്ങൾ, പ്രതീക്ഷകൾ, എന്ന പതിനൊന്നാം ഭാവത്തിലേക്ക് ഈ ആഴ്ച ചൊവ്വ എത്തും. ഈ ഭാവത്തിൽ കുറെ നാളുകൾ നിൽക്കുകയും ചെയ്യും. പുതിയ സുഹൃദ് ബന്ധങ്ങൾ. ഈ അവസരം ഏകാന്തനായി നിൽക്കാമെന്ന് പ്രതീക്ഷിക്കേണ്ട, മോഹങ്ങളെയും, പ്രതീക്ഷകളെയും മാത്രം മുന്നിൽ കാണും. അവയ്ക്കുള്ള അടിത്തറ ഇടും. ലോങ്ങ്‌ടേം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ. പഴയ ചില സുഹൃത്തുക്കൾ ജീവിതത്തിൽ നിന്ന് പുറത്താക്കുകയും, പുതിയ ആളുകളെ കൂടെ കൂട്ടുകയും ചെയ്യും. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഈ അവസരത്തിൽ പ്രതീക്ഷിക്കാം.

സമാന മനസ്‌ക്കരോട് കൂടെയുള്ള പ്രോജക്ടുകൾ, ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, എന്ന പത്താം ഭാവത്തിൽ, ബുധൻ, ശുക്രൻ എന്നിവ നിൽക്കുന്നു. ഈ ഭാവത്തിലെ വിഷയങ്ങളിൽ മൂന്നാം ആഴ്ച മുതൽ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. കാരണം മൂന്നാം ആഴ്ച ബുധൻ രിട്രോഗ്രെയ്ദ് എന്ന അവസ്ഥയിലേക്ക് നീങ്ങും. ആ സമയം ആശയ വിനിമയങ്ങളിൽ നാം പ്രതീക്ഷിക്കുന്നത് പോലെയുള്ള അവസ്ഥ നേരിടണം എന്നില്ല. പ്രത്യേകിച്ചും ജോലിയിൽ ആശയ വിനിമയങ്ങൾ നേർ ഗതിയിൽ നീങ്ങാനുള്ള തടസം അൽപ്പനാളേക്ക് അനുഭവപ്പെട്ടേക്കാം. അതിന്റെ ഫലമായി അനുഭവപ്പെടുന്ന തടസ്സം ഇല്ലാതാക്കാനുള്ള നല്ല ശ്രമം വേണ്ടതാണ്. ഈ ആഴ്ച ജോലിയിൽ അനുകൂല കാര്യങ്ങൾ നടക്കേണ്ടതാണ്, എന്ന് വച്ചാൽ തീവ്രമായ കാര്യങ്ങൾ നടക്കും എന്നല്ല. പകരം എന്ത് ചെയ്താലും ഒരു സഹായസ്ഥിതി നില നിൽക്കുന്നതായി തോന്നും. പക്ഷെ അതിന്റെ എഫക്റ്റ് പലർക്കും പലതായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ.

ആത്മീയത, ദൂരയാത്രകൾ, ഉയർന്ന പഠനം, തത്വ ചിന്ത, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ സൂര്യൻ ഈ ആഴ്ച കൂടി നിൽക്കും. കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ അവസ്ഥകൾ ഈ കാര്യങ്ങളിൽ പ്രതീക്ഷിക്കാം. തത്വചിന്ത, ഉയർന്ന പഠനം എന്നിവയിലേക്ക് ഒരു എത്തി നോട്ടം. മേലധികാരികളോടുള്ള സംസാരം, ചെയ്യുന്ന കാര്യങ്ങളിൽ ഉള്ള പൂർണത എന്നിവയാൽ ഈ ആഴ്ചയും മുന്നോട്ട് പോകണം.

ജമിനി മെയ് 21 ജൂൺ 20

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, നിഗൂഡത എന്ന എട്ടാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. ഇവയിൽ ഏതെങ്കിലും വിഷയം രൂപാന്തരത്തിനു വിധേയമാകും. പുരോഗമനം ലക്ഷ്യമാക്കിയുള്ള രൂപാന്തരം ആണ് ലക്ഷ്യം. മൂഡ് സ്വിങ്ങ്‌സ് ഉണ്ടായേക്കാം. അൽപ്പനാളുകൾ കൂടി ധൈര്യവാനായി നിൽക്കണം. നിക്ഷേപങ്ങൾ, ലോൺ, ടാക്‌സ്, ജോയിന്റ് സ്വത്തുക്കൾ എന്നിവയിൽ തീരുമാനങ്ങൾ വന്നേക്കാം. പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ളപഠനം, ഗവേഷണം എന്നിവ നടക്കാം.

ആത്മീയത, ദൂരയാത്രകൾ, ഉയർന്ന പഠനം, തത്വ ചിന്ത, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ ബുധൻ ശുക്രൻ എന്നിവ നിൽക്കുന്നു. ഒൻപതാം ഭാവം ധർമ ചിന്തകളുടെ ഭാവം ആകയാൽ ആത്മീയം, ഫിലോസഫി എന്ന വിഷയങ്ങളിൽ അധിക താൽപര്യം വന്നത് പോലെ പെരുമാറും. ഒരു സത്യാന്വേഷി ഉടലെടുക്കും. എതിർ അനുഭവങ്ങൾ തത്വചിന്ത കൊണ്ട് എതിർക്കാനും, അതേ ചിന്തകൾ കൊണ്ട് സ്വയം പരിപോഷിപ്പിക്കാനും ഉള്ള പ്രകടനം കാഴ്ച വെക്കും. ഈ വിഷയങ്ങളിൽ ഉണ്ടാകുന്ന ആശയ വിനിമയങ്ങൾ, സാധ്യതകൾ, ഇവ അധികമായി കാണാൻ സാധ്യതയില്ല. ചെയ്തു വന്ന കാര്യങ്ങളുടെ തുടർച്ചയെ കർശനമായി നിരീക്ഷിക്കുക. കാരണം അടുത്ത ആഴ്ചയിൽ ആശയവിനിമയങ്ങളുടെ നാഥനായ ബുധൻ ബുധൻ രേട്രോഗ്രെയ്ദ് എന്ന അവസ്ഥയിലേക്ക് സഞ്ചരിക്കുന്നതാണ് പഠനം, പഠിപ്പിക്കൽ, കൂടുതൽ വിദേശ ബന്ധം ഇവ പ്രതീക്ഷിക്കാം.

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, എന്ന പത്താം ഭാവത്തിൽ,ചൊവ്വ നിൽക്കുന്നു. വിജയങ്ങൾക്ക് വേണ്ടി കൂടുതൽ ആഗ്രഹിക്കുന്നു. തന്റെ മേൽ അധികാരം ഉള്ളവരുമായി ഉള്ള വാഗ്വാദം പ്രതീക്ഷിക്കാം. ജോലി പുതിയ ദിശയിലേക്ക്, ആല്ലെങ്കിൽ ജോലിയിൽ പുതിയ നയങ്ങൾ ഇവ പ്രഖ്യാപിക്കാം. അതേ ജോലിയിൽ പുതിയ തീരുമാനങ്ങൾ എടുക്കാൻ യോജിച്ച സമയം ആണെന്ന് കണക്ക് കൂട്ടാം. അധികാരികളുമായുള്ള സംവാദം പ്രതീക്ഷിക്കാം അപ്പോൾ ഒരു കടിഞ്ഞാൺ നാവിന്റെയും മനസിന്റെയും മേൽ ഉണ്ടാവുന്നത് നല്ലതായിരിക്കണം.

കാൻസർ ജൂൺ 21 ജൂലൈ 22

ആത്മീയത, ദൂരയാത്രകൾ, ഉയർന്ന പഠനം, തത്വ ചിന്ത, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ഉയർന്ന പഠനം അല്ലെങ്കിൽ ദൂര യാത്ര എന്നിവ പ്രതീക്ഷിക്കാം. ആവശ്യമില്ലാതെ വാക്ക് തർക്കങ്ങളിൽ വീഴാനുള്ള ആഗ്രഹത്തെ അടക്കണം. അത് ഇപ്പോഴും കൂടെയുണ്ടാകും. വിദേശ ബന്ധം പല തലത്തിൽ പല രീതിയിൽ കൂടെ കാണും. യാത്രകൾ, ദൂരദേശ വാസം, ഉയർന്ന പഠനം അങ്ങനെ ജീവിതത്തെ പുതിയ തലത്തിലേക്ക് എടുത്തുയർത്താൻ പാകത്തിന് ചെയ്യേണ്ട കാര്യങ്ങൾ എന്നിവ സംഭവിക്കാം.

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, നിഗൂഡത എന്ന എട്ടാം ഭാവത്തിൽ ബുധൻ ശുക്രൻ എന്നിവ. രണ്ടാം വ്യക്തിയുടെ നിക്ഷേപങ്ങൾ, കഴിവുകൾ എന്നിവ ഉപയോഗത്തിൽ വരാം. സെക്‌സ്, പുനരുജ്ജീവനം, മറ്റുള്ളവരുടെ കഴിവുകൾ, ധനം എന്നിവയെക്കുറിച്ച് കൂടുതൽ സംസാരം എന്നിവ ഉണ്ടാകാം. ഒറ്റപ്പെട്ട സ്ഥലം, ശാസ്ത്രം എന്നിവയുമായി ബന്ധമുള്ള ആളുകൾ അടുത്തു വരാം. നിക്ഷേപങ്ങൾ, വ്യക്തികളുടെ മാനസിക വ്യാപാരങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗഹന നിരീക്ഷണം എന്നിവ ഉണ്ടാകാം. ഈ ഭാവത്തിലെ വിഷയങ്ങൾ സംസാരത്തിൽ വരുമ്പോൾ അധിക ശ്രദ്ധ ആവശ്യമാണ് കാരണം, ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്ന ബുധൻ അടുത്ത ആഴ്ച മുതൽ രിട്രോഗ്രെയ്ദ

വിവാഹം, ഉടമ്പടികൾ, ബിസിനസ് ബന്ധങ്ങൾ, പാർട്ണർഷിപ്പുകൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. ബന്ധങ്ങൾ പ്രധാനമായും നിങ്ങളുടെ ത്യാഗ മനസ്ഥിതി മേൽ മുന്നോട്ട് നീങ്ങും. ഈ ത്യാഗ മനോഭാവം വിവാഹ ബന്ധത്തിൽ മാത്രമല്ല ഏഴാം ഭാവത്തിലെ എല്ലാ ബന്ധങ്ങളിലും വെളിച്ചം പകരും. ഈ അനുകൂല സ്ഥിതി മുന്നിൽ കണ്ടു കൊണ്ട് പ്രവർത്തിക്കുക.

ലിയോ ജൂലൈ 23 ഓഗസ്റ്റ് 22

സെക്‌സ്, തകർച്ചകൾ, രൂപാന്തരം, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, നിഗൂഡത എന്ന എട്ടാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. മുൻവിധികൾ ഉപേക്ഷിക്കാൻ തയ്യാറാവണം. മറ്റൊരാളുടെ ധനം കൈകാര്യം ചെയ്യേണ്ട അവസ്ഥയിൽ കോപാകുലൻ ആകാൻ സാധ്യതയുണ്ട്. ആ പ്രേരണ കാര്യങ്ങളുടെ പുരോഗതിയെ ബാധിക്കാൻ അനുവദിക്കരുത്. മറ്റുള്ളവരുടെ ധനമാകാം കഴിവുകൾ ആകാം ശ്രദ്ധിച്ചു നിൽക്കുക. നല്ല അവസരം ആകുന്നു.

വിവാഹം, ഉടമ്പടികൾ, ബിസിനസ് ബന്ധങ്ങൾ, പാർട്ണർഷിപ്പുകൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ബുധൻ ശുക്രൻ എന്നിവ നിൽക്കുന്നു. ഈ ഭാവത്തിലുള്ള ആശയ വിനിമയങ്ങളിൽ ശ്രദ്ധ നൽകണം കാരണം, അടുത്ത ആഴ്ച മുതൽ ബുധൻ രിട്രോഗ്രെയ്ദ് എന്ന അവസ്ഥയിൽ ആകും. അപ്പോൾ ആശയ വിനിമയങ്ങൾ വഴി തെറ്റാം. എന്റെ അന്ധ വിശ്വാസം ആണോ എന്നറിയില്ല, ബുധൻ പിന്നോട്ട് കഴിഞ്ഞ വർഷം എന്നൊക്കെ സഞ്ചരിച്ചിട്ടുണ്ടോ എന്നെല്ലാം ഭൂതകാലത്തിൽ നിന്ന് വ്യക്തികൾ പ്രത്യക്ഷപ്പെടുകയും അവരുമായി കയർത്തു സംസാരിക്കേണ്ട അവസ്ഥ ഉണ്ടാകുകയും ചെയ്തു. ജീവിതത്തിന്റെ പ്രധാന ഭാഗമായ ഏഴാം ഭാവത്തിൽ ആശയവിനിമയങ്ങൾ നേരെ തന്നെ ആണോ എന്ന് ഉറപ്പ് വരുത്തണം.

ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. ചെറു പ്രോജക്ടുകളിൽ കൂടുതൽ സമയം ചിലാവാക്കാം അതിൽ സന്തോഷവും, വിജയവും കണ്ടെത്താം. ആരോഗ്യം മെച്ചപ്പെടുത്താനുള്ള നല്ല അവസരമായി കാണണം. ഈ ഭാവത്തിൽ പ്രത്യേകിച്ച് വലിയ ചലനങ്ങൾ പ്രതീക്ഷിക്കേണ്ടതുണ്ടോ എന്ന് കണ്ടറിയണം. പ്രധാനമായും ആശയ വിനിമയത്തെ ശ്രദ്ധിച്ചു മുന്നേറുക.

വിർഗൊ 24 ഓഗസ്റ്റ് 22 സെപ്റ്റംബർ

വിവാഹം, ഉടമ്പടികൾ, ബിസിനസ് ബന്ധങ്ങൾ, പാർട്ണർഷിപ്പുകൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ഈ വിഷയങ്ങളിൽ വരുന്ന വ്യക്തികളിൽ അസാമാന്യമായ സ്വാധീനം ചെലുത്തും. അവരുടെ കൂടെ ചുറ്റി നടക്കും. ബന്ധങ്ങളിൽ ശുദ്ധീകരണം നടക്കാൻ സാധ്യത. പുതിയ ബന്ധങ്ങൾ, അവയിൽ നിന്നുള്ള ഔദാര്യങ്ങൾക്ക് വേണ്ടിയുള്ള ശക്തി പ്രകടനം എന്നിവ. ബന്ധങ്ങളിൽ ബാലൻസിങ് ലക്ഷ്യമാക്കിയുള്ള നീക്കങ്ങൾ, അതും ധൃതി പിടിച്ച നീക്കങ്ങൾ നടത്തും അങ്ങനെ ഒരു ജെയിംസ് ബോണ്ടായി തീരും. ആക്ഷൻ ഹീറോ സ്ത്രീകൾ ചാർളീസ് എയ്‌ഞ്ചെൽസും.

അങ്ങനെ നിലയുറപ്പിക്കുമ്പോൾ ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ, എന്ന ആറാം ഭാവത്തിൽ ബുധനും ശുക്രനും തിരക്ക് വർധിപ്പിക്കും. ഈ വിഷയങ്ങളെക്കുറിച്ചുള്ള ആശയ വിനിമയങ്ങൾ വഴി തെറ്റാതെ നോക്കണം കാരണം അടുത്ത ആഴ്ച ആശയ വിനിമയങ്ങളുടെ നാഥനായ ബുധൻ രിട്രോഗ്രെയ്ദ് അവസ്ഥയിൽ പിന്നോട്ട് നീങ്ങും. ഈ ഭാവത്തിൽ ഭൂതകാലത്ത് നേരിട്ട സംഭവങ്ങൾ അതേപടി ആവർത്തിക്കാൻ സാധ്യതയുണ്ട്. ചെയ്ത ജോലി ഒന്ന് കൂടെ ചെയ്യുക, ആരോഗ്യം ഒന്ന് കൂടി ശ്രദ്ധ നേടുക. ജോലി സ്ഥലത്തെ ആശയ വിനിമയം എന്നിവ പ്രാധാന്യം അർഹിക്കും.

റോമൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ഒഴിവു സമയം, ക്രിെേയറ്റിവിറ്റി എന്ന അഞ്ചാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. ഈ ഭാവത്തിൽ എന്തും പ്രതീക്ഷിക്കാം. കുട്ടികളോട് കൂടെ ഉള്ള നല്ല സമയം, സ്പൗസുമായിട്ടുള്ള പ്രവർത്തികൾ, ഊഹക്കച്ചവടം, ഹോബികൾക്ക് വേണ്ടിയുള്ള സമയം എന്നിവയിൽ ഈ ആഴ്ച കൂടി സൂര്യനെ പോലെ ജ്വലിച്ചു തന്നെ നിൽക്കും.

ലിബ്ര ( സെപ്റ്റംബെർ 22 ഒക്ടോബർ 22)

ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ, എന്ന ആറാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. ജോലിയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള സമയം. പുതിയ നീക്കങ്ങൾ ആവാം. ആരോഗ്യ കാര്യം മെച്ചപ്പെടുത്താനുള്ള കാര്യങ്ങൾ. ഈ കാര്യങ്ങളിൽ എല്ലാം പ്രവർത്തന നിരതർ ആകും എന്നാണ്. ചൊവ്വ ഏതു ഭാവത്തിൽ നിൽക്കുന്നോ ആ ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ ആക്ടിവിറ്റി എന്നാണ് സാരം. ജോലിയിൽ തിരക്കേറും എന്ന് കരുതാം. ജീവിത ശൈലി മെച്ചപ്പെടുത്താം.

റോമൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ഒഴിവു സമയം, ക്രിയെറ്റിവിറ്റി എന്ന അഞ്ചാം ഭാവത്തിൽ ബുധനും ശുക്രനും. പുതിയ റൊമാന്റിക് ബന്ധങ്ങൾ, ജീവിതത്തിൽ കൂടുതൽ നാടകീയത, ഹോബികൾക്കായി കൂടുതൽ സമയം, കുട്ടികളുടെ മേലുള്ള പ്രത്യേക ശ്രദ്ധ എന്നിവ ഈ അവസരം പ്രതീക്ഷിക്കാം. ആശയ വിനിമയം പ്രത്യേകം ശ്രദ്ധ നേടും കാരണം അടുത്ത ആഴ്ച മുതൽ ആശയ വിനിമയങ്ങളുടെ ഗ്രഹം ബുധൻ തന്റെ രേട്രോഗ്രെയ്ദ് അവസ്ഥയിലേക്ക് നീങ്ങും. ഭൂതകാലം നിങ്ങളെത്തേടി എത്തുന്നതോടൊപ്പം ആശയ വിനിമയം കടുത്ത നിരീക്ഷണത്തിന് വിധേയമാക്കാനുള്ള സാദ്ധ്യതകൾ തള്ളിക്കളയരുത്.

കുടുംബം, വീട്, പൂർവികർ, പൂർവിക സ്വത്ത്, മാതാപിതാക്കൾ എന്ന നാലാം ഭാവത്തിൽ സൂര്യൻ. വീടിനോട് അനുബന്ധിച്ച കാര്യങ്ങൾ ശ്രദ്ധയിൽ പെടും. വിൽപ്പന, വാങ്ങൽ, മോടി പിടിപ്പിക്കൽ, ലോങ്ങ്‌ടേം പ്രോജക്ടുകൾ, കുടുംബത്തിന്റെ കൂടെ ഉള്ള സമയം, അങ്ങനെ എന്തെങ്കിലും. അല്ലെങ്കിൽ ഈ കാര്യങ്ങളിലേക്കുള്ള വഴി തെളിയും.

സ്‌കൊർപിയോ ഒക്ടോബർ 23 നവംബർ 21

റോമൻസ്, കുട്ടികൾ, ഊഹക്കച്ചവടം, ഒഴിവു സമയം, ക്രിയെറ്റിവിറ്റി എന്ന അഞ്ചാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. സരസനായി ഈ ആഴ്‌ച്ചയെ കാണും എന്നാണ്. സ്പോർട്സ്, കലാപരിപാടികൾ എന്നിവ പ്രതീക്ഷിക്കാം. പ്രേമബന്ധങ്ങൾ, കുട്ടികളുടെ കൂടെ ഉള്ള സമയം. ഈ അവസരത്തിൽ കുതിച്ചു ചട്ടം പ്രതീക്ഷിക്കാം. പക്ഷെ ശക്തി പ്രകടനം നടത്തുന്നതിന് മുൻപ് രണ്ടാമത് ആലോചന വേണം. സ്വയം വെളിപ്പെടുത്താനും പ്രശംസ ഏറ്റു വാങ്ങാനും ഉള്ള നല്ല സമയം.

കുടുംബം, വീട്, പൂർവികർ, പൂർവിക സ്വത്ത്, മാതാപിതാക്കൾ എന്ന നാലാം ഭാവത്തിൽ ബുധൻ ശുക്രൻ എന്നിവ. വീടിനോട് ബന്ധപ്പെട്ട വ്യക്തികൾ നിങ്ങളിലേക്ക് വരാം. വീടിനു ആവശ്യമായ കാര്യങ്ങൾ ചെയ്യുക, വീടിനെ കൂടുതൽ കരുതുക. അതീവ വികാരപരമായി എല്ലാ അവസരത്തിലും നിൽക്കും.

സഹോദരങ്ങൾ, ടെക്‌നോളജി, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ, എന്ന മൂന്നാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. കൂടുതൽ ആശയങ്ങൾ മറ്റുള്ളവരിലേക്ക് നൽകും എന്നാണ്. ബുദ്ധി വിളങ്ങണം. പുതിയ കാര്യങ്ങൾ പഠിക്കുവാൻ പ്രത്യേക ഉത്സാഹം കാണിക്കും. ചെറു യാത്രകൾ, പ്രതീക്ഷിക്കാം. സോഷ്യൽ സർക്കിൾ, അയൽക്കാർ എന്നിവയിൽ കൂടുതൽ പോപ്പുലർ ആകും എന്നാണ്. പക്ഷെ ഈ ആവസ്ഥയിൽ സംസാരം വളരെ ശ്രദ്ധിക്കണം കാരണം, ആശയ വിനിമയങ്ങളുടെ നാഥൻ ബുധൻ അടുത്ത ആഴ്ച രിട്രോഗ്രെയ്ദ് എന്ന അവസ്ഥയിലേക്ക് നീങ്ങും. ഈ അവസ്ഥയിൽ ആശയ കുഴപ്പങ്ങൾ ഉണ്ടാകും എന്നാണ് അസ്‌ട്രോളജിയിൽ പറയുന്നത്. അപ്പോൾ അത് ശ്രദ്ധിക്കുമല്ലോ.

സജിട്ടരിയാസ് നവംബർ 22 ഡിസംബർ 21

കുടുംബം, വീട്, പൂർവികർ, പൂർവിക സ്വത്ത്, മാതാപിതാക്കൾ എന്ന നാലാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. കുടുംബത്തോട് ഒന്നിച്ചു നിൽക്കും, പക്ഷെ ആ സമയവും അവരോട് വാഗ്വാദം നടത്തും. അവരുടെ നന്മ ആഗ്രഹിക്കുന്നതുകൊണ്ടാകാം, അല്പം പരുക്കനായി മാറി എന്ന് വീട്ടുകാർ അഭിപ്രയപ്പെടും. അവർ ആഗ്രഹിക്കുന്നത് പോലെ നിങ്ങൾ പെരുമാറണം എന്ന ആഗ്രഹം അവരിലും ഈ സമയം അധികമായി കാണും. വീട് വിൽപ്പന, വാങ്ങൽ, മാറ്റം എന്നിവയും നടക്കാം. വീട്ടുകാർ അധികമായി നിങ്ങളിൽ ആശ്രയിക്കുന്നത് അസഹ്യതയോടെ കാണേണ്ട ആവശ്യമുണ്ടോ?

സഹോദരങ്ങൾ, ടെക്‌നോളജി, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ, എന്ന മൂന്നാം ഭാവത്തിൽ ബുധനും ശുക്രനും നിൽക്കുന്നു. ബുധൻ തന്റെ പിന്നോട്ടുള്ള സഞ്ചാരത്തിന് തയ്യാറെടുത്ത് നിൽക്കുകയാൽ ആശയവിനിമയങ്ങൾ ശ്രദ്ധിച്ചു വേണം. കൂടുതൽ പഠനം, ചെറു യാത്രകൾ, എന്നിവ പ്രതീക്ഷിക്കാം. ഒരു പട്ടണത്തിൽ നിന്ന് വേറൊരു പട്ടണത്തിലേക്ക് ഉള്ള യാത്രകൾ നടത്താം. ടെക്‌നോളജി അധികമായി ഉപയോഗിക്കേണ്ടി വന്നേക്കാം. കുറിക്ക് കൊള്ളുന്ന മറുപടികൾ നൽകാം. ഈ വിഷയങ്ങളിൽ സന്തോഷകരമായ അവസ്ഥയാണ് കാണുന്നത്.

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. ധനം ഒരു പ്രധാനവിഷയമാകും. സാമ്പത്തിക ഭദ്രതക്കായി കൂടുതൽ അധ്വാനിക്കാൻ തയ്യാറാകും. പുതിയ ജോലികൾ ഏറ്റെടുക്കുന്നതിനു പകരം, ചെയ്ത ജോലികളെ മെച്ചപ്പെടുത്താൻ യോജിച്ച സമയം. ധനത്തിന്റെ പാഴ്ചെലവ് നിയന്ത്രിക്കാൻ പ്രത്യേക പ്ലാൻ തയ്യാറാക്കും.

കാപ്രികോൺ ഡിസംബർ 22 ജനുവരി 19

സഹോദരങ്ങൾ, ടെക്‌നോളജി, ആശയ വിനിമയം, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയൽക്കാർ, എന്ന മൂന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. തർക്കങ്ങൾ നടത്താം. സഹോദരങ്ങൾ, അയക്കാർ എന്നിവരുമായി കൂടുതൽ സംസാരിക്കും. കൂടുതൽ ആശയ വിനിമയം, ചെറു യാത്രകൾ, ചെറിയ കോഴ്‌സുകൾ എന്നിവ പ്രതീക്ഷിക്കാം. സ്വയം പ്രമോട്ട് ചെയ്യാനുള്ള വഴികൾ തെളിഞ്ഞു വരും. അടുത്ത ചുറ്റുപാടിൽ തിരക്ക് ഉണ്ടാകും. മനസ്സിൽ ആശയങ്ങൾ നിറയുകയും അവയെ പ്രയോഗിക്കാനുള്ള അവസരം ഉണ്ടാവുകയും ചെയ്യും.

ധനം, വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്നിവയിൽ ബുധൻ ചൊവ്വ എന്നിവ നിൽക്കുന്നു. ബുധൻ തന്റെ രേട്രോഗ്രെയ്ദ് എന്ന അവസ്ഥയിൽ അടുത്ത ആഴ്ച നീങ്ങും. ധനകാര്യത്തിൽ ശ്രദ്ധ വേണം, അധിക ചെലവ് സ്വഭാവികമായേക്കാം. സുന്ദരമായ വസ്തുക്കൾക്ക് വേണ്ടി അധികം ചെലവാക്കാം. ബഡ്ജറ്റിങ് നടത്തേണ്ട സമയമാണ്.

നിങ്ങളുടെ ലുക്‌സ്, വ്യക്തിത്വം, വീക്ഷണകോൺ, മനോഭാവം, വിചാര ധാര എന്നിവയിൽ സൂര്യൻ നിൽക്കുന്നു. കൂടുതൽ ആത്മവിശ്വാസം, ജീവിത വീഥിയിൽ പുതിയ കാൽവെയ്‌പ്പുകൾ, സ്വയം വെളിപ്പെടുത്താനുള്ള നല്ല സമയം എന്നിവ ഈ ആഴ്ചയും പ്രതീക്ഷിക്കാം. ശ്രദ്ധിക്കേണ്ടത് രണ്ടാം ഭാവത്തിൽ നിൽക്കുന്ന ബുധനെ ആണ്. ധനം ചെലവാകുന്ന വഴികൾ പ്രതീക്ഷിക്കാതെ എത്തും. രണ്ടാം ഭാവത്തിൽ വളരെ കൺഫ്യൂസ്ഡ്
അവസ്ഥയിൽ എത്തിപ്പെടുന്ന അൽപ്പനാളുകൾ ആണ് മുൻപിൽ. അതിനെതിരെ ജാഗരൂഗരായിരിക്കും.

അഖ്വാരിയസ് ജനുവരി 20 ഫെബ്രുവരി 18

രഹസ്യമോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെശേഴ്‌സ് നിഗൂഡത, ഒറ്റപ്പെടൽ, ദൂരദേശ വാസം എന്ന പന്ത്രണ്ടാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. ഏകാന്തനായി നില നിൽക്കാൻ ആഗ്രഹിക്കും. ഹൃദയ വികാരങ്ങളെ വെളിപ്പെടുത്താൻ മടിക്കും. മനസിലെ ഭാരങ്ങളെ എറിഞ്ഞു കളയാനുള്ള ആഗ്രഹം തീവ്രമായി ഉണ്ടാകും. ഒരു ശുദ്ധീകരണം നടത്തിയാലോ എന്ന് തന്നെ ആലോചിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാം.

നിങ്ങളുടെ ലുക്‌സ്, വ്യക്തിതം, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന ഒന്നാം ഭാവത്തിൽ ബുധൻ ശുക്രൻ എന്നിവ നിൽക്കുന്നു. ഒരു കാര്യത്തിൽ നിന്ന് വേറൊരു കാര്യത്തിലേക്ക് തെന്നി നീങ്ങുന്നതായി തോന്നാം. കൂടുതൽ ആശയ വിനിമയം. അടുത്ത ആഴ്ച ബുധൻ തന്റെ രേട്രോഗ്രെയ്ദ് എന്ന അവസ്ഥയിലേക്ക് നീങ്ങുന്നു. ആശയ വിനിമയങ്ങൾ വഴി തെറ്റാതെ സൂക്ഷിക്കുക. ഭൂതകാലം സന്ദർശിക്കാൻ എത്തുന്ന സമയമായിരിക്കുന്നു. അതിനെ ഏതു രീതിയിൽ കാണണം എന്ന് ഇപ്പോഴേ തീരുമാനിക്കുക. പുതിയ പ്രേമബന്ധങ്ങളിലേക്ക് മുഖമടച്ചു വീഴുവാനോ, അല്ലെങ്കിൽ നിലവിൽ ഉള്ള പ്രേമം ശക്തമാക്കി തീർക്കുവാനോ ഉള്ള ആശയവിനിമയം കുഴപ്പം ഉണ്ടാക്കാതെ ശ്രദ്ധിക്കണം. ആളുകളുടെ ഇടയിൽ പോപ്പുലർ ആകും. എന്നാലും അൽപ്പം വിരസനായി അഭിനയിക്കും.

ധനം, വസ്തുവകകൾ, നിങ്ങളുടെ മൂല്യം എന്നിവയിൽ ചൊവ്വ നിൽക്കുന്നു. അവനവന്റെ വിലയെക്കുറിച്ച് ബോധവാനാകും. വിശ്വാസങ്ങളെ ഒരു കാരണവശാലും കൈ വെടിയുകയില്ല. ധനത്തിന്റെ കാര്യത്തിൽ ആക്ഷൻ ഹീറോയെ പോലെ പ്രവർത്തിക്കും. അധിക ധനം ചെലവാക്കാൻ പറ്റിയ സമയം അല്ല എന്നറിയുക.

പ്യാസിയാസ് ഫെബ്രുവരി 19 മാർച്ച് 20

നിങ്ങളുടെ ലുക്‌സ്, വ്യക്തിതം, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്ന ഒന്നാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നു. എന്തിനും ഏതിനും ഒരു കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം. ആക്ഷൻ ഹീറോയെ പോലെ പ്രവർത്തിക്കും. അഭിപ്രായങ്ങൾ ഉറപ്പിക്കാൻ ശക്തി പ്രകടനം നടത്തും. ഈ വക കഴിവുകളാൽ മറ്റുള്ളവരെ അടിച്ചമർത്തും. ഈ വിഷയങ്ങളിൽ നയപരമായി മുന്നോട്ട് നീങ്ങുക തന്നെ ആകും ഉത്തമം.

രഹസ്യമോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബെഡ് പ്ലെശേഴ്‌സ്, നിഗൂഡത, ഒറ്റപ്പെടൽ, ദൂരദേശ വാസം എന്ന പന്ത്രണ്ടാം ഭാവത്തിൽ ബുധൻ ശുക്രൻ എന്നിവ നിൽക്കുന്നു. ഭൂതകാലം സന്ദർശിക്കാൻ എത്തും. അതീവ രഹസ്യവാനായി നിൽക്കും. ആരോടും ഒന്നും പറയുകയില്ല. മാനസിക പ്രശ്‌നങ്ങളെ ഓരോന്നായി ഡീൽ ചെയ്യും. ഒറ്റപ്പെട്ട സ്ഥലവുമായി ബന്ധപ്പെട്ട വ്യക്തികളുമായി ബന്ധം ഉണ്ടാകും.
ആത്മീയത, പ്രാർത്ഥന എന്നിവയിൽ ആശ്രയിക്കും. അടുത്ത ആഴ്ച മുതൽ ബുധൻ രിട്രോഗ്രെയ്ദ് എന്ന അവസ്ഥയിലേക്ക് നീങ്ങുന്നു. ഈ ഭാവത്തിൽ ഉള്ള ആശയ വിനിമയങ്ങൾ മെച്ചപ്പെട്ട രീതിയിൽ കൊണ്ട് പോകാൻ നോക്കണം. കഴിവുകളെ വെളിപ്പെടുത്തുന്നതിലും, ഒളിഞ്ഞിരിക്കുന്ന ശത്രുക്കളെ തിരിച്ചറിഞ്ഞു നീങ്ങുന്നതിലും ശ്രദ്ധ വേണം. ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ എന്നത് എതിരായി വരാവുന്ന സാഹചര്യങ്ങളെയും കൂടെ ആണ്. അത് വിവേചിച്ചു അറിയുക തന്നെ വേണം.

കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, മോഹങ്ങൾ, ലാഭങ്ങൾ, പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നു. ലാഭങ്ങളെയും, മോഹങ്ങളെയും ലക്ഷ്യമാക്കി ഉള്ള പദ്ധതികൾക്ക് തുടക്കമിടും. സോഷ്യൽ സർക്കിൾ, ഗ്രൂപ്പുകൾ എന്നിവയിൽ സ്വന്തം കാര്യം കാണാൻ വേണ്ടി നില കൊള്ളും ഭാവി അത് മാത്രമാണ് മനസ്സിൽ. ജീവ കാരുണ്യ പ്രവർത്തനങ്ങൾ പ്രതീക്ഷിക്കാം. ഈ ഭാവത്തിൽ സൂര്യൻ നിൽക്കുമ്പോൾ ശുദ്ധീകരണമാണ് നടക്കുക. മോഹങ്ങളും, ലക്ഷ്യങ്ങളും ഏതാണ് എന്ന് തെളിഞ്ഞു വരുക, അവയിലേക്കുള്ള മാർഗങ്ങൾ അറിയുക എന്ന സൂചനകൾ കൊണ്ട് പ്രപഞ്ചവും നമ്മുടെ കൂടെ തന്നെ നിൽക്കും. സൊ ചാർജ്..................

 jayashreeforecast@gmail.com