ജൂപിറ്റർ ട്രാൻസിറ്റിന്റെ ഫലങ്ങൾ, ലഗ്‌നം കൊണ്ടും, ചന്ദ്രനെ കൊണ്ടും വിശദീകരിച്ചിരിക്കുന്നു. അടുത്ത ലക്കങ്ങളിൽ മകം, പൂരം, ഉത്രം എന്നീ നക്ഷത്രങ്ങളിൽ ജനിച്ച വിവിധ ലഗ്‌നക്കാർക്ക് ജൂപിറ്റർ ട്രാൻസിറ്റ് കൊണ്ടുള്ള ഫലം പറയുന്നതാണ്.

നിങ്ങളുടെ ജനന സമയത്ത് കിഴക്ക് ദിക്കിൽ നിന്ന് ഉദിച്ചുയരുന്ന സൈൻ ആണ് ലഗ്‌നം. എന്നാൽ, നിങ്ങളുടെ ജനന സമയത്ത് ചന്ദ്രൻ ഏതു രാശിയിൽ നില്ക്കുന്നോ അതാണ് നിങ്ങളുടെ രാശി. വേദിക് അസ്‌ട്രോളജി ചന്ദ്രനെ കേന്ദ്രമാക്കി ഉള്ളതിനാൽ, ചന്ദ്രൻ നിങ്ങളുടെ ജനന സമയത്ത് ഏതു നക്ഷത്രത്തിൽ നില്ക്കുന്നുവോ നിങ്ങൾ ആ നക്ഷത്രത്തിന്റെ പേരിൽ അറിയപ്പെടും. ട്രാൻസിറ്റ് ഫലങ്ങൾ ലഗ്‌നാൽ സാധാരണ പറയാറില്ല എങ്കിലും ലഗ്‌നാൽ അവലോകനം ചെയ്യുന്നത് നന്നായിരിക്കും. ചിലരിൽ കൂടുതൽ സ്വാധീനം ലഗ്‌നത്തിനായിരിക്കും, ചിലരിൽ ചന്ദ്രൻ ആയിരിക്കും, ചിലരിൽ സൂര്യനും.

ലിയോയിലേയ്ക്ക് നീങ്ങുന്ന വ്യാഴത്തെ ഓഗസ്റ്റ് മുതൽ ശനി ദൃഷ്ടി ചെയ്യാൻ തുടങ്ങും ജുപിറ്റർ ട്രാൻസിറ്റിന്റെ യഥാർത്ഥ വശങ്ങൾ നമുക്ക് മനസിലാക്കാൻ അപ്പോൾ സാധിക്കും. അതുപോലെ സെപ്റ്റംബറിൽ വ്യാഴത്തോടൊപ്പം ചൊവ്വയും എത്തുന്ന സമയം കൂടുതൽ തീവ്രമായ നീക്കങ്ങൾ നടക്കാം.

ഇത് വായിക്കുന്നവരോട് ഒരു അഭ്യർത്ഥന ഉണ്ട്. വാരഫലത്തിലോ, ട്രാൻസിറ്റ് ഫലങ്ങളിലോ പറയുന്ന കാര്യങ്ങൽ എല്ലാവർക്കും ഒരേപോലെ അനുഭവപ്പെടുകയില്ല. പക്ഷെ ഏതൊക്കെ ഭാവങ്ങളിൽ ആണ് ഗ്രഹങ്ങൾ നില്ക്കുക എന്ന് ശ്രദ്ധിക്കുക. ആ ഭാവങ്ങൾ ഏതൊക്കെ വിഷയങ്ങളെ സൂചിപ്പിക്കുന്നു എന്നും. ഗ്രഹങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു എന്ന് മനസിലാക്കുക. നിങ്ങളുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ നില അനുസരിച്ചേ വാരഫലത്തിലായാലും, ട്രാൻസിറ്റ് ആയാലും ഗ്രഹങ്ങൾ പ്രവർത്തിക്കൂ. ജാതകത്തിൽ ഗ്രഹങ്ങൾ നാല് അവസ്ഥകളിൽ നില്ക്കും, ബാല, കൗമാര, യുവ, വയോധിക, മൃത. ഇത് മാത്രമല്ല ബർത്ത് ചാർട്ടിൽ ഗ്രഹങ്ങൾ ഉച്ച അവസ്ഥയിലോ നീച അവസ്ഥയിലോ, എന്നിങ്ങനെ കുറെ കാര്യങ്ങളുടെ നില നോക്കി മാത്രമേ ഒരു വ്യക്തിയുടെ ഫലം പറയാൻ കഴിയു. 'വാരഫലം രണ്ടു മാസം ശരിയായില്ലല്ലോ ജ്യോത്സ്യരെ നിങ്ങൾ ഭയങ്കര തട്ടിപ്പാണല്ലോ 'എന്ന് പറഞ്ഞാൽ അതിനു എന്ത് മറുപടി പറയണം എന്നെനിക്കറിയില്ല. പിന്നെ ഒരു തട്ടിപ്പുകാരും അധികം നാളുകൾ അങ്ങനെ മുന്നോട്ട് പോകുകയില്ല എന്നത് നമുക്ക് അറിയാവുന്ന കാര്യമാണല്ലോ. laughing.  നാം നമ്മുടെ കര്മംന കൊണ്ട് വിത്തുകൾ വിതക്കുന്നു, വിതച്ച വിത്തുകള്ക്ക് അനുസൃതമായ ഫലങ്ങൾ കൊയ്യുന്നു. മരം അതിന്റെ ഫലം കൊണ്ട് അറിയപ്പെടുന്നത് പോലെ നാമും നാം വിതച്ച വിത്തുകള്ക്ക് അനുസൃതമായി ഉണ്ടായ ഫലം എന്താണോ , യാതൊരു ഏറ്റക്കുറച്ചിലുകളും ഇല്ലാതെ ആ ഫലങ്ങളുടെ പേരിൽ അറിയപ്പെടും. അവ നമ്മുടെ ജീവിതത്തിന്റെ ഗതി നിശ്ചയിക്കും.  ഗ്രഹങ്ങൾ നില്ക്കുന്ന ഭാവം നോക്കുക. ആ ഭാവം സൂചിപ്പിക്കുന്ന വസ്തുതകൾ മനസിലാക്കുകയും ആ വിഷയങ്ങളിൽ ഇപ്പോൾ നിങ്ങളുടെ നില എന്ത് എന്ന് താരതമ്യം ചെയ്തു മാത്രമേ വാരഫലം, മാസഫലം ട്രാൻസിറ്റ് എന്നിവ നോക്കാവു. ഭൂതകാലത് നാമെന്തു ചെയ്തു എന്നും നാം മറക്കാൻ പാടില്ല. ഉദാഹരണത്തിന് ബുധൻ പത്താം ഭാവത്തിൽ നിന്നാൽ അധികാരികളുമായി ജോലിയെ കുറിച്ചുള്ള ചർച്ച നടക്കും എന്നാണ്. ആ ചർച്ചയുടെ ഗതി എന്താണ് എന്നല്ല. ആ ഗതി നിശ്ചയിക്കുന്നത് നിങ്ങൾ അന്ന് വരെ ചെയ്ത പ്രവർത്തിളകൾ ആയിരിക്കും. പ്രവർത്തികൾ നന്നായവന് ഏതു ചർച്ചയിലും ഭയപ്പെടേണ്ട ആവശ്യമില്ല. പകരം കഴിവുകളെ ഉപയോഗിക്കാത്തവനു ഭയപ്പെടേണ്ട ആവശ്യമുണ്ട് താനും. നൂറു ശതമാനം കൃത്യമായി പറയാൻ എനിക്ക് അറിയില്ല. അങ്ങനെ പ്രതീക്ഷിക്കരുത്. പക്ഷെ അവസ്ഥകളെ വിശകലനം ചെയ്യാൻ എനിക്ക് നന്നായി കഴിയും. ഇതൊരു ചർച്ചയാണ് എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഞാൻ നിങ്ങളോട് പറയുന്നു, എനിക്ക് അറിയാത്തവയെ നിങ്ങൾ കാണിച്ചു തരുന്നു. നമ്മിലാരും പൂർണത ഉള്ളവരോ ഇല്ലാത്തവരോ അല്ല.

വ്യാഴത്തിന്റെ നീക്കം എങ്ങനെ എന്നറിയാൻ ഒരു എളുപ്പ വഴി, 2002 ലേക്ക് തിരിഞ്ഞു നോക്കുക ആ ജൂലായ് മാസം വ്യാഴം ഇതേ പോലെ തന്നെ ലിയോയിലേക്ക് നീങ്ങി. അന്ന് നിങ്ങളുടെ ജീവിതത്തിൽ എന്ത് സംഭവിച്ചുവോ ഏതാണ്ട് അത് പോലെത്തെ നീക്കങ്ങൾ, അല്ലെങ്കിൽ ആ നീക്കങ്ങൾ വേറെ തലത്തിൽ നിങ്ങൾക്ക് അനുഭവപ്പെടുക തന്നെ ആയിരിക്കും ഈ വർഷവും.

എന്റെ വ്യക്തി ജീവിതത്തിലേക്ക് നോക്കുക ആണെങ്കിൽ 2002 ൽ ആത്മീയമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു കൊണ്ട് വ്യാഴം ലിയോയിലേയ്ക്ക് നീങ്ങിയ സമയത്ത് ഞാൻ ദൂര ദേശത്തേക്ക് യാത്രയായി. അവയിൽ ചിലതിൽ ജയിച്ചു. ചിലതിൽ പരാജയപ്പെട്ടു. പക്ഷെ ഇഹലോക ജീവിതത്തിന്റെ അളവ് കോലിൽ ഞാൻ എത്ര പിന്നിലാണെന്നും, ലൗകിക ജീവിതത്തിന്റെ ചില എടുകളിലേയ്ക്ക് പുറം തിരിഞ്ഞു നിന്ന് കൊണ്ട് ഒരു മനുഷ്യന് ജീവിക്കനാവുകയില്ല എന്നും പ്രപഞ്ചം എന്നെ പഠിപ്പിച്ചു. ആ അറിവുകളിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങിയ ഞാൻ ആഗോള ഐ ടി ഭീമന്റെ സമോൾ ബിസിനസ് വിങ്ങിൽ റിസേർച് അനലിസ്റ്റ് ആയി കയറിക്കൂടി. അന്ന് എനിക്ക് ഒരു നിയമ ബിരുദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫ്രാൻസിൽ ജോലി ചെയ്യുന്ന സഹോദരന് മെയിൽ അയക്കുന്നത് മാത്രമായിരുന്നു ആകപ്പാടെ എന്റെ ഐ ടി വിജ്ഞാനം. പക്ഷെ ജുപിറ്റർ ട്രാൻസിസറ്റ് നല്കിയ യാതാർത്ഥ്യ ബോധം അത് വില മതിക്കാനാവാത്തതായിരുന്നു. ഈ കമ്പനിയിൽ ഐ ടി വിസാട് ആയ ഒരു യുവാവിന്റെ ടീമിൽ ആയിരുന്നു ആദ്യ അസൈന്മെന്റ്, അതും ഇ ആർ പി പ്രൊജക്ട്. എം എസ് ഓഫീസിന്റെ ബെയ്‌സ് പോലും അറിയാതിരുന്ന ഞാൻ ആയിരുന്നു ആ ടീമിലെ വിഡ്ഢി. ഇടക്കിടക്ക് 'എഫ്' വേർഡ് ഉരുവിട്ട് കൊണ്ട് ആ യുവാവ് എന്നെ എം എസ് ഓഫീസ് പഠിപ്പിച്ചു എടുത്തു. വേദനിച്ചും, അപമാനിക്കപ്പെട്ടും, ആരും കാണാതെ കരഞ്ഞും കൊണ്ട് ആ ജോലിയിൽ ഞാൻ നന്നായി ചെയ്തു. അതൊരു ഹൊറിബിൾ അവസ്ഥ ആയിരുന്നു. പല തവണ ജോലി വേണ്ട എന്ന് വച്ചാലോ എന്ന് വരെ ചിന്തിച്ചു. പക്ഷെ യാതർത്ഥ്യ ബോധം അനുവദിച്ചില്ല.

ഒന്നര വർഷത്തിനു ശേഷം ആ യുവാവ് വേറെ കമ്പനിയിലേക്ക് പോയി. പോകുന്നതിനു മുൻപ് എന്നോട് ക്ഷമാപണം നടത്തി. പക്ഷേ വേദനകളേക്കാൾ വിലയേറിയ അറിവ് അദ്ദേഹം എനിക്ക് തന്നു. വർഷങ്ങൾക്ക് ശേഷം SAP പ്ലാറ്റ്ഫോം ബെയ്‌സ്ഡ് ആയ കമ്പനിയിൽ ജോലിക്ക് കയറിയപ്പോൾ മനസ്സിൽ ആദ്യം നന്ദി പറഞ്ഞത് ഈ യുവാവിനോടാണ്. ഗസറ്റഡ് തസ്തികയിൽ ജോലി ചെയ്തിരുന്ന എന്റെ മാതാ പിതാക്കൾ അന്നാണ് ആദ്യമായി ഐ ടി ജീവിതത്തിന്റെ ഗ്ലാമർ മനസിലാക്കുന്നത്. അവരെ ഞാൻ എന്റെ ഓഫീസിൽ കൊണ്ട് പോയി, സർക്കാർ ജോലി കിട്ടാത്തതിന്റെ പേരിൽ കുത്തുവാക്കുകൾ കേട്ട് കൊണ്ടിരുന്ന എനിക്ക് വീട്ടിൽ തല ഉയർത്തിപ്പിടിച്ചു നിൽക്കാമെന്നായി. മാതാവിന് വില കൂടിയ പട്ടു സാരിയും, പിതാവിന് ബ്രാൻഡഡ് വസ്ത്രങ്ങളും വാങ്ങിക്കൊടുത്ത് നിശബ്ദരാക്കി. എന്തെങ്കിലും പറഞ്ഞാൽ തന്നെ തിരിച്ചു ഒരു താത്വികമായ അവലോകനവും നടത്തി. പക്ഷെ ബ്യുരോക്രാട്ടുകൾ അവരുടെ ബ്യുരോക്രസിയിൽ അല്ലാതെ വേറൊന്നും ആനന്ദിക്കുകയോ അഭിമാനിക്കുകയോ ഇല്ല, വിദേശത്ത നിന്ന് തിരിച്ചു വരുന്ന ധനികൻ ആണെങ്കിലും, കോടികൾ ടേൺ ഓവറുള്ള ഐ ടി കമ്പനിയുടെ അധിപൻ ആണെങ്കിലും. ചുവപ്പ് നാടകൾ അഴിക്കണമെങ്കിൽ ബ്യുരോക്ക്രാട്ടിക്കൽ സമൂഹം കനിയണം. റിട്ടയർ ചെയ്ത ബ്യുരോക്രാട്ടുകൾ വൈകുന്നേരങ്ങളിൽ അവരുടെ സീരീയസ് സ്റ്റോറി വിളമ്പിയും സ്ഥലത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയോ, പ്രധാന ധനികനെയോ മുട്ട് കുതിച്ചു തന്റെ വരുതിയിലാക്കിയ വീര ചരിത്രം പറഞ്ഞും പ്രൈവറ്റ് സെക്ടറിൽ ജോലി ചെയ്യുന്ന മക്കളുടെ നേരെ ഒളിയമ്പുകൾ എയ്യും.

നമ്മുടെ ജീവിതത്തിലേയ്ക്ക് ദൈവം അദ്ധേഹത്തിന്റെ ഏജന്റുകളെ അയക്കും. അവർ തരുന്ന പാഠങ്ങൾ ആ സമയം നമുക്ക് ഏറ്റെടുക്കാൻ കഴിഞ്ഞു എന്ന് വരില്ല, പക്ഷെ അവ ആയിരിക്കും നമ്മുടെ ജീവിതത്തിന്റെ ബെയ്‌സ്. അവിടെ നിന്നായിരിക്കണം നമ്മുടെ ഉയർച്ച. ആ ശിക്ഷണത്തിൽ നാം തോറ്റ് പിന്മാറാൻ പാടില്ല. വേദനകൾക്കും ഭയത്തിനും അപ്പുറത്താണ് വിജയം നിൽക്കുന്നത്. അങ്ങനെ 2004 -ലെ ജൂപിറ്റർ ട്രാൻസിറ്റ് കഴിഞ്ഞപ്പോൾ കരിയർ ഒരു മാതിരി സ്‌റ്റേബിൾ ആക്കാമെന്ന ആത്മ വിശ്വാസമായി. പ്രപഞ്ചം എന്നെ അത്രയ്ക്കും കഷ്ടപെടുത്തി എങ്കിലും എന്നോടൊപ്പം തന്നെ നിന്നു, ഇപ്പോഴും നില്ക്കുന്നു. ഇടയ്ക്ക് വീണും, വേദനിച്ചും, സന്തോഷിച്ചും, കൊണ്ട് ഞാനും പ്രപഞ്ചത്തിന്റെ ഒപ്പം നീങ്ങുന്നു.

എരീസ് ലഗ്‌നം / ചന്ദ്രൻ

 എരീസ് അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ മാറ്റങ്ങൾ കാണുവാൻ കഴിയും. ഈ ട്രാൻസിറ്റ് മനസിലാക്കുവാൻ അഞ്ചാം ഭാവത്തിലെ വിഷയങ്ങൾ എന്താണെന്ന് നോക്കുക, കുട്ടികൾ, അഭിരുചികൾ, വിനോദം, കലാപരമായ കഴിവുകൾ, ഉല്ലാസം, കായിക മത്സരങ്ങൾ, പ്രേമം, അനുരാഗം, ചൂതാട്ടം പോലെ ഉള്ള മത്സരങ്ങൾ, ലോട്ടറി, സ്ഥാനപതികൾ, കർമങ്ങൾ, മന്ത്രം, തന്ത്രം, മതപരമായ താല്പര്യം, വേദങ്ങൾ, അല്ലെങ്കിൽ സാധാരണ അറിവല്ലാത്ത ഉയർന്നവ അറിവ്, മതപഠനം, ബുദ്ധി, സമ്പന്നത, ആത്മീയമായ ആചാരങ്ങൾ. (ഭ്രിഗു സൂത്ര).

കുട്ടികളിൽ നിന്ന് സന്തോഷ വർത്തമാനം കേൾക്കുവാൻ കഴിയണം. കുട്ടികളുടെ ജനനം, കുട്ടികളുടെ കാര്യത്തിലുള്ള കൂടുതൽ ശ്രദ്ധ, അവരുടെ ബൗദ്ധികവും, ശാരീരികവും ആയ പോഷണത്തിനുള്ള മാർഗങ്ങളിൽ ശ്രദ്ധ കൊടുക്കും. സ്വയം വെളിപ്പെടുത്തൽ നടത്താൻ ധാരാളം അവസരങ്ങൾ ലഭിക്കും, സ്വന്തം കഴിവുകളെ കൂടുതൽ പ്രമോട്ട് ചെയ്യാനുള്ള അവസരങ്ങൾ, പ്രപഞ്ചം നിങ്ങൾക്കായി ഒരുക്കും. സ്വയം വെളിപ്പെടുത്തലിനു വേണ്ടി കഠിനമായി പരിശ്രമിക്കും. സ്വയം വെളിപ്പെടുത്തൽ എന്നാൽ തന്റെ കഴിവുകളെ ഉപയോഗിച്ചുള്ള ചൂതാട്ടം വരെ നടത്തിക്കളയും. നിങ്ങൾ ഉപരിപഠനത്തിനായി ശ്രമിക്കും. ഈ ട്രാൻസിറ്റ് നിങ്ങൾക്ക് എന്തുകൊണ്ടും നല്ല അനുഭവങ്ങൾ തരുന്നു. അഞ്ചാം ഭാവത്തിലേയ്ക്ക് ശനി തന്റെ ദൃഷ്ടി (ആസ്‌പെക്റ്റ് ) ചെയ്തു നില്ക്കുന്നു, ഈ അവസ്ഥയിലും ഗുണ ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. കുട്ടികൾ ജീവിതത്തിൽ സന്തോഷം നല്കുനന്ന സാഹചര്യങ്ങൾ കാണാം. അഞ്ചാം ഭാവം കുട്ടികളെ സൂചിപ്പിക്കുന്നു , കുട്ടികള്ക്ക് വേണ്ടി ആഗ്രഹിക്കുന്നവർക്ക് താരതമ്യേന അനുകൂല സമയമാണ് പ്രപഞ്ചം നല്ക്കുന്നത്. കുട്ടികൾ ഉണ്ടാകാൻ തടസം നേരിടുന്നവർക്കും ആ തടസങ്ങൾ എന്താണ്, അവയെ എങ്ങനെ തരാം ചെയ്യാം എന്നുള്ള വസ്തുതകളും തെളിഞ്ഞു വരേണം. അതായിരിക്കും ഈ ട്രാൻസിറ്റിന്റെ വേറൊരു പ്രത്യേകത. മതപരമമായ വിഷയങ്ങൾ, പുരാതന ചരിത്രം എന്നിവയിൽ കൂടുതൽ അറിവ് നേടും. പുതിയ ബിസിനസ് പ്ലാൻ ചെയ്യുന്നവർക്ക് അവയെ നല്ല രീതിയിൽ പ്ലാൻ ചെയ്യാനും, മുന്നോട്ടു കൊണ്ട് പോകാനും ഉള്ള നല്ല അവസരമാകുന്നു. ഏതു വിഷയതിലാണോ നിങ്ങൾ റിസ്‌ക് എടുക്കാൻ താൽപര്യപ്പെടുന്നത് ആ മേഖലയിലെ വിജയം എത്ര ശതമാനം ആകുമെന്നറിയണം എങ്കിൽ നിങ്ങളുടെ ബർത്ത് ചാർട്ടിൽ വ്യാഴം എത്ര ബലവാൻ ആണെന്നും. ശനിയുടെ അവസ്ഥ എന്താണെന്നും അറിയുക. ഇവ രണ്ടും ശക്തരായി അല്ല നിൽക്കുന്നത് എങ്കിലും അഞ്ചാം ഭാവത്തിലെ വിഷയങ്ങൾ ഭദ്രമായിരിക്കാനാണ് കൂടുതലും സാധ്യത.

ടോറസ് ലഗ്‌നം / ചന്ദ്രൻ

 നിങ്ങളുടെ നാലാം ഭാവത്തിൽ വ്യാഴം എത്തും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂർവ്വികർ, പൂർവ്വിക സ്വത്തുകൾ എന്ന നാലാം ഭാവം നാച്ചുറൽ സോഡിയാക് വീലിൽ കാന്‌സുറിന്റെ ഭാവമാണ്. വ്യാഴം സ്വന്തം സ്ഥാനത്തേത് പോലെ തന്നെ സന്തോഷ ഭാവത്തിൽ നില്ക്കുന്നത് നാലാം ഭാവത്തിലാണ്. വീട് വില്പന, വാങ്ങൽ എന്നിവയ്ക്ക് അടുത്ത വർഷം വരെ അനുയോജ്യമായ സമയമാകുന്നു. റിയൽ എസ്റ്റേറ്റ് ഡീ ലുകൾ ഫലപ്രദം ആവേണ്ടതാണ്/ ചിലപ്പോൾ സകല ശ്രദ്ധയും വീടിനുള്ളിലേക്ക് ആയതു പോലെ തോന്നാം. ക്ലോസ്‌ട്രോഫോബിയ ആയോ എന്ന് തോന്നിപ്പിക്കും പോലെ വീടിനു വേണ്ടിയും വീട്ടുകാർക്ക് വേണ്ടിയും ഓടി നടക്കും. ബന്ധങ്ങളിലെ സൗമ്യത, ബന്ധുക്കളോടുള്ള നല്ല നിലപാടുകൾ, കുടുംബ യോഗങ്ങൾ, എന്നിവയും പ്രതീക്ഷിക്കാം. അല്പ നാളുകൾ ആയി ജോലിയിൽ തട്ടി മുട്ടി നിന്ന നിങ്ങൾക്ക് ആശ്വാസമാകും ഈ ട്രാൻസിറ്റ് കാരണം ശനി ഇപ്പോൾ നിൽക്കുന്ന ഏഴാം ഭാവത്തിൽ നിന്ന് പത്താം ഭാവമായ ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്നീ വിഷയങ്ങളെ നോക്കുമ്പോൾ ശുഭ ഫലങ്ങൾ ഉണ്ടാവേണ്ടതാണ് ജോലിയിൽ നിങ്ങൾ കണ്ടിരുന്ന സ്വപ്‌നങ്ങൾ യാതാർത്ഥ്യം ആവേണ്ടതാണ്. എങ്കിലും ബർത്ത് ചാർട്ടിൽ വ്യാഴം, ശനി എന്നിവയുടെ ബലത്തെ കൂടി നോക്കി ഈ ഫലങ്ങൾ ഒത്തു വായിക്കുക.

ഭ്രിഗു സൂത്ര അനുസരിച്ച് നാലാം ഭാവം ഡീൽ ചെയ്യുന്ന കാര്യങ്ങൾ മാതാവ്, സ്വന്തം ദേശം, രാജ്യം, വീട്, വീട്ടു കാര്യങ്ങൾ, ശ്മശാനം, സ്വകാര്യ ജീവിതം, സ്വകാര്യ രഹസ്യങ്ങൾ, വാഹനം, കൃഷി സ്ഥലം, പടങ്ങൾ, പഴതോട്ടങ്ങൾ, ഖനികൾ, കെട്ടിടങ്ങൾ, പൂർവ്വിക സ്വത്തുക്കൾ, നിധികൾ, വിദ്യാഭ്യാസം, കിണർ, കുടി വെള്ളം, പാല്, നദികൾ, പുഴകൾ.

ജമിനി ലഗ്‌നം / ചന്ദ്രൻ

 സഹോദരങ്ങൾ, ആശയ വിനിമയം ടെക്‌നോളജി, ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, നെറ്റ് വർകിങ്, അയൽക്കാർ എന്ന മൂന്നാം ഭാവത്തിൽ വ്യാഴം എത്തും. യാത്രയ്ക്കുള്ള ഉപാധികൾ വാങ്ങാം. ആശയ വിനിമയ രംഗത്തേക്ക് ഉള്ള വഴികൾ തുറന്നു വരാം. കൂടുതൽ നെറ്റ് വർകിങ്. ടെക്‌നോളജിയുടെ കൂടുതൽ ഉപയോഗം, നിരവധി ചെറു യാത്രകൾ, നെറ്റ് വർകിങ് രംഗത്തുള വിജയങ്ങൾ, ജോലിയിലെ ശുഭ സൂചനകൾ, സഹോദരങ്ങൾക്ക് ഉണ്ടാകുന്ന നല്ല അനുഭവങ്ങൾ, ബിസിനസിലെ ഉയർച്ച, പുതിയ ജോലിക്കുള്ള സാധ്യത, സഹോദരങ്ങളുടെ സ്വാധീനം എന്നിവ അനുഭവിക്കാൻ കഴിയണം. അടുത്ത വർഷം ഇതേ സമയം നിങ്ങളുടെ ജീവിതത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടാകുകയും അതിൽ സന്തോഷവാൻ ആയിരിക്കുമെന്നും പ്രതീക്ഷിക്കുക. തമാശക്ക് വേണ്ടി അധികമായി ചിലവഴിക്കാനുള്ള ഒരു പ്രവണതയും നിങ്ങൾ കാണിക്കും. ഈ ട്രാൻസിറ്റ് നിങ്ങൾക്ക് ഒരു തമാശ പോലെ ആയിരിക്കും അനുഭവപ്പെടുക. വിദ്യാർത്ഥികൾ രസികന്മാരായി നടക്കുന്ന കാഴ്ച കാണും. അങ്ങനെ ഉള്ള രസികന്മാരായ കപട നിവിൻ പോളിമാരെയും സുഹൃത്തുക്കളെയും ഗുരുനാഥന്മാർ കൈകാര്യം ചെയ്യും. പഠനം ആസ്വദിക്കുന്നവർക്ക് വളരെ നല്ല സമയമാകുന്നു. കാരണം മര്യാദ പഠിപ്പിക്കലിന്റെ ഉസ്താദ് എന്ന് വിശേഷിപ്പിക്കാവുന്ന ശനി തൻ നിൽക്കുന്ന ആറാം ഭാവത്തിൽ നിന്ന് ഈ മൂന്നാം ഭാവത്തെ നോക്കുമ്പോൾ കുട്ടികൾക്ക് പഠിക്കാൻ നല്ല സാഹചര്യം പ്രപഞ്ചം ഒരുക്കി വച്ചിരിക്കുന്നു. പരീക്ഷകൾ, ആശയ വിനിമയം, പബ്ലിക് സ്പീകിങ്, എന്നീ വിഷയങ്ങൾക്ക് അനുകൂല സമയം. അത് പോലെ ആത്മ വിശ്വാസം വർധിച്ചു അനാവശ്യം വിളിച്ചു പറയാവുന്ന സാഹചര്യവും ഉണ്ടാകും.

ഭ്രിഗു സൂത്ര പ്രകാരം, മൂന്നാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങൾ

മാനസികമായ അഭിരുചികൾ, കഴിവുകൾ, ഓർമ ശക്തി, ബുദ്ധി, പഠനത്തോടുള്ള അഭിരുചി, ധൈര്യം, ദൃഡത, ശൗര്യം, വീര്യം, സാഹസികത, ഇളയ സഹോദരങ്ങൾ, കസിൻസ്, അയൽക്കാർ, ചെറുയാത്രകൾ, ആശയ വിനിമയം, ആശയ വിനിമയ ഉപാധികൾ, എഴുത്ത്, വീട് മാറ്റം, കോണ്ട്രാക്ടുകളിൽ ഒപ്പ് വെക്കൽ, ഊഹാപോഹം, കൈകൾ, തൊണ്ട, തോളെല്ല്, കോളർ ബോൺ, കരങ്ങൾ (കൈത്തണ്ട) നാഡീ വ്യുഹം

കാൻസർ  ലഗ്‌നം / ചന്ദ്രൻ

ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം എന്ന രണ്ടാം ഭാവത്തിൽ അടുത്ത വർഷം വരെ വ്യാഴം നിൽക്കും. സമൂഹത്തിൽ നിങ്ങളുടെ മൂല്യം പല രീതിയിൽ വർധിക്കാം. ധനത്തിന്റെ ആഗമനം, വിവാഹം, കൂടുതൽ അധികാരം. ലഭിക്കൽ, ആ അധികാരം വഴി ഉള്ള ലാഭങ്ങൾ, വിലയേറിയ വസ്തുക്കളുടെ അവകാശം, സമ്പാദ്യം വർധിക്കൽ, നിങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ലാഭകരമായ ഡീലുകൾ. സ്വന്തം മൂല്യ വർധനക്ക് വേണ്ടി മുൻ കൈ എടുക്കും. അങ്ങനെ ഈ ഭാവം ധനം, അതിൽ നിന്നുണ്ടാകുന്ന സന്തോഷങ്ങൾ എന്നിവയെ കാണിക്കുന്നു. കുടുംബത്തിൽ സന്തോഷം ഉണ്ടാകും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഈ അവസരം ജോലിയിലെ നല്ല നീക്കങ്ങൾക്കായി ഉപയോഗിക്കുക. കുടുംബത്തിൽ ഉള്ള നല്ല അവസ്ഥ, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം. നിങ്ങളുടെ അഞ്ചാം ഭാവത്തിൽ നില്ക്കുന്ന ശനി രണ്ടാം ഭാവത്തിൽ നില്ക്കുന്ന വ്യാഴത്തെ ദൃഷ്ടി ചെയ്യുമ്പോൾ അവിടെ സദ് ഫലങ്ങൾക്ക് വേണ്ടി കൂടുതൽ അധ്വാനിക്കാൻ പ്രേരണ ആകണം. സദ് ഫലങ്ങൾ എത്ര എന്നറിയാൻ നിങ്ങളുടെ ബർത്ത് ചാർട്ടിൽ വ്യാഴവും ശനിയും ഏതു അവസ്ഥയിൽ ആണെന്ന് അറിഞ്ഞാൽ കൂടുതൽ വ്യക്തമായ രീതിയിൽ ഈ ട്രാൻസിടിനെ ഉപയോഗിക്കാൻ കഴിയും.

ഭ്രിഗു സൂത്രം അനുസരിച്ച് രണ്ടാം ഭാവത്തിലെ വിഷയങ്ങൾ ഇവയെല്ലാമാണ് ധനം, ധന കാര്യം, ഭാഗ്യം, ലാഭം, നഷ്ടം, അധികാരികൾ, കഴിവുകൾ, ലൗകികമായ വിജയങ്ങൾ, ബാഹ്യ ലോകത്ത് വില മതിക്കപ്പെടുന്ന കാര്യങ്ങൾ, ആഭരണങ്ങൾ, രത്‌നങ്ങൾ, കടപ്പത്രങ്ങൾ, ഷെയർ, സെക്യുരിറ്റി, സംസാരം, ദർശനം, വലത്തേക്കണ്ണ്, ഓർമ ശക്തി, ഭാവന, നഖം, നാവ്, മൂക്ക്, പല്ലു, താടി, കുടുംബാംഗങ്ങൾ, വിദ്യാഭ്യാസം.

ലിയോ ലഗ്‌നം / ചന്ദ്രൻ

 നിങ്ങളുടെ വ്യക്തിത്വം, ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാരധാര എന്ന ഒന്നാം ഭാവത്തിൽ വ്യാഴം അടുത്ത വർഷം വരെ നില്ക്കു മ്പോൾ ശാരീരിരികമായ പുഷ്ടിപ്പെടൽ സാധ്യമാണ്. ലോങ്ങ് ടേം പദ്ധതികൾ പ്ലാൻ ചെയ്യും. ഒന്നാം ഭാവത്തിലെ വിഷയങ്ങളിൽ സ്ഥിരത നേടുന്നതിനാൽ ഒന്നാം ഭാവത്തിലെ വിഷയങ്ങൾ കൊണ്ട് നേടേണ്ട കാര്യങ്ങളായ ജോലി, വിവാഹം, മൂല്യ വർധന എന്നിവയിൽ ശുഭ സൂചനകൾ ഉണ്ടാകും. പഠനം, പഠിപ്പിക്കൽ, ദൂര യാത്രകൾ, ആത്മീയമായ നീക്കങ്ങൾ, എന്നിവയ്ക്കും നല്ല സമയമാകുന്നു. നേതൃ നിരയിലേക്ക് ഉയർത്തപ്പെടാനുള്ള അവസരങ്ങളും ഉണ്ടായേക്കാം. കുട്ടികൾ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുന്ന സന്തോഷം നിറഞ്ഞ അവസരങ്ങളും ഉണ്ടാകും.

ഭ്രിഗു സൂത്രം അനുസരിച്ച് ഒന്നാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങൾ, ശരീര വളർച്ച, നിറം, ശരീര പ്രകൃതം, ശരീര ഘടന, ആരോഗ്യം, ഓജസ്, കായബലം, ശരീര പ്രകൃതി, വ്യക്തിത്വം, ജീവിതസമരം, ബഹുമാനം, അന്തസ്സ്, അഭിവയോധികി, ശിരസ്സ്, മുഖത്തിന്റെ മേൽ ഭാഗം, ഗുണങ്ങൾ, ദീർഘായുസ്സ്, ജീവിതത്തിന്റെ തുടക്കം, ജീവിതത്തെ കുറിച്ചുള്ള പൊതുവായ ധാരണ. മേൽപ്പറഞ്ഞ വിഷയങ്ങൾ എല്ലാം തന്നെ നിങ്ങളുടെ വ്യക്തിത്വത്തെ പാകപ്പെടുതുകയാൽ, ഒന്നാം ഭാവത്തിലൂടെ വ്യഴാം നീങ്ങുമ്പോൾ, ഒന്നാം ഭാവം സൂചിപ്പിക്കുന്ന എല്ലാ വിഷയങ്ങളിലും ഉള്ള പരിപോഷണത്തെ പ്രപഞ്ചം അനുകൂല ശക്തികളാൽ സ്വാധീനിക്കുന്നു. ഇപ്പോൾ എട്ടാം ഭാവത്തിൽ നില്ക്കുന്ന ശനി അവിടെ നിന്ന് പത്താം ഭാവമായ ഒന്നിനെ ദൃഷ്ടി ചെയ്യുമ്പോൾ, ഒന്നാം ഭാവത്തിലെ വിഷയങ്ങൾ മെച്ചപ്പെടുത്താനായി വ്യാഴം കൂടുതൽ ശക്തിയോടെ നീങ്ങും. ഈ ട്രാന്‌സിറ്റ് നിങ്ങളെ എത്ര ശതമാനം സ്വാധീനിക്കുന്നു എന്നറിയുവാൻ ബർത്ത് ചാർട്ടിൽ വ്യാഴം, ശനി എന്നിവ ഏതു അവസ്ഥയിൽ ആണ് എന്നറിയുക.

വിർഗൊ ലഗ്‌നം / ചന്ദ്രൻ

 രഹസ്യ മോഹങ്ങൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ബ്ലെഡ് പ്രഷേഴ്‌സ്, ദൂര ദേശ വാസം, ഒറ്റപ്പെടൽ, നിഗൂഡ വിഷയങ്ങൾ, ധ്യാനം, പ്രാർത്ഥന എന്ന പന്ത്രണ്ടാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ നടക്കും. അതീന്ദ്രിയ വിഷയങ്ങളെ കുറിച്ചുള്ള പഠനം നടത്താം, ദൂര ദേശ വാസം സാധ്യമാകും പക്ഷെ അവയിൽ കൂടുതൽ പ്രതീക്ഷകൾ വെക്കതിരിക്കുകയാവും നല്ലത്. ആത്മീയ രംഗത്ത് പ്രവർത്തിക്കുന്നവർക്കായുള്ള നല്ല സമയം. കൂടുതൽ പ്രാർത്ഥന, ധ്യാനം, അതീന്ദ്രിയ ജ്ഞാനം കൊണ്ടുള്ള അറിവിൽ മനസ് വ്യാപാരിക്കും ദൂര ദേശവുമായി ഏതെങ്കിലും രീതിയിലുള്ള ബന്ധം ഉണ്ടാകാൻ നല്ല സധ്യത ഉണ്ട്. രഹസ്യമായ വിഷയങ്ങളിൽ കൂടുതൽ വെളിച്ചം വീശുകയും, നിങ്ങൾ ശത്രുക്കളാണെന്ന് കരുതാതെ നിങ്ങളോട് ശത്രുത മനസ്സിൽ വെക്കുന്നവരിൽ നിന്ന് രക്ഷ നേടുകയും ചെയ്യും. ഈ ട്രാൻസിടിന്റെ ഫലം മനസിലാക്കാൻ വേണ്ടി പന്ത്രണ്ടാം ഭാവം എന്താണെന്ന നല്ല തിരിച്ചറിവ് ഉണ്ടായിരിക്കണം. നഷ്ടം, പ്രതിബന്ധം, വിഘ്‌നം, ചെലവ്, ധൂർത്ത്, ധാരാളിത്തം, കഠിനത, നിക്ഷേപങ്ങൾ, ദാനങ്ങൾ, ജീവ കാരുണ്യ പ്രവർത്തികൾ, ഒറ്റപെടൽ, ദൂര ദേശവാസം, ദുഃഖങ്ങൾ, പാപങ്ങൾ, ദുരിതം ദൗർഭാഗ്യം, ദാരിദ്ര്യം, തടവ്, രഹസ്യ ശത്രുക്കൾ, ആശുപത്രി വാസം, സംഘം ചേരലുകൾ, തട്ടിപ്പ്, അപകീർത്തി, അപമാനം, രഹസ്യ മോഹങ്ങൾ/ദാഹങ്ങൾ, മാന്ത്രിക വിദ്യ കൊണ്ടുള്ള വിജയങ്ങൾ, കാൽപാദം, ഇടത്തേ കണ്ണ്, ഇടത്തേ ചെവി, സെക്ഷ്വൽ പ്രഷേഴ്‌സ്, കടങ്ങൾ, മോക്ഷം. ഇനി, ഇത്രയും വൃത്തികെട്ട വിഷയങ്ങളിലൂടെ ആണല്ലോ വ്യാഴം നീങ്ങുന്നത് എന്നോർത്, ആരും ഭയപ്പെടേണ്ട. ഇതൊരു മോശം നീക്കമല്ല. പങ്കാളിയോ നിങ്ങളോ ദൂര ദേശത്തേക്ക് നീങ്ങാം. പന്ത്രണ്ടാം ഭാവത്തിൽ ഉൾപ്പെട്ടിട്ടുള്ള വേണ്ടാത്ത കാര്യങ്ങൾ അവയിൽ നിങ്ങൾ നിയന്ത്രണം പാലിക്കുക. കൂടുതൽ ആത്മീയതയിലേക്ക് പോകേണ്ട സമയമാകുന്നു. നിങ്ങളുടെ വെല്ലുവിളികൾ ഏതൊക്കെ ആണ്, അവയിൽ ഏതൊക്കെ നടപടികൾ ആണ് ഏറ്റവും അനുയോജ്യം എന്നൊക്കെ കണക്ക് കൂട്ടുകയും, അവയെ പാലിക്കുകയും ചെയ്യുക. പ്രശ്‌നം തീരും. മാത്രമല്ല ഇപ്പോൾ നിങ്ങളുടെ മൂന്നാം ഭാവത്തിൽ നില്ക്കുന്ന ശനി, മൂന്നാം ഭാവത്തിൽ നിന്ന് പത്താം ഭാവമായ പന്ത്രണ്ടിനെ നോക്കും/ദൃഷ്ടി ചെയ്യും ആ ദൃഷ്ടി നിങ്ങൾക്ക് സഹായകമാകും.

ലിബ്ര ലഗ്‌നം/ചന്ദ്രൻ

 കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നിവയിലാണ് വ്യാഴം നിൽക്കുക. കുട്ടികളുടെ കാര്യത്തിൽ ഉള്ള ശുഭ സൂചനകളെ ഇത് കാണിക്കുന്നു. സുഹൃത്തുക്കളുടെ എണ്ണം വർധിക്കാം. പുതിയ ഗ്രൂപുകളിൽ ചെന്ന് ചേരാം. സുഹൃത്തുക്കളിൽ നിന്ന് ധന സഹായവും ലഭിക്കാം. ധനസഹായം അതിരുവിടാതെ സൂക്ഷിക്കുക. വിവാഹിതരാകാനും, സുഹൃത്തുക്കൾ വഴി അധികാരത്തിലെത്താനും ഉള്ള നല്ല അവസരങ്ങൾ ഉണ്ടാകാം സോഷ്യൽ മീഡിയ. സോഷ്യൽ ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള ലാഭം ഉണ്ടാകണം. പതിനൊന്നാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങൾ ഏതൊക്കെ എന്ന് നോക്കാം. സുഹൃത്തുക്കൾ, സമൂഹം, സമാന മനസ്‌കർ അടങ്ങിയ ഗ്രൂപ്പുകൾ, നിങ്ങൾക്ക് താല്പര്യമുള്ള വിഷയങ്ങൾ, അഭിലാഷങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ, ലാഭങ്ങൾ എന്നിവയുടെ പൂർത്തീകരണം, ധനാഗമനം, ഏറ്റെടുക്കുന്ന സംരംഭങ്ങളിലെ വിജയം, ധനത്തിന്റെ വരവ്, അഭിവയോധികി, മുതിർന്ന സഹോദരങ്ങൾ, അസുഖത്തിൽ നിന്നുള്ള മോചനം, ഭാഗ്യങ്ങളുടെ തുടക്കം എന്നിവ ആകുന്നു പതിനൊന്നാം ഭാവത്തിലെ വിഷയങ്ങൾ. ഈ പതിനൊന്നാം ഭാവത്തിലേയ്ക്ക് ഇപ്പോൾ നിങ്ങളുടെ രണ്ടാം ഭാവത്തിലുള്ള ശനി രണ്ടിൽ നിന്ന് പത്താം ഭാവമായ പതിനൊന്നിലേക്ക് ദൃഷ്ടി ചെയ്യും. പതിനൊന്നാം ഭാവത്തിലെ വ്യക്തികളുടെ പ്രോത്സാഹനത്തോടെ പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളിൽ നിന്ന് ലാഭങ്ങൾ നേടും എന്നർത്ഥം. ഈ നേട്ടത്തിന്റെ ഏറ്റ കുറച്ചിലുകൾ അറിയണം എങ്കിൽ ബർത്ത് ചാർട്ടിൽ നിങ്ങളുടെ വ്യാഴം എത്ര ബലവാൻ ആണ്, ശനിയുടെ നില എന്താണെന്നു തിരിച്ചറിയണം.

സ്‌കോർപിയോ ലഗ്‌നം/ചന്ദ്രൻ

 ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ എന്ന പത്താം ഭാവത്തിൽ വ്യാഴം ഒരു വർഷം നിൽക്കും. ജോലിയിലെ മുന്നേറ്റങ്ങളെ ആണ് ഇത് സൂചിപ്പിക്കുന്നത് എന്ന് അറിയണം. ജോലി ഇല്ലാത്തവർക്ക്, ഉദാഹരണം വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരിൽ നിന്ന് നല്ല അനുഭവങ്ങൾ ഉണ്ടാകാം. മുന്നോട്ട് നീങ്ങേണ്ട സമയമാകുന്നു. ജോലിയിലെ ശുഭ കാര്യങ്ങൾക്ക് വേണ്ടി പ്രപഞ്ചം നിങ്ങൾ നടത്തുന്ന നീക്കങ്ങളെ അനുകൂലിക്കും എന്നർത്ഥം. ഈ അവസരം മനസിലാക്കി പ്രവർത്തിക്കുക. ഗവൺമെന്റ്, അധികാരികൾ എന്നിവരിൽ നിന്നും അനുകൂല നിലപാടുകൾ പ്രതീക്ഷിക്കാം. വാഹനം, വസ്തുക്കൾ എന്നിവയും വന്നു ചേരാവുന്ന സമയമാകുന്നു. ഈ ട്രാൻസിറ്റിന്റെ നീക്കം അറിയണമെങ്കിൽ എന്താണ് പത്താം ഭാവം എന്ന തിരിച്ചരിവ് ഉണ്ടായിരിക്കണം.

ഭ്രിഗു സൂത്രം അനുസരിച്ച് ആദരവ്, അന്തസ്സ്, സമൂഹത്തിലെ നിങ്ങളുടെ നില, പേര്, പെരുമ, അധികാരം, വിജയം, പദവി, ശ്രേണി, കീർത്തി, അഭിലാഷം, അധികാരം, ലൗകീക പ്രവർത്തികൾ, ഉത്തരവാദിത്തങ്ങൾ, സ്ഥിരത, അധികാരോന്നതി, പുരോഗതി, നിയമനം, ജോലി, മാതാ പിതാക്കൾക്ക് വേണ്ടി ചെയ്യുന്ന ഉപചാരങ്ങൾ, മതപരമായ ചടങ്ങുകൾ, സർക്കാർ, ഭരണ കർത്താവ്, തീർത്ഥ യാത്രകൾ, സർക്കാരിൽ നിന്നുള്ള ബഹുമതി. ഈ ഭാവത്തിലെ വിഷയങ്ങളിൽ നിന്ന് എന്ത് നിങ്ങൾ പ്രതീക്ഷിക്കുന്നോ അതിനു അനുസൃതമായി ജോലി ചെയ്താൽ ഫലം ഉറപ്പായും ഉണ്ടാകുന്നതാണ്. ഇപ്പോൾ നിങ്ങളുടെ ഒന്നാം ഭാവത്തിൽ നില്ക്കുന്ന ശനി, ഒന്നാം ഭാവത്തിൽ നിന്ന് ഈ പത്താം ഭാവത്തെ ദൃഷ്ടി ചെയ്യുന്നു. നാച്വറൽ സോഡിയാക് വീലിൽ ശനിയുടെ സ്വന്തം ഭാവമാണ് പത്താം ഭാവം. പത്താം ഭാവത്തിലെ അനുകൂല നീക്കത്തിന് ശനി വ്യാഴത്തെ സ്വധീനിക്കുന്നതാകുന്നു. പത്താം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങളിലെ തടസങ്ങൾ എന്തെല്ലാം അവയെ നീക്കം ചെയ്യാൻ എന്തൊക്കെ ചെയണം എന്നീ കാര്യങ്ങളും ഈ സമയം തെളിഞ്ഞു വരുന്നതാണ്. കൂടുതൽ നന്നായി അവലോകനം ചെയ്യാൻ നിങ്ങളുടെ ബര്ത്ത്ാ ചാര്ട്ടി ൽ ശനി, വ്യാഴം എന്നിവയുടെ അവസ്ഥ പരിശോധി ക്കുക.

സാജിറ്റേറിയസ് ലഗ്‌നം / ചന്ദ്രൻ

 ദൂര യാത്രകൾ, ഉയർന്ന പഠനം, തത്വ ചിന്ത, ആത്മീയത, വിദേശ ബന്ധം, എഴുത്ത്, പ്രസിദ്ധീകരണം എന്ന ഒൻപതാം ഭാവത്തിലേയ്ക്ക് വ്യാഴം നീങ്ങുന്നതാണ്. ഈ ഭാവം വ്യാഴത്തിന്റെ സ്വന്തം ഭാവം ആകുന്നു. പഠനം, പഠിപ്പിക്കൽ, കൂടുതൽ അറിവ് നേടൽ അവയെ മറ്റുള്ളവരിലേക്ക് പകർന്നു നല്കൽ എന്നീ വിഷയങ്ങൾ വളരെ അധികം സാദ്ധ്യതകൾ ഉണ്ടാകും. തത്വ ചിന്ത, ആത്മീയത, വിദേശ സംസ്‌കാരം, പുരാതന സംസ്‌കാരം എന്നിവയെ കുറിച്ചുള്ള കൂടുതൽ അറിവ് നേടുകയും അവ ജീവിതത്തിൽ വളർച്ച കൊണ്ടെത്തിക്കുകയും ചെയ്യും. ഇങ്ങനെ നേടുന്ന അറിവിൽ അല്പം അഹങ്കാരം ഉണ്ടാകാനും, ആ അഹങ്കാരം കൊണ്ട് അറിവ് തെറ്റായ രീതിയിൽ ഉപയോഗിക്കാനും സാധ്യത ഉണ്ട്. എഴുത്ത് പ്രസിദ്ധീകരണം എന്നിവയ്ക്കും അനുകൂല സാഹചര്യം നില നില്ക്കുന്നു. ഒൻപതാം ഭാവം സൂചിപ്പിക്കുന്ന കാര്യങ്ങൾ ഏതൊക്കെ എന്ന് നോക്കാം. ഭ്രിഗു സൂത്രം അനുസരിച്ച് വിശ്വാസം, ബുദ്ധി, ആരാധന, ഭാഗ്യം, തത്വ ചിന്ത, മതപരവും, താത്വികവും ആയ ആലോചനകൾ/വിശ്വാസങ്ങൾ, ധ്യാനം, ഉള്വിംളികൾ, ദീർഘ ദൃഷ്ടി, ആരാധനാലയം, ആചാരങ്ങൾ, ജീവകാരുണ്യ പ്രവർത്തനം, പിതാവ്, ഗുരു, ശിക്ഷണം, അനുശാസനം, ധാർമിക ചിന്ത, പേരക്കുട്ടികൾ, സ്വപ്‌നങ്ങൾ, ദർശനങ്ങൾ, ആത്മാക്കളുമായുള്ള സംസാരം, ദൂര യാത്ര, സമുദ്ര യാത്ര, വിമാന യാത്ര, വിദേശ സഞ്ചാരം, ഉയർന്ന പഠനം. ഈ വിഷയങ്ങൾ അടങ്ങിയ ഒൻപതാം ഭാവത്തിൽ അതീവ ശുഭകരങ്ങൾ ആയ സംഭവങ്ങൾ നടക്കേണ്ടതാകുന്നു. ആത്മീയമായ പഠനത്തിൽ ഏര്‌പ്പെയട്ടിരിക്കുന്നവർ, ഭരണത്തിൽ ഉള്ളവർ എന്നിവർക്ക് അനുകൂലമായ നീക്കങ്ങൾ കാണുവാൻ കഴിയും. ദൂര യാത്രകൾ, പഠിക്കാനും, പഠിപ്പിക്കാനും ഉള്ള അവസരങ്ങൾ എന്നിവയും നിങ്ങളെ തേടി വരാം. എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ ജോലി ചെയ്യുന്നവര്ക്ക് അനുകൂല സമയം ഉണ്ടാവേണ്ടാതാകുന്നു. ഇപ്പോൾ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന ശനി പന്ത്രണ്ടിൽ നിന്ന് പത്താം ഭാവമായ ഒൻപതാം ഭാവത്തെ നോക്കുമ്പോൾ ഒൻപതാം ഭാവത്തിലെ വിഷയങ്ങളിൽ ശക്തമായ ആയ നീക്കങ്ങൾ ഉണ്ടാവെണ്ടാതാകുന്നു. ഈ ഭാഗ്യങ്ങളുടെ ശരിയായ അവബോധം ഉണ്ടാകാൻ നിങ്ങളുടെ ബർത്ത് ചാർട്ടിൽ ശനിയുടെയും വ്യഴതിന്റെയും അവസ്ഥ എങ്ങനെ ആണെന്ന് പരിശോധിക്കുക

 കാപ്രിക്കോൺ ലഗ്‌നം /ചന്ദ്രൻ

സെക്‌സ്, നിഗൂഡത, തകർച്ചകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടാക്‌സ്, ഇൻഷുറൻസ്, രൂപാന്തരം, മറ്റുള്ളവരുടെ കഴിവുകൾ, എന്ന എട്ടാം ഭാവത്തിൽ വ്യാഴം എത്തും. ലോണുകൾ ലഭിക്കാൻ വളരെ അനുകൂല സമയം, ഈ സാധ്യത വർധിച്ചു വ്യാഴം അടുത്ത വർഷം അടുത്ത ഭാവത്തിലേയ്ക്ക് നീങ്ങുമ്പോൾ കടഭാരത്താൽ വലയാൻ വരെ സാധ്യത. മറ്റുള്ളവർ അവരുടെ വില പിടിച്ച വസ്തുക്കൾ നിങ്ങളെ ഏല്പിക്കാനും സാധ്യതയുണ്ട്/ വ്യാഴം ഈ ഭാവത്തിൽ നില്ക്കുന്ന സമയം ധനപരമായ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കാം. സെക്‌സ് പരമായ നീക്കങ്ങൾ നടക്കുമെന്നോർത്ത് ചിലർ സന്തോഷിച്ചേക്കാം. അത് വെറും ആലോചന മാത്രമാണെന്ന് സമയം നിങ്ങളെ ബോധ്യപ്പെടുത്തും. നിഗൂഡ വിഷയങ്ങളിൽ ഉള്ള താല്പര്യം, അവയിലെ പുതിയ അറിവുകളുടെ നേട്ടം എന്നിവ പ്രതീക്ഷിക്കാം.

ഭ്രിഗു സൂത്രം അനുസരിച്ച് എട്ടാം ഭാവത്തിൽ ഉൾപ്പെടുന്ന കാര്യങ്ങൾ ഇവ എല്ലാം. ദീർഘായുസ്സ്, രൂപാന്തരം, മരണം, അനന്തരാവകാശം, പൈതൃകം, വിൽപത്രം, പെൻഷൻ, പെൻഷൻ ആനുകൂല്യങ്ങൾ, അപകടങ്ങൾ, ദുരിതം, ദൗർഭാഗ്യം, ദുഃഖം, അപമാനം, താമസം നേരിടൽ, മനസ്സുമടുപ്പ്, പരാജയം, മോഷണം, കവർച്ച, അസുഖങ്ങൾ എന്നിവ ആകുന്നു. ഈ ഭാവത്തിൽ വ്യാഴം നില്ക്കുന്ന സമ്മിശ്ര ഫലങ്ങളോട് കൂടി ആയിരിക്കും. ധനപരമായ നീക്കങ്ങൾ സൂക്ഷിച്ചു വേണം. ഇപ്പോൾ പതിനൊന്നാം സ്ഥാനത് നിന്ന് കൊണ്ട് നിങ്ങളുടെ എട്ടാം ഭാവത്തെ നോക്കുന്നു. നിഗൂഡ വിഷയങ്ങളിൽ താല്പര്യം, മാനസികമായ രൂപാന്തരം എന്നിവ പ്രതീക്ഷിക്കാം. ഈ ഭാവത്തിലെ നില കൂടുതൽ അറിയുവാനായി നിങ്ങളുടെ ബർത്ത് ചാർട്ടിൽ വ്യാഴം, ശനി എന്നിവയുടെ അവസ്ഥയെ മനസിലാക്കുക.

അക്വേറിയസ് ലഗ്‌നം /ചന്ദ്രൻ

 വിവാഹം, പങ്കാളി, ബിസിനസ് ബന്ധങ്ങൾ, നിയമപരമായ ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കോണ്ട്രാക്ടുകൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ എന്ന ഏഴാം ഭാവത്തിലാണ് വ്യാഴം. ഈ ഭാവത്തിൽ വ്യാഴം നിൽക്കുമ്പോൾ സിംഗിൾസ് ആയവർക്ക് മിംഗിൾ ചെയ്യാനുള്ള വിശാലമായ അവസരം പ്രപഞ്ചം ഒരുക്കിയിരിക്കുന്നു. ഇത് കേട്ട് വിവാഹിതർ ആയവർ ദുഃഖിക്കേണ്ട. ഈ ട്രാൻസിറ്റ് നിങ്ങൾക്കും നിങ്ങളുടെ പങ്കാളികും ഒത്തു തീർപുകൾക്ക് വേണ്ടി ഉള്ള അനേക അവസരങ്ങൾ കൊണ്ട് വരും. ബന്ധങ്ങളിലെ അട്ജസ്ടുമെന്റുകൾക്ക് നിങ്ങളെ പ്രപഞ്ചം വെല്ലുവിളിക്കുകയും, നിങ്ങൾ വെറുമൊരു സാധാരണ മനുഷ്യൻ ആണെന്ന തിരിച്ചറിവ് കൂടുതൽ ഉണ്ടാകുകയും ചെയ്യും. ഏഴാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ പ്രാധാന്യം കൈ വരും. ജനുവരിയിൽ രാഹു കൂടി ഈ ഭാവത്തിലേയ്ക്ക് എത്തുമ്പോൾ കൂടുതൽ വിവാഹ ആലോചനകൾ, പലരും നിങ്ങളിലേക്ക് ആകർഷിതരായി എന്ന തോന്നൽ, അല്ലെങ്കിൽ വെറുതെ മറ്റുള്ളവരെ ആകർഷിച്ചു കൊണ്ടേയിരിക്കൽ, എന്നിവ സംഭവിക്കാം. പുതിയ കൊന്റ്രാക്ടുകൾ, നിയമം വഴി ഏർപ്പെടുന്ന ബന്ധങ്ങൾ, എന്നിവ ഉണ്ടാകാം.

ഇനി ഈ ഭാവത്തിൽ കാണുന്ന കുരുക്കുകളെ കുറിച്ച് പറയുന്നു. ഏഴാം ഭാവം സന്തോഷകരമായ പല കാര്യങ്ങളെയും സൂചിപ്പിക്കുന്ന പോലെ, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കളെയും സൂചിപ്പിക്കുന്നു നിങ്ങളുടെ ശത്രുക്കളാണെന്ന് നിങ്ങൾക്ക് ഉറപ്പുള്ള വ്യക്തികൾ അവരുടെ മേൽ ശ്രദ്ധ ഉണ്ടാവണം. അവർക്ക് നിങ്ങളുടെ മേൽ ആധിപത്യം നേടാൻ പ്രപഞ്ചം അവസരം 'ഒപ്പിച്ചു' കൊടുക്കും. ആഴമേറിയ ശത്രുത ഈ അവസരത്തിൽ തലപൊക്കുകയും അനാവശ്യ /ആവശ്യ പ്രശനങ്ങൾ നിങ്ങളുടെ മേൽ വരുകയും ചെയ്യാം. നിങ്ങൾ എന്താണ് ഭൂതകാലത്ത് അവരോടു ചെയ്തത് എന്നാ വിഷയത്തെ നിങ്ങൾ തന്നെ അടുത്തറിയുകയും, അവയെ തിരുത്തുവാനുള്ള അവസരത്തെ നിഷേധിക്കുകയും ചെയ്‌തേക്കാം. എന്ത് ചെയ്യണം എന്ന് മുതിര്ന്നവരുമായി കൂടി ആലോചിക്കുക.

ഇപ്പോൾ പത്താം ഭാവത്തിൽ നില്ക്കുന്ന ശനി, പത്താം ഭാവത്തിൽ നിന്ന്, ഏഴാം ഭാവത്തെ നോക്കും. ശനി ഏഴാം ഭാവത്തിൽ നില്ക്കുന്ന വ്യാഴത്തെ നോക്കുമ്പോൾ മനസിലാക്കേണ്ട കാര്യങ്ങൾ ഇനി പറയുന്നവയാകുന്നു. നാച്ചുറൽ സോഡിയാക് വീലിലെ ഏഴാം ഭാവം ലിബ്ര നിയന്ത്രിക്കുന്നു. ഈ ഭാവത്തിൽ ശനി ഉച്ചസ്തൻ അല്ലെങ്കിൽ exalted എന്ന അവസ്ഥയിൽ നില്ക്കുന്നു. ചുരുക്കി പറഞ്ഞാൽ ശനി ഈ ഭാവത്തിൽ നില്ക്കു ന്നതിൽ സന്തോഷവാൻ ആകുന്നു. ബിസിനസ് ബന്ധങ്ങൾ, പൊതുജന മധ്യത്തിൽ പ്രവര്ത്തിഭക്കുന്നവർ, വിവാഹം, പങ്കാളി എന്ന് വേണ്ട ഇങ്ങനെ എല്ലാ വിഷയങ്ങളിലും ഒരു നല്ല സ്ട്രക്ച്ചരിങ് നടത്തി മുന്നേറാൻ അവസരം ഉണ്ടാകുന്നു.
ഭ്രിഗു ശാസ്ത്രം അനുസരിച്ച് ഏഴാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങൾ ഇവയെല്ലാം വിവാഹം, ഒന്നിച്ചു ചേരൽ, ലൗകികമായ ബന്ധങ്ങൾ, നിയമപരമായ ബന്ധങ്ങൾ, ജീവിത പങ്കാളി, ബിസിനസ് പങ്കാളി, ദൂര ദേശത്തുള്ള സ്വാധീനവും, ബഹുമാനവും, സെക്ഷ്വൽ ജീവിതം, ജീവിതത്തിനു ഉള്ള അപകട ഭീഷണി

പയ്സീസ് ലഗ്‌നം /ചന്ദ്രൻ

 ജോലിസ്ഥലം, ആരോഗ്യം, സഹപ്രവർത്തകർ, ശത്രുക്കൾ ദിവസേന ഉള്ള ജീവിതം, ബാധ്യതകൾ, വളർത്തു മൃഗങ്ങൾ എന്ന ആറാം ഭാവത്തിൽ വ്യാഴം നില്ക്കും. ആറാം ഭാവം നമ്മുടെ കഷ്ടതകളെ എടുത്തു കാട്ടുന്ന ഭാവമാകുന്നു. പ്രധാനമായും ആരോഗ്യത്തെ മെച്ചപ്പെടുത്തേണ്ട അവസരങ്ങൾ ധാരാളമായി ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ അച്ചടക്കം പാലിക്കാൻ ഈ സാഹചര്യം നമ്മെ സഹായിക്കും. എന്തെങ്കിലും അസുഖങ്ങൾ ഉദാഹരണം, ഡയബറ്റീസ്, കൊളസ്‌ട്രോൾ എന്നിവ ഉള്ളവർ അത് നിയന്ത്രിച്ചില്ല എങ്കിൽ അനാവശ്യമായ ബാധ്യതകളിലേയ്ക്ക് ചെന്നെത്തും. ഈ ഭാവത്തിൽ എന്തൊക്കെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടോ അവയിൽ എല്ലാം ശ്രദ്ധാപൂർവ്വം നീങ്ങണം എന്നർത്ഥം. ആറാം ഭാവത്തിൽ സഹ പ്രവർത്തകരിൽ നിന്ന് അസഹ്യത ഉണ്ടായാൽ അല്പം ക്ഷമിക്കുക, ജാനുവരി ആകുമ്പോൾ അസഹ്യത പ്രദർശിപ്പിക്കുന്ന സഹ പ്രവർത്തകർ, ബാധ്യതകൾ, ആരോഗ്യം എന്നിവയെ ഒതുക്കാൻ പാകത്തിന് രാഹു ഈ ഭാവത്തിലേയ്ക്ക് വന്നെത്തും. അദ്ധേഹത്തിന്റെ പ്രധാന ജോലി ശത്രുക്കളെ മെരുക്കുക, സ്വന്തം ആധിപത്യം സ്ഥാപിച്ചെടുക്കുക എന്നിവ ആകുന്നു. മാത്രമല്ല ഇപ്പോൾ ഒൻപതാം ഭാവത്തിൽ നിൽക്കുന്ന ശനി , ഒൻപതാം ഭാവത്തിൽ നിന്ന്, 3,7,10 എന്നീ ഭാവങ്ങളെ നോക്കും. ആ ഭാവങ്ങൾ യഥാക്രമം 11, 3, 6 എന്നീ ഭാവങ്ങൾ ആകുന്നു. ഇതിൽ ആറാം ഭാവത്തെ ശനി നോക്കുമ്പോൾ അസുഖങ്ങളുടെ മേലുള്ള നിയന്ത്രണം, ശത്രുക്കളുടെ മേലുള്ള ആധിപത്യം എന്നിവ പ്രതീക്ഷിക്കുക. എങ്കിലും അല്പ സ്വല്പം ആയ കഷ്ടതകളിലൂടെ കടന്നു പോയി ബലവാൻ ആകാൻ പ്രപഞ്ചം നിങ്ങളോട് ആവശ്യപ്പെടുന്നു ബാധ്യതകൾ, കടങ്ങൾ, ചെലവ് എന്നിവ അധികം ആകുക ഇല്ലെങ്കിലും വരവും ചിലവും തുല്യമാണ് എന്ന് തോന്നിപ്പിക്കുന്ന അവസ്ഥകൾ ഉണ്ടാകാം. ഭാവിക്ക് വേണ്ടി കരുതി വെക്കാൻ മുൻഗണന കൊടുത്ത് നീങ്ങുക.

ഭ്രിഗു ശാസ്ത്രം അനുസരിച്ച് ആറാം ഭാവം സൂചിപ്പിക്കുന്ന കാര്യങ്ങൾ, അസുഖങ്ങൾ, പരിപോഷണം, ഭക്ഷണം, സേവനം, ജോലിക്കാർ, സേവകർ, കടങ്ങൾ, കന്നുകാലികൾ, വാടകക്കാർ, ശത്രുക്കൾ, മാതാവിന്റെ സഹോദരന്മാർ, പിശുക്ക്, മാനസിക സംഘട്ടനം, വ്യവഹാരങ്ങൾ.
jayashreeforecast@gmail.com