ശ്രീഹരിക്കോട്ട: പ്രപഞ്ചത്തിനു നേരെ ഇന്ത്യ തുറന്നു വയ്ക്കുന്ന കണ്ണാടി എന്നറിയപ്പെടുന്ന ഉപഗ്രഹം ആസ്‌ട്രോസാറ്റ് വിക്ഷേപണം നാളെ. ജ്യോതിശാസ്ത്ര പഠനം ലക്ഷ്യമിട്ടുള്ള ആദ്യ ഇന്ത്യൻ ഉപഗ്രഹമാണ് ആസ്‌ട്രോസാറ്റ്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ രാവിലെ 10നാണു വിക്ഷേപണം. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ നിർണായക കാൽവയ്‌പ്പാകും ഇത്. ആസ്‌ട്രോസാറ്റിനൊപ്പം അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ ആറു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും വിക്ഷേപിക്കും.

പിഎസ്എൽവി സി 30 ആകും ഇവയെ ഭ്രമണപഥത്തിലെത്തിക്കുക.
വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗൺ ഇന്നലെ ആരംഭിച്ചു. നക്ഷത്രങ്ങൾ, ക്ഷീരപഥങ്ങൾ, തമോഗർത്തങ്ങൾ, ഉയർന്ന ആവൃത്തിയുള്ള അൾട്രാ വയലറ്റ് എക്‌സ്‌റേ, ഗാമ തുടങ്ങിയ കിരണങ്ങളെ ആസ്‌ട്രോസാറ്റ് നിരീക്ഷിക്കും. പത്തു വർഷമെടുത്താണ് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ ഉപഗ്രഹം വികസിപ്പിച്ചെടുത്തത്. അഞ്ചു കൊല്ലമാണ് ദൗത്യകാലാവധി. 1513 കിലോഗ്രാമാണ് ഭാരം.

അമേരിക്കയുടെ ഹബിൾ ടെലിസ്‌കോപ്പിലും റഷ്യയുടെയും ജപ്പാന്റെയും ടെലിസ്‌കോപ്പുകളിലും ഇല്ലാത്ത നിരീക്ഷണസംവിധാനങ്ങൾ ആസ്‌ട്രോസാറ്റിലുണ്ട്. ആറ് പരീക്ഷണ ഉപകരണങ്ങളാണ് പേടകത്തിലുള്ളത്. 650 കിലോമീറ്റർ ഉയരത്തിലാണ് ഭ്രമണപഥം. അമേരിക്കയുടെ നാലും ക്യാനഡയുടെയും ഇന്തോനേഷ്യയുടെയും ഒന്നുവീതവും ഉപഗ്രഹങ്ങൾ ആസ്‌ട്രോസാറ്റിനൊപ്പം വിക്ഷേപിക്കുന്നുണ്ട്. പിഎസ്എൽവി സി30 വികസിപ്പിച്ചത് തിരുവനന്തപുരം വി എസ്എസ്സിയാണ്. വലിയമല എൽപിഎസ്‌സി, വട്ടിയൂർക്കാവ് ഐഐഎസ്യു എന്നിവയും മുഖ്യപങ്ക് വഹിച്ചു.