കണ്ണൂർ: പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു കെട്ടിയ മാലിന്യം ആരും കാണാതെ റോഡരികിൽ ഉപേക്ഷിക്കുന്ന സംസ്കാരസമ്പന്നരെന്ന് അഹങ്കരിക്കുന്നവരെ തോൽപ്പിച്ചു കളഞ്ഞിരിക്കുന്നു ഈ കൊച്ചു മിടുക്കന്മാർ. കണ്ണൂർ മയ്യിൽ പഞ്ചായത്തിലെ കരയളം എയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളായ മിറാസും അശ്വന്തുമാണ് ഈ കുരുന്നുകൾ. റോഡരികിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ഹരിതകർമ്മസേനക്ക് കൈമാറിയാണ് അവർ മാതൃകയായത്. ആരുടെയും പ്രേരണയില്ലാതെ യാണ് കൂട്ടുകാരും അയൽവാസികളുമായി ഇവർ മാലിന്യ ശേഖരണം നടത്തുന്നത്. പ്രകൃതിയെ സംരക്ഷിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് രണ്ടു പേരും ഒരേ സ്വരത്തിൽ പറയുന്നു.

മയ്യിൽ പഞ്ചായത്ത് ഹരിത കർമ്മസേനയുടെ സെക്രട്ടറി സീനയാണ് ഇവരുടെ സൽപ്രവർത്തി പഞ്ചായത്തിന്റേയും പൊതുജനങ്ങളുടേയും ശ്രദ്ധയിൽ കൊണ്ടുവന്നത്. പ്രകൃതി സ്നേഹം പാഠപുസ്തകത്തിലും ക്ലാസ് മുറിയിലും ഒതുക്കാതെ പ്രയോഗപഥത്തിൽ എത്തിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. അടുത്ത തവണ ഹരിതകർമ്മസേന വരുമ്പോൾ കൈമാറാനായി ഇപ്പോഴും മൂന്ന് ചാക്ക് നിറയെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സൂക്ഷിച്ച് വെച്ചിരിക്കുകയാണിവർ.

സമ്പൂർണ്ണ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി സംഘടിച്ച വിപുലമായ സ്വാഗതസംഘരൂപീകരണ യോഗത്തിൽ വച്ച് വിദ്യാർത്ഥികളെ പഞ്ചായത്ത് ഉപഹാരം നൽകി അനുമോദിച്ചു. പ്രകൃതിസംരക്ഷണത്തിൽ പുതുതലമുറ ജാഗരൂകരാണ് എന്നും അവരെ പിന്തുടരുകയാണ് സമൂഹം ചെയ്യേണ്ടതെന്നും പഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്ണ പറയുന്നു. മയ്യിൽ പഞ്ചായത്ത് പതിനഞ്ചാം വാർഡ് കരക്കണ്ടത്തിൽ ഹുസൈൻ റാബിയ ദമ്പതികളുടെയും രമേശ് ബിന്ദു ദമ്പതികളുടെയും മക്കളാണ് മിറാസും അശ്വന്തും.

അത്രയൊന്നും സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിലെ കുട്ടികൾ ആണെങ്കിലും മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും മുന്നിലാണ് ഇവരെന്ന് വാർഡ് മെമ്പറും റിട്ടയേഡ് ഹെഡ്‌മാസ്റ്ററുമായ രവി മാസ്റ്റർ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലും ഇവരെക്കുറിച്ചുള്ള വാർത്തകൾ സജീവമായിരിക്കുകയാണിപ്പോൾ.