- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് ഐയ്ക്കെതിരായ പരാതി പിൻവലിച്ചിട്ട് നീ എന്റെയടുത്ത് വരരുത്; ഹണിട്രാപ്പ് നായികയ്ക്ക് ഉപദേശങ്ങൾ നൽകിയ വിഴിഞ്ഞത്തെ 'റിട്ട എസ് പിയും' അന്വേഷണ പരിധിയിൽ; അശ്വതി അച്ചുവിനെതിരായ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം വരും; കേസെടുത്തത് പൊലീസ് ആസ്ഥാനത്തെ പരിശോധനയ്ക്ക് ശേഷം
തിരുവനന്തപുരം: കേരളാ പൊലീസിനെ പിടിച്ചുലയ്ക്കുന്ന ഫോൺകെണിയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തപ്പോൾ അന്വേഷണം പൊലീസിലേക്കും. കൊല്ലം അഞ്ചൽ സ്വദേശി അശ്വതി എതിരേയാണ് പാങ്ങോട് പൊലീസ് കേസ് എടുത്തത്. കൊല്ലം റൂറലിലെ എസ്ഐ ആണ് പരാതിക്കാരൻ. ഫോൺകെണി നടന്നതായി സ്പെഷ്യൽ ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടിപ്പ് നടന്നത് തിരുവനന്തപുരം, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ചാണ്.
പൊലീസുകാർക്കെതിരായ പരാതി പിൻവലിക്കരുതെന്ന് നിർബന്ധിക്കുന്ന ഡിവൈഎസ്പിയുടെ ഫോൺ സംഭാഷണം മറുനാടൻ പുറത്തു വിട്ടിരുന്നു. സർവ്വീസിൽ നിന്ന്ി വിരമിച്ച എസ് പിയാണ് അശ്വതിയുമായി ഫോണിൽ സംസാരിച്ചത്. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരടക്കം പൊലീസ് സേനയിലെ നിരവധി പേർ മുൾമുനയിലായ കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചത്. കൊല്ലം റൂറലിലെ എസ്ഐ നൽകിയ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അഞ്ചൽ സ്വദേശിയായ യുവതി സൗഹൃദം നടിച്ച് കെണിയിൽ വീഴ്ത്തി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
അശ്വതി അരുൺ അഭിയെ സഹായിക്കുന്നത് കേരളാ പൊലീസിലെ ഉന്നതർ തന്നെയെന്ന വസ്തുതയിലേക്കും അന്വേഷണം നീളും. ഹണിട്രാപ്പ് നായികയ്ക്ക് ഉപദേശങ്ങൾ നൽകുന്ന റിട്ട. എസ്പിയുടെ ഫോൺ സംഭാഷണം ഞെട്ടിക്കുന്നതായിരുന്നു. സഹപ്രവർത്തകരെ കുടുക്കുന്നതിനുള്ള മാർഗങ്ങളാണ് നിലവിൽ കേരളത്തിലെ ഒരു തുറമുഖത്തിന്റെ പ്രധാന തസ്തികയിലിരിക്കുന്ന ഇദ്ദേഹം അശ്വതി അരുൺ അഭിക്ക് ഫോണിലൂടെ ഉപദേശിക്കുന്നത്. ഇത്രയേറെ വിവാദങ്ങളുണ്ടായിട്ടും ഹണിട്രാപ്പ് നായിക കൂസലില്ലാതെ നിൽക്കുന്നതിന് പിന്നിൽ ഈ എസ്പിയാണെന്നാണ് സൂചന. ഇവരെ പറ്റി കേരളാ പൊലീസിലെ രഹസ്യവിഭാഗവും കേന്ദ്ര ഇന്റലിജൻസും അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. കൊല്ലത്തെ ഒരു എസ്ഐയെ കുടുക്കിയതിനെ തുടർന്ന് രണ്ട് വർഷം മുമ്പ് അന്ന് ഡിവൈഎസ്പി ആയിരുന്ന പിന്നീട് എസ്പി ആയി റിട്ടയേർഡ് ആയ വ്യക്തിയും അശ്വതിയും തമ്മിൽ നടന്ന സംഭാഷണമാണ് മറുനാടൻ പുറത്തുവിട്ടത്.
അതീവ സുരക്ഷ വേണ്ട സ്ഥാപനത്തിലാണ് ഇയാൾ ജോലി ചെയ്യുന്നത്. എങ്ങനേയാണ് വിമരിച്ച ശേഷം ഈ പദവിയിലേക്ക് ഇയാൾ എത്തിയതെന്നതിനെ കുറിച്ചും അന്വേഷണം നടത്തും. ഈയിടെ ഒരു മാധ്യമ പ്രവർത്തകൻ സ്ത്രീ പീഡന കേസിൽ കുടുങ്ങിയിരുന്നു. ഇയാൾക്കെതിരായ പരാതി മുക്കാൻ കൂട്ടു നിന്നവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് സേനയിലുണ്ടായിരുന്ന ഒരാളുടെ ഉപദേശം മാധ്യമ പ്രവർത്തകനും കിട്ടിയിരുന്നതാണ് സൂചന. ഈ മുൻ പൊലീസ് ഉദ്യോഗസ്ഥനും അശ്വതിയുമായുള്ള ഫോൺ സംഭാഷണം പൊലീസ് സേനയെ ഞെട്ടിപ്പിച്ചിട്ടുണ്ട്.
രണ്ടു വർഷം മുമ്പ് ഈ യുവതി ഇതേ എസ്ഐക്ക് എതിരേ മ്യൂസിയം പൊലീസിൽ പീഡന പരാതി നൽകിയിരുന്നു. അതിനുശേഷം പരാതി പിൻവലിച്ചു. പിന്നീട് വീണ്ടും ഇതേ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് എസ്ഐയുടെ പരാതി. വിവിധ റാങ്കുകളിലുള്ള ചില പൊലീസ് ഉദ്യോഗസ്ഥർ യുവതിയുടെ ഫോൺകെണിയിൽ വീണിട്ടുണ്ടെന്നാണ് വിവരം. വഴിവിട്ട ഇടപാടുകളായതിനാൽ പല ഉദ്യോഗസ്ഥരും പരാതിയൊന്നും നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം. മറുനാടൻ പുറത്തു വിട്ട തെളിവുകളാണ് നിർണ്ണായകമായി മാറിയത്. പൊലീസിലേക്കും അന്വേഷണം എഥ്തുമെന്നാണ് സൂചന.
യുവതിയുമായി ബന്ധപ്പെട്ട് ചില ശബ്ദസന്ദേശങ്ങളടക്കം പുറത്ത് വന്നിരുന്നു. ഇതേ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും ഫോൺകെണിയുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. യുവതിക്ക് പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തി്. തുടർന്നാണ് എസ്ഐയുടെ പരാതി പാങ്ങോട് സ്റ്റേഷനിൽ ലഭിച്ചത്. പൊലീസ് ആസ്ഥാനത്തടക്കം ഈ പരാതി പരിശോധിച്ച ശേഷമാണ് യുവതിക്കെതിരേ കേസെടുക്കാൻ തീരുമാനിച്ചത്. കൂടുതൽ പരാതികൾ വരാനുള്ള സാധ്യതയുമുണ്ട്. പാങ്ങോട് പൊലീസ് എടുത്ത കേസ് ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് കൈമാറും.
തനിക്ക് പൊലീസ് ഉന്നതരുമായി ബന്ധമൊന്നുമില്ലെന്ന് യുവതി പറയുന്നു. പുറത്തുവന്ന ശബ്ദസന്ദേശങ്ങൾ കൊല്ലം റൂറലിലെ എസ്ഐ എന്റെ ഫോണിൽ ഞാനറിയാതെ റെക്കോർഡ് ചെയ്തതിന് ശേഷം പ്രചരിപ്പിച്ചതാണെന്നും ഇവർ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരുമായി ഇതുവരെ ചാറ്റ് ചെയ്തിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇവർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ