- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് ഉദ്യോഗസ്ഥരെ കെണിയിലാക്കി ലക്ഷങ്ങൾ തട്ടിയ കേസ്: അശ്വതി പെൻഡ്രൈവിലാക്കി സമർപ്പിച്ച ഓഡിയോ ക്ലിപ്പുകൾ കോടതി കോടതി പരിശോധിക്കും; അശ്വതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഒക്ടോബർ 4ന് കോടതി പരിഗണിക്കും; സി ഡി ഫയലും അന്വേഷണ തൽസ്ഥിതി റിപ്പോർട്ടും ഹാജരാക്കാൻ കോടതി നിർദ്ദേശം
തിരുവനന്തപുരം: തേൻ കെണിയൊരുക്കി പൊലീസുദ്യോഗസ്ഥരെ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുത്ത ഹണിട്രാപ്പ് കേസിൽ പെൻ ഡ്രൈവിലാക്കിയ ഓഡിയോ ക്ലിപ്പുകൾ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി പരിശോധിക്കും. പ്രതിയായ അഞ്ചൽ അശ്വതി മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് തന്റെ ഭാഗം ന്യായീകരിക്കാനുള്ള തൊണ്ടി മുതലായി പെൻഡ്രൈവ് ഹാജരാക്കിയത്. ഹർജിയോടൊപ്പം അഡീഷണൽ ഡോക്യുമെന്റ് ആയി സെപ്റ്റംബർ 27 നാണ് അശ്വതി പെൻഡ്രൈവ് ഹാജരാക്കിയത്. പൊലീസുദ്യോഗസ്ഥരാണ് കുറ്റക്കാരെന്നും തന്റെ നിരപരാധിത്വം കോടതിക്ക് ബോധ്യപ്പെടാൻ പെൻഡ്രൈവ് കോടതി പരിശോധിക്കണമെന്നും ബോധിപ്പിക്കുകയായിരുന്നു. തുടർന്നാണ് ഓഡിയോ ക്ലിപ്പുകൾ കേൾക്കാൻ ജില്ലാ ജഡ്ജി പി. കൃഷ്ണ കുമാർ തീരുമാനിച്ചത്. ഒക്ടോബർ 4 ന് കേസ് വീണ്ടും പരിഗണിക്കും.
കേസ് ഡയറി ഫയലും അന്വേഷണ തൽസ്ഥിതി റിപ്പോർട്ടും 27 ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. തേൻ കെണി കേസിൽ പ്രതിയായ അഞ്ചൽ സ്വദേശിനി എ. ആർ. അശ്വതിയുടെ ജാമ്യഹർജി പരിഗണിക്കവേയാണ് ഉത്തരവിട്ടത്. തിരുവനന്തപുരം റൂറൽ പാങ്ങോട് പൊലീസ് സർക്കിൾ ഇൻസ്പെക്ടറോടാണ് കോടതി ഉത്തരവിട്ടത്. തന്നെ തേൻ കെണിയിൽ കുടുക്കി പണം തട്ടിയെന്ന കൊല്ലം റൂറൽ പൊലീസ് എസ്. ഐ. സുമേഷ് ലാലിന്റെ പരാതിയിലാണ് പാങ്ങോട് പൊലീസ് കേസെടുത്തത്.എസ് ഐ , സി ഐ റാങ്ക് തൊട്ട് ഉള്ള മേലാഫീസർമാരെയാണ് അശ്വതി തേൻ കെണിയൊരുക്കി കുടുക്കി പണം തട്ടിയത്. മാനക്കേട് കരുതി പൊലീസുദ്യോഗസ്ഥർ പരാതിപ്പെടാൻ മടിച്ചു നിൽക്കുകയാണ്.
ഫേസ്ബുക്കിൽ ഫോട്ടോകൾ വച്ച് 'അശ്വതി അരുൺ അഭി' എന്ന വ്യാജ പ്രൊഫൈലുണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥരുമായി മെസഞ്ചർ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിക്കും. തുടർന്ന് ഉഭയസമ്മതത്തോടെ പൊലീസുദ്യോഗസ്ഥരുമായി ലോഡ്ജ് മുറിയിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട് ദിവസങ്ങൾക്ക് ശേഷം വീണ്ടും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പ്രെഗ്നൻസി ടെസ്റ്റ് കാർഡിൽ ടോയ്ലറ്റ് ക്ലീനർ ഹാർപിക് ഒഴിച്ച് ചുവപ്പ് നിറമാക്കി കാണിച്ച് ഗർഭിണിയായെന്ന് സ്ഥാപിക്കും. കൂടാതെ ഇരകളായ പൊലീസ് ഏമാന്മാർക്ക് വിശ്വാസം വരുത്താൻ കൂട്ടുകാരി ലാബ് അസിസ്റ്റന്റായി ജോലി നോക്കുന്ന തലസ്ഥാനത്തെ കുമാരപുരം സ്വകാര്യ ആശുപത്രിയിൽ യൂറിൻ ടെസ്റ്റ് നടത്തിയതായി വെളിപ്പെടുത്തി താൻ ഗർഭിണിയാണെന്ന് കാണിക്കാൻ സംഘടിപ്പിച്ച വ്യാജ പോസിറ്റീവ് റിസൾട്ട് സർട്ടിക്കറ്റ് കാണിക്കുകയും അബോർഷന്റെ പേര് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുക്കുന്നതുമാണ് തേൻ കെണിക്കാരി അശ്വതിയുടെ മോഡസ് ഓപ്പറാന്റി (കുറ്റകൃത്യ പ്രവർത്തന രീതി). ഉദ്യോഗസ്ഥരുടെ ഭാര്യമാരെയും വിളിച്ച് ഭീഷണിപ്പെടുത്തുന്നതും തന്ത്രത്തിന്റെ ഭാഗമാണ്. കുടുംബ വഴക്കിൽ പല ഉദ്യോഗസ്ഥരും ആത്മഹത്യയുടെ വക്ക് വരെയെത്തുകയും ചെയ്തു.
പാങ്ങോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പ് ക്രൈം കേസ് വാദിയായ ഇതേ എസ് ഐ തുമ്പ പൊലീസ് സ്റ്റേഷനിൽ ജോലി നോക്കവേയാണ് ഇദ്ദേഹത്തിനെതിരെ അശ്വതി നൽകിയ പരാതിയിൽ 2020 ൽ തിരുവനന്തപുരം സിറ്റി മ്യൂസിയം പൊലീസ് ബലാൽസംഗ കേസ് എടുത്തത്. തുടർന്ന് എസ് ഐയിൽ നിന്ന് പണം വാങ്ങി കേസ് പരാതി പിൻവലിച്ചു. ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത് എഫ് ഐ ആർ ക്വാഷ് (റദ്ദാക്കുക) ചെയ്യുകയായിരുന്നു. എന്നാൽ തുടർന്നും അശ്വതി പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങിയതോടെ പണം നൽകി. ഇതാവർത്തിച്ചതിനെ തുടർന്നാണ് എസ് ഐയുടെ പരാതിയിൽ കേസെടുത്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 384 (ഭയപ്പെടുത്തിയുള്ള പണാപഹരണം), 385 (ഭയപ്പെടുത്തിയുള്ള അപഹരണം നടത്തുന്നതിലേക്കായി ആൾക്ക് ക്ഷതി നേരിടുമെന്ന ഭയം ഉളവാക്കൽ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇവയിൽ 384 ജാമ്യമില്ലാ വകുപ്പാണ്. ഹൈടെക്ക് സെല്ലിന്റെ സഹായത്തോടെ സൈബർ ഡോമും സംയുക്ത അന്വേഷണം നടത്തുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധുക്കളെയും അശ്വതി ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ നവ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സ്പെഷ്യൽ ബ്രാഞ്ചും പൊലീസ് ആസ്ഥാനവും രഹസ്യാന്വേഷണം നടത്തി. അച്ചടക്ക സേനയായ പൊലീസ് സേനക്ക് തന്നെ ആകെ മാനക്കേടായതിനെ തുടർന്ന് അശ്വതിയെ പൂട്ടാൻ പൊലീസുദ്യോഗസ്ഥർ ഗൂഢാലോചന നടത്തി എസ് ഐ സുമേഷ് ലാലിനെക്കൊണ്ട് പരാതി കൊടുപ്പിച്ച് ജാമ്യമില്ലാ കേസെടുത്തതാണെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്.
കൂടുതൽ പരാതിക്കാർ എത്താത്തതും ഹണി ട്രാപ്പിന്റെ ആഴവും വ്യാപ്തിയും കണ്ടെത്തുന്നതിൽ പൊലീസിനെ കുഴയ്ക്കുന്നുണ്ട്. അതേ സമയം അശ്വതിയെ അറസ്റ്റ് ചെയ്താൽ ഗുഡ് സർവ്വീസ് എൻട്രി കിട്ടിയ പല പൊലീസുദ്യോഗസ്ഥരുടെയും മുഖം മൂടി പുറത്ത് വരുമെന്നുള്ള ഭയത്താൽ അശ്വതിയെ അറസ്റ്റ് ചെയ്യാതെ പൊലീസുദ്യോഗസ്ഥർ തന്നെ സംരക്ഷിക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്. അശ്വതി ഇനിയും വായ തുറന്നാൽ പലരും തലയിൽ തോർത്തിട്ട് നടക്കേണ്ട ഗതി വരുമെന്നും പലരുടെയും തലകളുരുളുമെന്ന ഭയവും പൊലീസ് സേനയുടെ തലപ്പത്തുള്ളവർക്കുണ്ട്.