കൊച്ചി: സിനിമാ- സീരിയൽ താരം അശ്വതി ബാബുവിനെയും ഡ്രൈവർ ബിനോയ് എബ്രഹാമിനെയും മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത് ഷാഡോ പൊലീസിന്റെ അന്വേഷണ മികവ്. താരത്തിന് മയക്കുമരുന്ന് വിൽപ്പന ഉണ്ട് എന്ന രഹസ്യ വിവരം ലഭിച്ചപ്പോൾ തന്നെ ഷാഡോ എസ്‌ഐ എ.ബി വിബിനും സംഘവും അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണത്തിൽ ഡ്രൈവർ ബിനോയ് ആണ് മയക്കു മരുന്ന് എത്തിക്കുന്നത് എന്ന വിവരം ലഭിച്ചു. തുടർന്ന് ഇയാളെ പിൻതുടരാൻ തുടങ്ങി.

എറണാകുളത്ത് നിന്നും കെ.എസ്.ആർ.ടി.സി ബസിൽ ബാംഗ്ലൂരിലേക്ക് ഇയാൾ സ്ഥിരമായി യാത്രചെയ്യുന്നത് ശ്രദ്ധയിൽപെട്ടു. ഇതോടെയാണ് ബാംഗ്ലൂരിൽ നിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നത് എന്ന് കണ്ടെത്തി. അങ്ങനെയാണ് ഇന്ന് ബാംഗ്ലൂരിൽ നിന്നും വരികയായിരുന്ന ബിനോയ് സഞ്ചരിച്ച ബസിൽ പൊലീസും കയറിയത്. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരോട് മുൻകൂട്ടി പറഞ്ഞതിന് ശേഷമാണ് പൊലീസ് വാഹനത്തിൽ കയറിയത്. ഇയാളോട് വേഷം മാറി എത്തിയ പൊലീസ് കുശലാന്വേഷണം നടത്തുകയും സംസാരിക്കുകയും ചെയ്തു.

ആലുവയിൽ നിന്ന് കയറിയപ്പോൾ തന്നെ പൊലീസ് ഇയാളുടെ പക്കൽ സാധനം ഉണ്ടെന്ന് സ്ഥിരീകരിച്ചു, പിന്നീട് പാലാരിവട്ടത്ത് ഇറങ്ങിയ ശേഷം പടമുകളിലെ ഡി.ഡി ഗോൾഡൻ ഗേറ്റ് ഫ്ളാറ്റിലേക്ക് പോകുകയും അശ്വതിക്ക് കൈയിലുണ്ടായിരുന്ന മയക്കുമരുന്ന് പൊതി കൈമാറുകയും ചെയ്തു. ഞൊടിയിടയിൽ തന്നെ എസ്‌ഐ വിബിനും സംഘവും നടിയേയും ഡ്രൈവറേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും അറസ്റ്റ് ചെയതതിൽ കൈയടി നേടുകയാണ് എസ്‌ഐ ബിബിനും സംഘവും.

കൊച്ചിയിൽ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് റേവ് പാർട്ടികൾ സജീവമാകുന്നു എന്ന വിവരത്തെ തുടർന്ന് ഷാഡോ പൊലീസ് ജാഗരൂകരായിരുന്നു. ഡിസ്‌ക്കോ ലൈറ്റും കാതടപ്പിക്കുന്ന ഡിജെ സംഗീതവും കെമിക്കൽ ഡ്രഗ്ഗുകളുമെല്ലാം ചേർത്ത് ഫ്‌ളാറ്റുകളും കൊച്ചിയിലെയും വാഗമണ്ണിലെയും റിസോർട്ടുകളും കേന്ദ്രീകരിച്ചാണ് ലഹരി പാർട്ടികൾ. പതിനായിരം രൂപയ്ക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ദിവസത്തിന്റെയും രണ്ടു ദിവസത്തിന്റെയും പാർട്ടിയിൽ പങ്കെടുക്കാനാകും. പൊലീസിന്റെ ഇടപെടലിൽ തടസ്സം നേരിട്ടതിനെ തുടർന്നുണ്ടായ ചെറിയ ഇടവേളയ്ക്ക് ശേഷം ഹോട്ടലുകളിൽ നിന്നും ഫ്‌ളാറ്റുകളിലേക്കും വീടുകളിലേക്കുമാണ് റേവ് പാർട്ടികൾ മാറിയിരിക്കുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവിന്യാസങ്ങളും കാതടപ്പിക്കുന്ന ഡി ജെ സംഗീതവും ഡ്രഗ്ഗ് ഉപയോഗിക്കാനുള്ള സൗകര്യവുമെല്ലാം ഒരുക്കിയാണ് റേവ് പാർട്ടികൾ. ഇതിന് പുറമേ കൊച്ചിയിലെയും വാഗമണ്ണിലെയും ചില റിസോർട്ടുകൾ കേന്ദ്രീകരിച്ചു പാർട്ടികൾ നടക്കുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ലഹരി ഉപയോഗിക്കന്ന സ്ത്രീകൾ ഒത്തുകൂടി ഹോട്ടലിലെ തന്നെ മറ്റൊരു മുറിയെടുത്ത് റേവ് പാർട്ടികൾ ഒരുക്കുന്നതായും വിവരം കിട്ടിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടിയുടെ മയക്കുമരുന്ന് വിൽപ്പന ശ്രദ്ധയിൽപെട്ടത്. ഷാഡോ പൊലീസ് നടത്തിയ ഓപ്പറേഷനിലൂടെ സമൂഹത്തിൽ മാന്യത ചമഞ്ഞ് നടന്ന നടിയുടെ മുഖംമൂടി അഴിഞ്ഞു വീഴുകയായിരുന്നു.

ഷാഡോ പൊലീസ് തന്നെയാണ് ഇവർക്ക് പെൺവാണിഭം ഉണ്ട് എന്ന വിവരവും കണ്ടെത്തിയത്. വാട്ട്സാപ്പ് വഴി പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ച് കച്ചവടം ഉറപ്പിച്ച ശേഷം ബാങ്ക് അക്കൗണ്ട് വഴി തുക മുൻകൂറായി വാങ്ങിയ ശേഷമായിരുന്നു ഇടപാടുകളെല്ലാം നടന്നിരുന്നത്. ഇത് സംബന്ധിച്ച മുഴുവൻ ബാങ്ക് രേഖകളും ഷാഡോ പൊലീസ് കണ്ടെടുത്തു. മയക്കു മരുന്ന് കച്ചവടത്തിലൂടെയും പെൺവാണിഭത്തിലൂടെയും ലക്ഷങ്ങൾ ഇവർ സമ്പാദിച്ചു കൂട്ടിയിട്ടുണ്ട്. വരാപ്പുഴയിൽ കോടികൾ വിലമതിക്കുന്ന സ്ഥലം അടുത്തിടെ വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അശ്വതി മുൻപ് ലിവിങ് ടുഗതറായി ജീവിക്കുകയായിരുന്നു. ഒരു വർഷം മുൻപ് ആ ബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു.

ആവശ്യത്തിന് മദ്യവും മയക്കുമരുന്നും കൂടെ കിടക്കാൻ ആളെയും നൽകി ചെറിയ ഇടവേളയ്ക്ക് ശേഷം റേവ് പാർട്ടികൾ വീണ്ടും സജീവമാകുന്നു. പതിനായിരം വരെയുള്ള തുകയ്ക്ക് ആളെ കൊണ്ടുവരാനും കൊണ്ടുവിടാനും വാഹനം സഹിതം പാക്കേജുകളാണ് ഇത്തവണ വാർത്തയാകുന്നത്. ഐടി പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് കാക്കനാട്ട് ആഴ്ചാവസാനം നടന്ന ഇത്തരം ചില പാർട്ടികൾ പൊലീസിന്റെ നിരീക്ഷണത്തിലായിട്ടുണ്ട്. റേവ് പാർട്ടിക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് സംബന്ധിച്ച വിവരം സൈബർ സെല്ലിന്റെ സഹായത്തോടെ ഷാഡോ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇതിനായി നിരവധി വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ പ്രവർത്തിക്കുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് ഇത്തരം ഗ്രൂപ്പിൽ നിന്നും വിവരം മനസ്സിലാക്കി വരും ദിവസങ്ങളിൽ ശക്തമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ്. ഹോട്ടലിൽ നടന്നിരുന്ന പാർട്ടികളിൽ പൊലീസ് നിരീക്ഷണം ശക്തമായതോടെയാണ് ഫ്‌ളാറ്റുകളിലേക്കും വീടുകളിലേക്കും മാറിയിരിക്കുന്നത്. ആളുകളുടെ എണ്ണം കുറച്ചും മുറികൾ സൗണ്ട് പ്രൂഫാക്കിയുമാണ് പാർട്ടികൾ. ആവശ്യക്കാരെ പാർട്ടി നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവരികയും കൊണ്ടു പോകുകയും ചെയ്യാൻ വാഹനങ്ങളുമായാണ് പാക്കേജുകൾ. ക്രിസ്മസ് ന്യൂഈയർ ലക്ഷ്യമിട്ട് റേവ് പാർട്ടികൾ കൊച്ചിയിൽ നടക്കാൻ സാധ്യതയുള്ളതിനാൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

ക്രിസ്മസ് - പുതുവൽസര ആഘോഷങ്ങൾക്ക് ജില്ലയിലേക്ക് പുതുതലമുറ മയക്കുമരുന്നുകളുടെ ധാരളമായി എത്തുന്നുവെന്നാണ് സൂചന. വാണിഭവും നടക്കുന്നുണ്ട്. അശ്വതി ബാബുവും പെൺവാണിഭ സംഘത്തിലെ പ്രധാനിയാണ്. സിനിമ-സീരിയൽ രംഗത്ത് ചെറിയരീതിയിൽ ചുവടറുപ്പിച്ചുവന്ന അശ്വതി ബാബുവിന്റെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടികളും വിൽപനയും നടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. മയക്കുമരുന്ന് കേസിൽ പിടിയിലായതിന് പിന്നാലെ അശ്വതി ബാബുവിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടും അപ്രത്യക്ഷമായി. കഴിഞ്ഞ സെപ്റ്റംബറിൽ എറണാകുളത്തു നടന്ന മയക്കുമരുന്നു വേട്ടയിൽ 200 കോടിയുടെ ലഹരി വസ്തുക്കൾ എക്സൈസ് പിടികൂടിയിരുന്നു. 32 കിലോയുടെ എംഡിഎംഎ മരുന്നാണു അന്ന് പിടിച്ചെടുത്തത്. ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണിത്. നഗരത്തിലെ കൊറിയർ സർവീസുകൾ വഴിയാണ് എം.ഡി.എം.എ കടത്താൻ ശ്രമിച്ചത്. സംഭവം നടന്നു രണ്ടു മാസം പിന്നിടുമ്പോഴാണു അതേ മയക്കുമരുന്നുമായി സീരിയൽനടി അറസ്റ്റിലായത്.

മഴവിൽ മനോരമയിലെ ഭാഗ്യദേവതിയിലെ നടിയായിരുന്നു ആശ്വതി ബാബു. വെളിപാടിന്റെ പുസ്തകവും സുവർണ്ണ പുരുഷനുമായിരുന്നു അശ്വതി അഭിനയിച്ച സിനിമകൾ. മയക്കുമരുന്ന് കച്ചവടം കൊഴുപ്പിക്കാനായിരുന്നു ഇവർ കൊച്ചിയിലേക്ക് താമസം മാറ്റിയത്.