- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന്റെ ചിരിയും കുസൃതിയുമില്ലെങ്കിൽ ജീവിതം സീറോയെന്ന് പറഞ്ഞ അമ്മ; അച്ഛൻ മരിച്ച ശേഷം കഷ്ടപ്പെട്ട് വളർത്തിയ അമ്മയ്ക്ക് താങ്ങും തണലുമാകാൻ സൗദിയിലേക്ക് പറന്ന മാലാഖ; അമ്മയുടെ വിയോഗം മക്കളോട് പറയാൻ കഴിയാതെ വിതുമ്പുന്ന ജിജോഷ് മിത്രയും; സൗദിയിൽ വാഹനാപകടത്തിൽ മരിച്ച അശ്വതിയുടേയും ഷിൻസിയുടേയും മൃതദേഹം നാട്ടിലെത്തിക്കും
തിരുവനന്തപുരം: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്‌സുമാരായ അശ്വതി വിജയന്റെയും ഷിൻസി ഫിലിപ്പിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി കഴിഞ്ഞു. ഇതിനിടെയിലും നെയ്യാറ്റിൻകര അവണാകുഴി താന്നിമൂട് 'ഹരേ രാമ' ഹൗസിലുള്ള രണ്ടു കുട്ടികൾ അമ്മയുടെ മരണം ഇനിയും അറിഞ്ഞിട്ടില്ല. അവരെ ഈ ദുരന്തവാർത്ത അറിയിക്കാനുള്ള കരുത്ത് അച്ഛനായ ജിജോഷ് മിത്രയ്ക്കില്ല. ജീവിതപ്രാരാബ്ദങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സൗദിയിൽ മക്കളേയും കുടുംബത്തിനേയും വിട്ട് ജോലിക്ക് പോയതാണ് അശ്വതി. കുടുംബത്തെ എത്രയും വേഗം സൗദിയിൽ എത്തിക്കുകയെന്നതായിരുന്നു അഗ്രഹം. കോവിഡ് പ്രതിസന്ധി കാരണം അത് നടക്കാതെ പോയി. അതിനിടെ നെയ്യാറ്റിൻകരയിലെ കുടുംബത്തെ തേടി എത്തിയത് ദുഃഖവാർത്തയും.
വെള്ളിയാഴ്ച വൈകിട്ട് സൗദിയിലുണ്ടായ വാഹനാപകടത്തിലാണ് അശ്വതിയെന്ന നഴ്‌സിന്റെ സ്വപ്നങ്ങൾ പൊലിഞ്ഞത്. അവണാകുഴി താന്നിമൂട് ഹരേ രാമ ഹൗസിൽ ജിജോഷ് മിത്രയുടെ ഭാര്യയാണ് അശ്വതി വിജയൻ ( 31 ). മക്കൾ എട്ടു വയസുകാരി ദിക്ഷയും ആറു വയസുകാരൻ ദയാലും.സാമ്പത്തിക ബാദ്ധ്യത കാരണമാണ് മൂന്ന് വർഷം മുമ്പ് അശ്വതി സൗദിയിൽ ജോലിക്ക് പോയത്. ജിജോഷ് താന്നിമൂട്ടിൽ ബേക്കറി കട നടത്തുകയാണ്. കുടുംബത്തെ സൗദിയിൽ കൊണ്ടു പോകാനും അശ്വതി ശ്രമിച്ചിരുന്നു. ഡിസംബറിൽ മകന്റെ ജന്മനാളിന് വരുമെന്ന് ഉറപ്പ് നൽകിയായിരുന്നു അവസാനം അശ്വതി നാട്ടിൽ വന്നു മടങ്ങിയത്. അതും മൂന്ന് മാസം മുമ്പ്.
കിംസിൽ നിന്ന് ബി.എസ് സി നഴ്‌സിങ് പാസായ അശ്വതി കുറച്ച് കാലം സ്വകാര്യ ആശുപത്രികളിൽ താല്ക്കാലിക ജോലി നോക്കിയിരുന്നു. സർക്കാർ ഏജൻസി വഴിയാണ് സൗദിയിൽ ജോലി കിട്ടിയത്. ആദ്യ അവധിക്ക് നാട്ടിൽ വന്ന് പോയിട്ട് മൂന്നുമാസമേ ആയുള്ളൂ. പുതിയ വീട് വച്ചതിന്റെ ബാദ്ധ്യതയും നഴ്‌സിങ് പഠനത്തിന്റെ വിദ്യാഭ്യാസ വായ്പയും നിലവിലുണ്ട്. അതുകൊണ്ടാണ് ജോലിക്കായി സൗദിയിലേക്ക് പോയത്. നെട്ടയം ടാഗോർ നഗറിൽ അശ്വതി ഭവനിൽ ജലജയുടെ മകളാണ് അശ്വതി. അച്ഛൻ വർഷങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ മരിച്ച ശേഷം വളരെ ബുദ്ധിമുട്ടിയാണ് അമ്മ അശ്വതിയെ പഠിപ്പിച്ചതും വിവാഹം നടത്തിയതും. അരുൺ സഹോദരനാണ്. അമ്മയ്ക്ക് കൂടി താങ്ങും തണലുമാകാനായിരുന്നു അശ്വതിയുടെ വിദേശജോലി തേടിയുള്ള യാത്ര.
എല്ലാ ദിവസവും രണ്ടും മുന്നും തവണ വീഡിയോ കോളിൽ മക്കളുമായി അശ്വതി സംസാരിക്കുമായിരുന്നു. മകന്റെ ചിയും കുസൃതിയുമില്ലെങ്കിൽ തന്റെ ജീവിതം വെറും സീറോയാണെന്നായിരുന്നു മകന്റെ കഴിഞ്ഞ ജന്മദിനത്തിൽ അശ്വതി ഫേസ്‌ബുക്കിൽ എഴുതിയത്. അത്രയും കുടുംബത്തോടെ അടുപ്പം കാട്ടിയ വ്യക്തിയായിരുന്നു അശ്വതി. സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായിരുന്ന വാഹനാപകത്തിലാണ് അശ്വതി വിജയനും കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പും (28) മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് അപകടം. നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായിരുന്നു മരിച്ച രണ്ട് പേരും.
അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആലപ്പുഴ സ്വദേശി റിൻസി മേരി ജോസ് അപകടനില തരണം ചെയ്തിട്ടില്ല. മധുര സ്വദേശി സ്‌നേഹ ജോർജ്, ഹരിപ്പാട് സ്വദേശി അജിത്ത് എന്നിവരുടെ ആരോഗ്യനില മെച്ചപ്പെട്ടു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ റിയാദിലെ ഇന്ത്യൻ എംബസിയുമായും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായും ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും നോർക്ക റൂട്‌സ് സിഇഒ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും അറിയിച്ചു.
നജ്‌റാനിൽ നിന്ന് 80 കിലോമീറ്റർ അകലെ താർ ആശുപത്രിയിലെ സുഹൃത്തിനെ കാണാൻ പോയി മടങ്ങവേ വെള്ളിയാഴ്ച രാത്രിയിലുണ്ടായ അപകടത്തിലാണ് രണ്ട് നഴ്‌സുമാർ മരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ