തിരുവനന്തപുരം: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച അശ്വതി വിജയന് (31) നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി. നെയ്യാറ്റിൻകര അവണാകുഴി താന്നിമൂട് 'ഹരേ രാമ' ഹൗസിൽ ജിജോഷ് മിത്രയുടെ ഭാര്യ അശ്വതി വിജയനും കൂട്ടുകാരി ഷിൻസി ഫിലിപ്പുമാണ് സൗദിയിലെ അപകടത്തിൽ ദിവസങ്ങൾക്ക് മുമ്പ് മരിച്ചത്.

പ്രത്യേക വിമാനത്തിൽ ഇന്നലെ രാവിലെ ഇരുവരുടേയും മൃതദേഹം നാട്ടിൽ എത്തിച്ചു. അശ്വതി വിജയന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സൗദി അറേബ്യയിലെ കിങ് ഖാലിദ് ആശുപത്രിയിൽ നഴ്‌സായിരുന്നു. അശ്വതിയുടെ മൃതദേഹവുമായി ആംബുലൻസ് വീട്ടു പടിക്കൽ എത്തിയപ്പോൾ തന്നെ ബന്ധുക്കളും അയൽക്കാരും ദുഃഖം നിയന്ത്രിക്കാൻ പാടുപെട്ടു. ഭർത്താവ് ജിജോഷ് മിത്രയും മക്കളായ ആറു വയസ്സുകാരി ദിക്ഷയും നാലുവയസ്സുകാരനായ ദയാലും വിങ്ങിപ്പൊട്ടി. നാട് മുഴുവൻ ഇതു കണ്ട് ദുഃഖത്തിലായി. മക്കൾ, അമ്മയ്ക്ക് അന്ത്യയാത്ര ചൊല്ലിയതും പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു.

സൗദി അറേബ്യയിൽ 4ന് വൈകിട്ടാണ് അപകടത്തിൽ അശ്വതിയും കോട്ടയം കുറവിലങ്ങാട് സ്വദേശി നഴ്‌സ് വയലാ ഇടശേരിത്തടത്തിൽ ഷിൻസി ഫിലിപ്പും (28) മരിച്ചത്. ഷിൻസിയുടെ സംസ്‌കാരം ഇന്ന് നടക്കും. മരിക്കുന്നതിന് 15 മിനിട്ട് മുൻപ് അശ്വതി വീട്ടിൽ ഭർത്താവിനെ ഫോണിൽ വിളിച്ചിരുന്നു. മൂന്നു വർഷമായി, അശ്വതി സൗദിയിൽ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. ഏറ്റവും ഒടുവിൽ അവധിക്കു നാട്ടിൽ വന്നു മടങ്ങിയിട്ട് 3 മാസം കഴിഞ്ഞു. നെട്ടയം സ്വദേശിയായ വിജയന്റെയും ജലജയുടെയും മകളാണ്. അരുൺ വിജയൻ സഹോദരൻ.

ജീവിതപ്രാരാബ്ദങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സൗദിയിൽ മക്കളേയും കുടുംബത്തിനേയും വിട്ട് ജോലിക്ക് പോയതാണ് അശ്വതി. കുടുംബത്തെ എത്രയും വേഗം സൗദിയിൽ എത്തിക്കുകയെന്നതായിരുന്നു അഗ്രഹം. കോവിഡ് പ്രതിസന്ധി കാരണം അത് നടക്കാതെ പോയി. അതിനിടെ നെയ്യാറ്റിൻകരയിലെ കുടുംബത്തെ തേടി എത്തിയത് ദുഃഖവാർത്തയും. സാമ്പത്തിക ബാദ്ധ്യത കാരണമാണ് മൂന്ന് വർഷം മുമ്പ് അശ്വതി സൗദിയിൽ ജോലിക്ക് പോയത്. ജിജോഷ് താന്നിമൂട്ടിൽ ബേക്കറി കട നടത്തുകയാണ്. കുടുംബത്തെ സൗദിയിൽ കൊണ്ടു പോകാനും അശ്വതി ശ്രമിച്ചിരുന്നു. ഡിസംബറിൽ മകന്റെ ജന്മനാളിന് വരുമെന്ന് ഉറപ്പ് നൽകിയായിരുന്നു അവസാനം അശ്വതി നാട്ടിൽ വന്നു മടങ്ങിയത്. അതും മൂന്ന് മാസം മുമ്പ്.

കിംസിൽ നിന്ന് ബി.എസ് സി നഴ്സിങ് പാസായ അശ്വതി കുറച്ച് കാലം സ്വകാര്യ ആശുപത്രികളിൽ താല്ക്കാലിക ജോലി നോക്കിയിരുന്നു. സർക്കാർ ഏജൻസി വഴിയാണ് സൗദിയിൽ ജോലി കിട്ടിയത്. ആദ്യ അവധിക്ക് നാട്ടിൽ വന്ന് പോയിട്ട് മൂന്നുമാസമേ ആയുള്ളൂ. പുതിയ വീട് വച്ചതിന്റെ ബാദ്ധ്യതയും നഴ്സിങ് പഠനത്തിന്റെ വിദ്യാഭ്യാസ വായ്പയും നിലവിലുണ്ട്. അതുകൊണ്ടാണ് ജോലിക്കായി സൗദിയിലേക്ക് പോയത്. അച്ഛൻ വർഷങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ മരിച്ച ശേഷം വളരെ ബുദ്ധിമുട്ടിയാണ് അമ്മ അശ്വതിയെ പഠിപ്പിച്ചതും വിവാഹം നടത്തിയതും. അരുൺ സഹോദരനാണ്. അമ്മയ്ക്ക് കൂടി താങ്ങും തണലുമാകാനായിരുന്നു അശ്വതിയുടെ വിദേശജോലി തേടിയുള്ള യാത്ര.

എല്ലാ ദിവസവും രണ്ടും മുന്നും തവണ വീഡിയോ കോളിൽ മക്കളുമായി അശ്വതി സംസാരിക്കുമായിരുന്നു. മകന്റെ ചിയും കുസൃതിയുമില്ലെങ്കിൽ തന്റെ ജീവിതം വെറും സീറോയാണെന്നായിരുന്നു മകന്റെ കഴിഞ്ഞ ജന്മദിനത്തിൽ അശ്വതി ഫേസ്‌ബുക്കിൽ എഴുതിയത്. അത്രയും കുടുംബത്തോടെ അടുപ്പം കാട്ടിയ വ്യക്തിയായിരുന്നു അശ്വതി. സൗദി അറേബ്യയിലെ നജ്റാനിലുണ്ടായിരുന്ന വാഹനാപകടത്തിലാണ് അശ്വതി വിജയനും ഷിൻസി ഫിലിപ്പും മരിച്ചത്.

ഇവർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് അപകടം. നജ്‌റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരായിരുന്നു മരിച്ച രണ്ട് പേരും. നജ്റാനിൽ നിന്ന് 80 കിലോമീറ്റർ അകലെ താർ ആശുപത്രിയിലെ സുഹൃത്തിനെ കാണാൻ പോയി മടങ്ങവേ രാത്രിയിലുണ്ടായ അപകടത്തിലാണ് രണ്ട് നഴ്സുമാരും മരിച്ചത്.