ചെന്നൈ: ഇംഗ്ലണ്ടിനെതിരെ അടുത്തമാസം ഒന്നിന് ആരംഭിക്കുന്ന ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനൊപ്പം ഓഫ് സ്പിന്നർ അശ്വിൻ ഉടൻ ചേരില്ല. കോവിഡ് ബാധിതനായതിനെത്തുടർന്ന് ഈ മാസം 16ന് ലണ്ടലിനേക്ക് പോയ ഇന്ത്യൻ ടീമിനൊപ്പം അശ്വിന് പോകാനായിരുന്നില്ല. നിലവിൽ ക്വാറന്റീനിലുള്ള അശ്വിൻ കോവിഡ് നെഗറ്റീവയശേഷമെ ഇംഗ്ലണ്ടിലെത്തു.

ഇതോടെ ഈ മാസം 24ന് ആരംഭിക്കുന്ന ലെസസ്റ്റർഷെയറിനെതിരായ ചതുർദിന പരിശീലന മത്സരവും അശ്വിന് നഷ്ടമാവും. എന്നാൽ അടുത്ത മാസം ഒന്നിന് ഏജ്ബാസ്റ്റണിൽ ആരംഭിക്കുന്ന ടെസ്റ്റിന് മുമ്പ് അശ്വിൻ ഇന്ത്യൻ സംഘത്തോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം നടന്ന പരമ്പരയിൽ നാലു മത്സരങ്ങളിലും അശ്വിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.

ഇംഗ്ലണ്ടിലേക്ക് ഇന്ത്യൻ ടീം മൂന്നോ നാലോ സംഘമായാണ് ഇത്തവണ എത്തിയത്. 16ന് പോയ ആദ്യ സംഘത്തിൽ മുൻ ക്യാപ്റ്റൻ വിരാട് കോലി, ജസ്പ്രീത് ബുമ്ര, ചേതേശ്വർ പൂജാര അടക്കമുള്ള താരങ്ങളായിരുന്നു ഉണ്ടായിരുന്നത്.

ക്യാപ്റ്റൻ രോഹിത് ശർമ പിന്നീടാണ് ലണ്ടനിലെത്തിയത്. ദക്ഷിണാഫ്രിക്കക്കെതരായ ടി20 പരമ്പര പൂർത്തിയാക്കിയശേഷം ശ്രേയസ് അയ്യരും റിഷഭ് പന്തും പിന്നീട് ഇംഗ്ലണ്ടിലെത്തി. പരിശീലന മത്സരത്തിന് ഇറങ്ങുന്നിന് മുന്നോടിയായി ഇന്ത്യൻ താരങ്ങൾ ക്യാപ്റ്റൻ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നു.

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന ടെസ്റ്റാണ് ഇന്ത്യ ഈ വർഷം കളിക്കുന്നത്. ടീമിലെ കോവിഡ് ബാധയെത്തുടർന്നാണ് കഴിഞ്ഞ വർഷം ടെസ്റ്റ് പരമ്പര പൂർത്തിയാക്കാതെ ഇന്ത്യ മടങ്ങിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ് പരമ്പര.ഇത്തവണ ബയോ ബബിൾ നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് സൂചന.

പരമ്പരയിൽ ഇന്ത്യ നിലവിൽ 2-1ന് മുന്നിലാണ്. ഏജ്ബാസ്റ്റണിൽ ജയമോ സമനിലയോ നേടിയാൽ ഇന്ത്യക്ക് പരമ്പര നേടാനാവും.എന്നാൽ ബെൻ സ്റ്റോക്‌സിന്റെ നേതൃത്വത്തിലറങ്ങുന്ന ഇംഗ്ലണ്ട് തകർപ്പൻ ഫോമിലാണ്. ന്യൂസിലൻഡിനെതിരെ നടന്ന പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും ഇംഗ്ലണ് ആധികാരിക ജയം നേടിയിരുന്നു.