വിയന്ന: ഓസ്ട്രിയയിലേക്കുള്ള അഭയാർഥി പ്രവാഹത്തിന് ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. മേയിലെ കണക്ക് അനുസരിച്ച് മുൻ വർഷത്തെ അപേക്ഷിച്ച് അഭയാർഥിത്വ അപേക്ഷകളിൽ 40 ശതമാനം കുറവാണ് അനുഭവപ്പെട്ടിട്ടുള്ളത്.

ഈ വർഷം മെയ്‌ മാസത്തിൽ തന്നെ 3765 അഭയാർഥിത്വ അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. 2015 ഇതേ മാസം 6408 അഭയാർഥിത്വ അപേക്ഷകളായിരുന്നു ലഭിച്ചത്. അഭയാർഥികൾ സെൻട്രൽ യൂറോപ്പിലേക്കു കടക്കാൻ ഉപയോഗിച്ചിരുന്ന ബാൽക്കൻ റൂട്ട് അടച്ചതും ഹംഗറി, ഇറ്റലി രാജ്യങ്ങളുമായുള്ള അതിർത്തികളിൽ അഭയാർഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതുമാണ് ഓസ്ട്രിയയിലേക്കുള്ള അഭയാർഥിപ്രവാഹത്തിന് ഇടിവു വരാൻ കാരണം.

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കണക്കുപ്രകാരം ഓസ്ട്രിയയ്ക്ക് ലഭിച്ചിരിക്കുന്ന അഭയാർഥിത്വ അപേക്ഷകളിൽ ആദ്യപാദത്തിൽ 55 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളതെന്ന് വെളിപ്പെടുത്തുന്നു. 2015 ആദ്യപാദവുമായി താരതമ്യപ്പെടുത്തുമ്പോഴാണിത്. ഓസ്ട്രിയയിലേക്കുള്ള അഭയാർഥികളുടെ എണ്ണത്തിൽ ഇടിവു സംഭവിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും യൂറോപ്പിൽ ജനസാന്ദ്രതയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കൂടുതൽ അഭയാർഥിത്വ അപേക്ഷകളുള്ള രാജ്യങ്ങളിലൊന്നാണിത്.