മസ്‌ക്കറ്റ്; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഡ്രൈവർമാർ നിയമലംഘനം നടത്തുന്നുണ്ടെങ്കിൽ അതു കണ്ടെത്താനും സ്‌കൂൾ ബസുകളിൽ സാറ്റലൈറ്റ് ട്രാക്കിങ് സംവിധാനം ഏർപ്പെടുത്താൻ വിദ്യാഭ്യാസ മന്ത്രാലയം. 2016-17 അധ്യയന വർഷം മുതൽ സ്‌കൂൾ ബസുകളിൽ സാറ്റലൈറ്റ് ട്രാക്കിങ് സംവിധാനം ഏർപ്പെടുത്താനാണ് അൽ ബുറൈമിയിൽ ചേർന്ന ഉന്നത തലയോഗം തീരുമാനിച്ചിരിക്കുന്നത്.

2016-17 അധ്യയന വർഷം ഒന്നാം ഗ്രേഡ് മുതൽ നാലാം ഗ്രേഡ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള സ്‌കൂൾ ബസുകളിലാണ് ട്രാക്കിങ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. സ്‌കൂൾ കുട്ടികളുടെ സുരക്ഷ മാത്രമല്ല, ബസുകളുടെ റൂട്ടും ബസ് നിർത്തുന്ന ലൊക്കേഷനുകളും തിരിച്ചറിയാനും നിരീക്ഷിക്കാനും ഇതിൽ സംവിധാനമുണ്ടാകും. സാറ്റലൈറ്റ് ട്രാക്കിങ് സംവിധാനം നിരീക്ഷിക്കാൻ പ്രത്യേക കമ്മിറ്റിയേയും രൂപീകരിക്കും. ബസ് ഡ്രൈവറുടെ പെരുമാറ്റം, അമിത വേഗത, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, സീറ്റ് ബൽറ്റ് ഇടാതിരിക്കുക തുടങ്ങിയവയും ഇതിലൂടെ നിരീക്ഷിക്കാൻ സാധിക്കും.

മന്ത്രാലയം, ബന്ധപ്പെട്ട വകുപ്പുകൾ, സ്‌കൂൾ അധികൃതർ, മാതാപിതാക്കൾ തുടങ്ങിയവർക്ക് ഈ സംവിധാനത്തിലൂടെ ബസിന്റെ റൂട്ടുകളും മറ്റും പരിശോധിക്കാൻ സാധിക്കും. കൂടാതെ ദിവസേന റിപ്പോർട്ടും ലഭ്യമാകും. തങ്ങളുടെ റെസിഡൻഷ്യൽ മേഖലയിൽ കുട്ടിയെ ഇറക്കുന്നതിന് മുമ്പ് ഇതു സംബന്ധിച്ച എസ്എംഎസ് മാതാപിതാക്കൾക്കു ലഭിക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്കായി ഫിംഗർപ്രിന്റ് സ്‌കാനർ, സ്മാർട്ട് കാർഡ് റീഡർ തുടങ്ങിയവയും ഇതിന്റെ ഭാഗമായി ബസിൽ നടപ്പിലാക്കും. കുട്ടികൾ ബസിൽ നിന്ന് പുറത്തിറങ്ങിയോ എന്നു പോലും മാതാപിതാക്കൾക്ക് ഇതിലൂടെ മനസിലാക്കാൻ സാധിക്കും. ബസിനുള്ളിലുള്ള കുട്ടികളുടെ എണ്ണം, എത്ര പേർ ഇറങ്ങി, എത്രപേർ കയറി തുടങ്ങിയ വിവരങ്ങളും അധികൃതർക്ക് ഇതിലൂടെ ലഭ്യമാകുമെന്നതാണ് മറ്റൊരു പ്രത്യേകത.