- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിന് പിന്നിൽ നായയെ കെട്ടിവലിച്ച സംഭവത്തിൽ പൊലീസ് ശ്രമിച്ചത് പ്രതിയെ രക്ഷിക്കാൻ; ചുമത്തിയത് നിസ്സാര വകുപ്പുകൾ; മൃഗസ്നേഹികളുടെ സംഘടന ആലുവ കോടതിയെ സമീപിച്ചു
അങ്കമാലി: അങ്കമാലി അത്താണിയിൽ കാറിനു പിന്നിൽ നായയെ കെട്ടിവലിച്ച് മൃതപ്രായനാക്കിയ സംഭവത്തിൽ പൊലീസിനെതിരെ മൃഗസ്നേഹികളുടെ സംഘടന കോടതിയിൽ. പ്രതി യൂസഫിനെതിരെ നിസ്സാരവകുപ്പുകളാണ് ചെങ്ങമനാട് പൊലീസ് ചുമത്തിയത് എന്നാരോപിച്ചാണ് ആലുവ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
പ്രതിയായ യൂസഫിന് എതിരെ വെറും 50 രൂപ പിഴ ചുമത്താവുന്ന വകുപ്പ് മാത്രമാണ് ചെങ്ങമനാട് പൊലീസ് എഫ്ഐ ആറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതെന്നും ഇതിനെതിരൈ കോടതിയെ സമീപിച്ചതായും അനിമൽ ലീഗൽ ഫോഴ്സ് ജനറൽ സെക്രട്ടറി ഏംഗൽസ് നായർ അറിയിച്ചു.
ഐ പി സി 428/429 വകുപ്പുകൾ ചുമത്തിയിട്ടുണ്ടെങ്കിലും ആ നായയെ കൊന്നാലോ അംഗവൈകല്യം സംഭവിപ്പിച്ചാലോ മാത്രമേ ഈ വകുപ്പുകൾ പ്രകാരം കോടതിക്ക് പ്രതിയെ ശിക്ഷിക്കാൻ സാധിക്കുകയുള്ളൂ. പ്രതി യൂസഫിനെ എന്തു മാർഗവും ഉപയോഗിച്ച് രക്ഷപെടുത്താൻ ആയിരുന്നു സംഭവം നടന്ന ഉടനെതന്നെ പതിനൊന്നാം തീയതി വൈകിട്ട് 4.48 ന് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ആ സമയത്ത് നായയെ രക്ഷപെടുത്തിയിരുന്നില്ല. മാത്രമല്ല പൊലീസ് ആ നായയെ കണ്ടെത്താൻ ശ്രമിച്ചതുമില്ല-എംഗൽസ് നായർ ആരോപിച്ചു.
പൊലീസിന്റെ നടപടിയിൽ ദുരൂഹത തോന്നിയതിനെത്തുടർന്നാണ് സംഭവത്തിൽ അന്വേഷണം നടത്തിയതെന്നും ഇതെത്തുടർന്നാണ് എഫ് ഐ ആറിലെ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടെതെന്നും എംഗൽസ് നായർ വാർത്താകുറിപ്പിൽ അറിയിച്ചു.
ഈ സംഭവത്തിൽ മനഃപൂർവ്വം നായയെ കൊല്ലാൻ ശ്രമിച്ചതിനും, ഉപേക്ഷിച്ചതിനും വാഹനം ഒരു കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ചതിനും എട്ടോളം വകുപ്പുകൾ പ്രകാരം പ്രതിയെ വിചാരണ നടത്തണം എന്നാണ് താൻ നൽകിയിട്ടുള്ള ഹർജിയിലെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.