കോഴിക്കോട്: രണ്ടാനമ്മയുടെ ക്രൂര മർദ്ദനമേറ്റ് മരിച്ച ആറുവയസുകാരി അദിതി എസ്. നമ്പൂതിരി മരിച്ച കേസിൽ പ്രധാനപ്രതിക്ക് രണ്ട് വർഷം മാത്രം ശിക്ഷ. കുട്ടിയുടെ പിതാവിന് മൂന്ന് വർഷത്തെയും കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ കഥകൾ പുറത്തുവന്ന കേസിൽ പൊലീസ് ചുമത്തിയ കൊലക്കുറ്റം കോടതി തള്ളി. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായ വൻ വീഴ്‌ച്ചയാണ് കേസിനെ കൂടുതൽ ദുർബലമാക്കിയത്.

ഒന്നാം പ്രതി ബിലാത്തികുളം ലക്ഷ്മിനിവാസിൽ താമസിക്കുന്ന തിരുവമ്പാടി തട്ടേക്കാട് ഇല്ലത്ത് മനോജ് നമ്പൂതിരി എന്ന സുബ്രഹ്മണ്യൻ നമ്പൂതിരി(41), ഭാര്യ മങ്കട സ്വദേശിനി ദേവിക അന്തർജനം എന്ന റംലബീഗം(43) എന്നിവരെയാണ് കോഴിക്കോട് ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി ശിക്ഷിച്ചത്. സുബ്രഹ്മണ്യൻ നമ്പൂതിരിക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴസംഖ്യ കേസിലെ ഒന്നാംസാക്ഷിയും അദിതിയുടെ സഹോദരനുമായ അരുൺ എസ്. നമ്പൂതിരിക്ക് നൽകണം. അരുൺ എസ്. നമ്പൂതിരിയെ കൊല്ലാൻ ശ്രമിച്ചെന്ന കുറ്റവും കോടതി തള്ളി.

കേസിലെ പ്രതികളായ ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മി നിവാസിൽ താമസിച്ച തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയെയും രണ്ടാംഭാര്യ റംല ബീഗം എന്ന ദേവികയെയും ബാലികയെ ദേഹോപദ്രവം ഏൽപ്പിച്ചതിന് മാത്രമാണ് കോടതി ശിക്ഷിച്ചത്. വിചാരണക്കോടതി വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. ഒന്നാം പ്രതിക്ക് ഐ.പി.സി. 324ാം (ആയുധംകൊണ്ട് മർദിക്കൽ) വകുപ്പുപ്രകാരം മൂന്നുവർഷം കഠിനതടവും ഐ.പി.സി. 323ാം വകുപ്പ് പ്രകാരം (കൈകൊണ്ടടിക്കൽ) ഒരുവർഷം കഠിനതടവും ബാലനീതിനിയമത്തിലെ 23ാം സെക്ഷൻ പ്രകാരം ആറുമാസം കഠിനതടവുമാണ് വിധിച്ചത്. മർദിക്കാൻ പ്രേരിപ്പിച്ചതിനാണ് രണ്ടാംപ്രതി ദേവികയെ ഐ.പി.സി. 324 വകുപ്പുപ്രകാരം രണ്ടുവർഷം കഠിനതടവ് വിധിച്ചത്. ഒന്നാം പ്രതിക്കെതിരെയുള്ള ബാക്കി കുറ്റങ്ങളെല്ലാം രണ്ടാം പ്രതിക്കെതിരെയും നിലനിൽക്കുന്നുണ്ട്. വിവിധ വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒന്നാം പ്രതി മൂന്നുവർഷം കഠിനതടവ് അനുഭവിച്ചാൽമതി.

2013 ഏപ്രിൽ 29നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് ഈസ്റ്റ്ഹിൽ ബി.ഇ.എം. യു.പി.സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയായിരുന്ന അദിതി എസ്.നമ്പൂതിരി മർദനമേറ്റ് മരിക്കുകയായിരുന്നു. അച്ഛനും രണ്ടാനമ്മയും ക്രൂരമായി മർദിച്ചും പൊള്ളലേൽപ്പിച്ചും കൊന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതികൾ പല സമയങ്ങളിലായി 11 മാസത്തോളം ജയിൽ ശിക്ഷയനുഭവിച്ചു കഴിഞ്ഞു. ഇപ്പോൾ ശിക്ഷിക്കപ്പെട്ട വകുപ്പുകൾപ്രകാരം ജാമ്യം ലഭിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മർദനമാണ് മരണത്തിന് കാരണമായതെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

അച്ഛന്റെയും രണ്ടാനമ്മയുടെയും ആഴ്ചകളോളം നീണ്ട ശാരീരിക പീഡനത്തിനൊടുവിൽ 2013 ഏപ്രിൽ 29-നാണ് ബിലാത്തിക്കുളം ബി ഇ എം യു പി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന അതിദി മരണത്തിന് കീഴടങ്ങിയത്. പട്ടിണിക്കിട്ട് അവശയായ അതിദിയെ അരയ്ക്കുതാഴെ സാരമായി പൊള്ളിയ നിലയിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരണപ്പെട്ടതിനാൽ പ്രതികൾ മൃതദേഹം കൊണ്ടുപോവാൻ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതർ ഇടപെട്ട് മെഡിക്കൽ കോളജിലെത്തെിച്ചു. തുടർന്നാണ് ക്രൂരമായ പീഡനകഥ പുറത്തായത്. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കുട്ടിയുടെ കഴുത്ത് പിരിച്ചു ഞെരിച്ചതായും, നഖംകൊണ്ട് മുറിവേൽപ്പിച്ചതായും, ചൂടുവെള്ളത്തിൽ കൈകാലുകൾ താഴ്‌ത്തിയതായും, അരയ്ക്കു താഴെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ചതായും കണ്ടെത്തിയിരുന്നു. ആഴ്ചകളോളം ഭക്ഷണം ലഭിക്കാതിരുന്നതിനാൽ നന്നെ ശോഷിച്ച് എല്ലും തോലുമായ അവസ്ഥയിലായിരുന്നു ബാലിക.

എന്നാൽ അച്ചടക്കം പഠിപ്പിക്കാനെന്നപേരിൽ കൂടുതൽ മർദിച്ചാൽ 324ാം വകുപ്പ് മാത്രമേ നിലനിൽക്കുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു. കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയാണ് മർദിച്ചതെന്ന പൊലീസിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും വിധിയിൽ പറയുന്നു. പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.