അബുദാബി: ജീവകാരുണ്യ സഹായ ഹസ്ത മേഖലകളിൽ സജീവ സാന്നിധ്യമായി അതിഞ്ഞാലിലും പരിസര പ്രദേശങ്ങളിലും നിറഞ്ഞു നിൽക്കുന്ന ഹദിയ അതിഞ്ഞാലിന് അംഗീകാരമായി അതിഞ്ഞാൽ മഹല്ല് സംഗമ വേദിയിൽ വെച്ച് സ്‌നേഹാദരം നൽകി. ഹദിയ അതിഞ്ഞാൽ കൺവീനർ ഖാലിദ് അറബിക്കാടത്ത് പ്രവാസി പ്രമുഖൻ സികെ കുഞ്ഞബ്ദുല്ല ഹാജിയിൽ നിന്ന് സ്‌നേഹാദരം ഏറ്റ് വാങ്ങി.

പ്രവാസ ലോകത്ത് നിന്ന് ഇത്തരം ആദരം ലഭിച്ചത് ഞങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കാണുന്നതോടൊപ്പം കൂടുതൽ ഉത്തരവാദിത്തം ഞങ്ങളിൽ എത്തിച്ചേരുകയാണ്, ഞങ്ങൾക്കുള്ള അംഗീകാരം പ്രവാസികളായ നിങ്ങൾക്ക് കൂടി ഉള്ളതാണ് നിങ്ങളുടെ സഹായമില്ലാതെ ഞങ്ങളുടെ പ്രവർത്തനം പൂർണ്ണമാകുകയില്ല ഇനിയുള്ള മുന്നോട്ടുള്ള ഞങ്ങളുടെ പ്രയാണത്തിന് നിങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതോടൊപ്പം നിങ്ങൾ തന്ന ആദരവിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു എന്ന് സ്‌നേഹാദരം ഏറ്റ്‌വാങ്ങി ഹദിയ അതിഞ്ഞാൽ കൺവീനർ ഖാലിദ് അറബിക്കാടത്ത് അഭിപ്രായപെട്ടു.

ചടങ്ങിൽ പിഎം ഫാറൂഖ്, മണ്ഡ്യൻ അബ്ദുൾ റഹിമാൻ, അബ്ദുൾ കരീം, ഹമീദ് ചേരക്കാടത്ത, അഷ്‌റഫ് ബച്ചൻ, റിയാസ് അസ്ലം തുടങ്ങിയവർ സന്നിഹിതരായിരുന്നു. അബൂദാബി കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നവംബർ മൂന്നിന് നടന്ന മൂന്നാമത് അതിഞ്ഞാൽ മഹല്ല് സംഗമ വേദിയിൽ വച്ചാണ് സ്‌നേഹാദരം കൈമാറിയത്.