തിരുവനന്തപുരം: വൈദ്യുത ഉൽപാദന മേഖലയിൽ നിലവിൽ 16 ജലവൈദ്യുത പദ്ധതികൾ കെഎസ്ഇബി ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് വൈദ്യുത മന്ത്രി എംഎം മണി. ഇതിൽ 163 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള അതിരപ്പള്ളിയും ഉൾപ്പെടുന്നു. ഇത് കൂടാതെ 6 ജലവൈദ്യുത പദ്ധതികൾ പൂർത്തിയാകുന്നത് കൂടി 59 മെഗാവാട്ട് സ്ഥാപിത ശേഷിയും മുടങ്ങി കിടക്കുന്ന 3 ജലവൈദ്യുത പദ്ധതികൾ പുനരാരംഭിച്ച് പൂർത്തിയാകുമ്പോൾ 106 മെഗാവാട്ട് സ്ഥാപിത ശേഷി വർദ്ധനയും ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു. ഫലത്തിൽ അതിപ്പള്ളി പദ്ധതിയുമായി ഇടതു സർക്കാർ മുന്നോട്ട് പോകുന്നുവെന്ന സൂചനയാണ് മന്ത്രി നൽകുന്നത്.

അതിരപ്പള്ളി പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി നേരത്തെ സഭയ്ക്ക് പുറത്തും വിശദീകരിച്ചിരുന്നു. പദ്ധതിക്ക് കേന്ദ്രത്തിന്റെ എല്ലാ അനുമതിയും ലഭിച്ചതാണ്. എന്നാൽ അനാവശ്യമായ വിവാദങ്ങളാണ് പലപ്പോഴും ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. നിലവിൽ കേരളത്തിൽ ആവശ്യമായതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. 70 ശതമാനം പുറത്ത് നിന്ന് വാങ്ങുകയാണ്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കണമെങ്കിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള പുതിയ പദ്ധതികൾ വേണമെന്നാണ് വൈദ്യുതി വകുപ്പിന്റെ പക്ഷം.

അതിരപ്പള്ളിയിൽ പരിസ്ഥിതി പ്രശ്നങ്ങളും മറ്റും പറഞ്ഞ് വലിയ എതിർപ്പാണ് ഉണ്ടാകുന്നത്. ജനങ്ങളെ ബോധവൽക്കരിച്ച് പദ്ധതിക്ക് അനുകൂലമാക്കാൻ ശ്രമം നടത്തും. മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം ചെറുകിട പദ്ധതികളും ആരംഭിക്കും. സ്വകാര്യ വ്യക്തികളോ കമ്പനികളോ ജല വൈദ്യുതപദ്ധതി ആരംഭിക്കാൻ തയ്യാറായാൽ സർക്കാർ സഹകരിക്കും. അവർ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാൻ ബോർഡ് തയ്യാറാണെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. നിയമസഭയിലും ഈ നിലപാട് ആവർത്തിക്കുമ്പോൾ അതിരപ്പള്ളി കൂടുതൽ വിവാദങ്ങളിലേക്ക് എത്തും. പരിസ്ഥിതി നാശം വരുത്തുന്ന അതിരപ്പള്ളി വേണ്ടെന്ന നിലപാടാണ് ഇടത് സർക്കാരിലെ രണ്ടാമനായ സിപിഐയ്ക്കുള്ളത്.

അതിരപ്പള്ളി പദ്ധതി എന്തു വന്നാലും നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് സിപിഐയുടെ നിലപാട്. ഇടതു സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെയാണ് അതിരപ്പള്ളി പദ്ധതി വീണ്ടും സജീവമായത്. പദ്ധതിയെ പിന്തുണച്ച് വൈദ്യുത മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ ഉൾപ്പടെ രംഗത്തെത്തിയിരുന്നു. എന്നാൽ ശക്തമായ എതിർപ്പാണ് മുന്നണിയിലെ പ്രധാന ഘടകക്ഷിയായ സിപിഐ ഉൾപ്പടെയുള്ളവർ പദ്ധതിയോട് പ്രകടിപ്പിച്ചത്. സിപിഐ(എം) നേതാവായ എംഎ ബേബിയും എതിർക്കുന്നു. അതിനിടെയിലും പദ്ധതിയുമായി മുന്നോട്ട് പോകുന്നുവെന്ന സൂചനയാണ് വൈദ്യുത മന്ത്രി നിയമസഭയിൽ നൽകുന്നത്. ഇത് പുതിയ ചർച്ചകൾക്കും വഴി വക്കും.