കോഴിക്കോട്: അദിതി നമ്പൂതിരി കൊലക്കേസിൽ അച്ഛനും രണ്ടാനമ്മയും കുറ്റക്കാരാണെന്ന് കോഴിക്കോട് ഒന്നാം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ വൈകാതെ പ്രഖ്യാപിക്കും. ആറു വയസ്സുകാരിയായ അദിതിയെ പട്ടിണിക്കിട്ടും പ്രാകൃതമായ രീതിയിൽ ശിക്ഷകൾ നൽകിയുമാണ് കൊലപ്പെടുത്തിയതെന്ന് ബോധ്യപ്പെട്ടതായി ജഡ്ജി എ.ശങ്കരൻ നായർ വ്യക്തമാക്കി.

അദിതിയുടെ അച്ഛൻ സുബ്രഹ്മണ്യം നമ്പൂതിരിയും രണ്ടാനമ്മ റംലത്തുമാണ് കുറ്റക്കാർ. ജീവപര്യന്തം അടക്കമുള്ള ശിക്ഷകൾ ലഭിക്കാവുന്ന കുറ്റമാണ് പ്രോസിക്യൂഷൻ ഇവർക്കെതിരെ ചുമത്തിയിരുന്നത്. അവ തെളിയിക്കാൻ കഴിഞ്ഞതായി കോടതി പറഞ്ഞു.

അദിതിയുടെ സഹോദരൻ അരുൺ എസ്. നമ്പൂതിരിയാണ് കേസിലെ മുഖ്യ സാക്ഷി. സഹോദരിയെ അച്ഛനും രണ്ടാനമ്മയായ റംലത്ത് എന്ന ദേവകിയും ചേർന്ന് പലപ്പോഴും ക്രൂരമർദ്ദനത്തിന് വിധേയമാക്കാറുണ്ടെന്നും രണ്ടാനമ്മ തിളച്ചവെള്ളം അദിതിയുടെ ദേഹത്ത് ഒഴിച്ച് പൊള്ളിച്ചതായും അരുൺ മൊഴി നൽകിയിരുന്നു. അദിതി മരണമടഞ്ഞ 2013 ഏപ്രിൽ 29ന് രണ്ടാനമ്മയുടെ പ്രേരണപ്രകാരം അച്ഛൻ അദിതിയെ പട്ടിക ഉപയോഗിച്ച് മർദ്ദിച്ചിരുന്നതായും അരുൺ മൊഴി നൽകി.

അരുണിനു പുറമേ അദിതിയുടെ അമ്മാവൻ ഇ.ശ്രീജിത്ത് നമ്പൂതിരി, അയൽവാസിയും ഹിന്ദു ദിനപത്രത്തിന്റെ ചീഫ് ഫോട്ടോഗ്രാഫറുമായ രമേഷ് കുറുപ്പ്, ബിലാ്തതുക്കുളം പീപ്പിൾ റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളായ സുഭാഷ്, പി.പി മുരളി എന്നിവരുൾപ്പെടെ 45 പേരെയാണ് സാക്ഷികളായി വിസ്തരിച്ചത്.

കോഴിക്കോട് ഈസ്റ്റ്ഹിൽ ബി.ഇ.എം യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു മരണപ്പെടുമ്പോൾ അദിതി. കേസിൽ പ്രോസിക്യൂഷനു വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ ഷിബു ജോർജും പ്രതികൾക്ക് വേണ്ടി എം.നാരായണനും ഹാജരായി