ആലപ്പുഴ: കോളിളക്കം സൃഷ്ടിച്ച പുന്നമട സായി തുഴച്ചിൽ പരിശീലനകേന്ദ്രത്തിലെ നാലു താരങ്ങൾ ആത്മഹത്യക്ക് ശ്രമിക്കുകയും അതിലൊരാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം വഴിതെറ്റിയതായി ആഭ്യന്തര വകുപ്പ് വിലയിരുത്തി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി കേസ് പുനരന്വേഷണത്തിനു വിടാനാണ് ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ഡിവൈ എസ് പി പാർത്ഥസാരഥിയെ നീക്കിയാണ് അഡ്‌മിനിസ്‌ട്രേഷൻ ഡിവൈ എസ് പി ഷാജഹാന് ചുമതല കൈമാറിയത്. സംഭവത്തിൽ മരിച്ച അപർണയുടെ വീട്ടിലെത്തിയ ആഭ്യന്തര മന്ത്രി അന്വേഷണത്തിന്റെ മുഴുവൻ ഘട്ടങ്ങളും തന്റെ നിരീക്ഷണത്തിലായിരിക്കുമെന്ന് ബന്ധുക്കൾക്കും മാതാപിതാക്കൾക്കും ഉറപ്പ് നൽകിയിരുന്നു. ഈ അന്വേഷണമാണ് വഴിതെറ്റിയത്.

അതേസമയം ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസ്യതയില്ലെന്ന് ആരോപിച്ച് താരങ്ങളുടെ രക്ഷിതാക്കളും നാട്ടുകാരും നേരത്തെ രംഗത്തെത്തിയിരുന്നു. മരണക്കിടക്കയിൽ അപർണ മജിസ്‌ട്രേറ്റിനോട് പറഞ്ഞ കാര്യങ്ങളും ലോക്കൽ പൊലീസ് എടുത്ത മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് താരങ്ങളുടെ ബന്ധുക്കൾ ആരോപിച്ചത്. എന്നാൽ ആത്മഹത്യാശ്രമത്തിൽനിന്നും രക്ഷപ്പെട്ട സഹതാരങ്ങൾ, സീനിയർ താരങ്ങളുടെ പീഡനം മൂലമാണ് തങ്ങൾ ആത്മഹത്യക്ക് ശ്രമിച്ചതെന്ന വെളിപ്പെടുത്തൽ നടത്തിയിട്ടും ഇത് രേഖപ്പെടുത്താതെയാണ് ലോക്കൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.

പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്, ആശുപത്രി സന്ദർശിച്ച സായി ഡയറക്ടർ തുഴച്ചിൽ കേന്ദ്രത്തിൽ താരങ്ങൾ പീഡനത്തിന് ഇരയായിട്ടില്ലെന്നു പ്രഖ്യാപിച്ചത്. ലോക്കൽ പൊലീസാകട്ടെ, താരങ്ങൾ പരിശീലനകേന്ദ്രത്തിനു പുറത്തുനടന്ന ചടങ്ങിൽ വൈൻ കഴിച്ചതുമായി ബന്ധപ്പെട്ട അധികൃതരുടെ ചോദ്യം ചെയ്യലിൽ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് രേഖപ്പെടുത്തുകയും ചെയ്തു. ഇതിൽ കുപിതരായ നാട്ടുകാരും ബന്ധുക്കളും കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റ് ഉപരോധമടക്കമുള്ള സമരങ്ങൾ തീർത്തിരുന്നു. ഇതോടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് ഏറ്റെടുത്ത് താരങ്ങളിൽനിന്നും നേരിട്ട് മൊഴിയെടുത്തു. പിന്നീട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ ഉദ്യോഗസ്ഥൻ ഐ ജി ശ്രീജിത്ത് നേരിട്ടെത്തി താരങ്ങളിൽനിന്നും വിട്ടുപോയ മൊഴികൾ എഴുതി ചേർക്കുകയും ചെയ്തു.

പിന്നീട് സാക്ഷികളെ പ്രീണിപ്പിച്ചും ഇരകളായ താരങ്ങളുടെ രക്ഷിതാക്കൾക്ക് പണം ഓഫർ ചെയ്തും കേസ് ഒതുക്കിത്തീർക്കാൻ സായി കേന്ദ്രത്തിൽനിന്നും നീക്കങ്ങളുണ്ടായതോടെയാണ് കാര്യങ്ങൾ കൈവിട്ടത്. ഇതോടെ സമ്മർദ്ദത്തിലായ ആഭ്യന്തര വകുപ്പ് ആരോപണ വിധേയനായ അന്വേഷണസംഘത്തലവനെ നീക്കാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം പുതുതായി ചുമതലയേറ്റ പൊലീസ് മേധാവി, കേസ് പുനരന്വേഷണമല്ലെന്നും തുടരന്വേഷണം മാത്രമാണ് നടത്തുന്നതെന്നും മറുനാടനോട് പറഞ്ഞു.