- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഴ്സലോണയെ അട്ടിമറിച്ച് അത്ലറ്റിക്ക് ബിൽബാവോയ്ക്ക് സ്പാനിഷ് സൂപ്പർ കപ്പ് കിരീടം; ജയം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്; മെസി ചുവപ്പുകാർഡ് കണ്ട് പുറത്ത്
മാഡ്രിഡ്: സ്പാനിഷ് സൂപ്പർ കപ്പിലെ കലാശപ്പോരാട്ടത്തിൽ കരുത്തരായ ബാഴ്സലോണയെ അട്ടിമറിച്ച് അത്ലറ്റിക്ക് ബിൽബാവോയ്ക്ക് കിരീടം. അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കാണ് ബിൽബാവോ ജയം നേടിയത്. ബിൽബാവോയുടെ മൂന്നാം സൂപ്പർ കപ്പ് കിരീടമാണിത്. 1984, 2015 വർഷങ്ങളിലാണ് ഇതിനു മുമ്പ് ടീം കിരീടമണിഞ്ഞത്.
സൂപ്പർ താരം ലയണൽ മെസ്സി ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെ ബാഴ്സയ്ക്ക് മത്സരം തീർത്തും നിരാശജനകമായി. അധികസമയത്തിന്റെ അവസാന മിനിറ്റിലെ ഫൗളിനാണ് മെസ്സിക്ക് ചുവപ്പു കാർഡ് ലഭിച്ചത്. ബാഴ്സലോണ ജഴ്സിയിൽ ഇതാദ്യമായാണ് മെസ്സിക്ക് ചുവപ്പു കാർഡ് കണ്ട് പുറത്തുപോകേണ്ടി വരുന്നത്.
ഓസ്കാർ ഡി മാർക്കോസ്, ഏസിയർ വില്ലാലിബ്രെ, ഇനാകി വില്യംസ് എന്നിവരാണ് ബിൽബാവോയ്ക്കായി സ്കോർ ചെയ്തത്. അന്റോയ്ൻ ഗ്രീസ്മാനാണ് ബാഴ്സയുടെ രണ്ടു ഗോളുകളും നേടിയത്.
40ാം മിനിറ്റിൽ ഗ്രീസ്മാനിലൂടെ ആദ്യം ലീഡെടുത്തത് ബാഴ്സയായിരുന്നു. രണ്ടു മിനിറ്റിന് ശേഷം മാർക്കോസിലൂടെ ബിൽബാവോ സമനില പിടിച്ചു. ഇതിനിടെ 57-ാം മിനിറ്റിൽ ബിൽബാവോ ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡ് വിധിക്കുകയായിരുന്നു.
പിന്നാലെ 77-ാം മിനിറ്റിൽ ബാഴ്സ വീണ്ടും ലീഡെടുത്തു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ വില്ലാലിബ്രെയിലൂടെ ബിൽബാവോ വീണ്ടും ഒപ്പമെത്തി. അധികസമയത്തേക്ക് നീണ്ട മത്സരത്തിന്റെ 93-ാം മിനിറ്റിൽ വില്യംസിലൂടെ ബിൽബാവോ വിജയ ഗോൾ നേടി.