ന്യൂഡൽഹി: ഏഷ്യൻ അത്‌ലറ്റിക്ക് ചാമ്പ്യൻ ഷിപ്പിൽ സ്വർണം നേടി ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയിട്ടും പിയു ചിത്ര എന്ന പെൺകുട്ടിയെ ഒഴിവക്കിയ ദേശീയ അത്ലറ്റിക് ഫെഡറേഷനെതിരെ ആഞ്ഞടിച്ച് സെലക്ഷൻ കമ്മിറ്റി ചെയറമാൻ ജി.എസ്. രൺധാവെ. പി.യു ചിത്രയെ ലോക ചാമ്പ്യൻ ഷിപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയെന്ന് അവസാന നിമിഷമാണ് താൻ അറിഞ്ഞതെന്നും രൺധാവെ പറഞ്ഞു.

ലണ്ടൻ ചാമ്പ്യൻഷിപ്പിനു പോകുന്ന ടീമിനെ തിരഞ്ഞെടുക്കാനുള്ള സമിതിയുടെ ചെയർമാനായ തന്നെ അന്തിമപട്ടിക കാണിച്ചിരുന്നില്ലെന്നും രൺധാവെ വ്യക്തമാക്കി. അത്‌ലറ്റിക്ക് ഫെഡറേഷന്റെ സ്വേച്ഛാധിപത്യത്തിനെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ ആഞ്ഞടിച്ചിരിക്കുകയാണ് ചെയർമാനായ രൺധാവെ.

ഏഷ്യൻ ചാമ്പ്യന്മാരെയെല്ലാം ലോക അത്ലറ്റിക് മീറ്റിനുള്ള ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ചെയർമാൻ വ്യക്തമാക്കി. എന്നാൽ മത്സരത്തിൽ പങ്കെടുക്കേണ്ടവരുടെ അന്തിമപട്ടിക തയാറാക്കിയത് സെലക്ഷൻ കമ്മിറ്റിയല്ല, അത്ലറ്റിക് ഫെഡറേഷൻ ആയിരുന്നുവെന്നും രൺധാവെ വെളിപ്പെടുത്തി.

ചിത്രയെ ഒഴിവാക്കിയതിൽ വ്യാപകമായ വിമർശനം ഉയർന്നതിനെ തുടർന്ന് മലയാളി താരത്തെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ നൽകിയ അപേക്ഷ അന്താരാഷ്ട്ര ഫെഡറേഷൻ തള്ളിയതോടെ ചിത്രയുടെ വഴി അടഞ്ഞിരുന്നു.

ചിത്രയെ ഒഴിവാക്കിയതോടെ ദേശിയ അത്‌ലറ്റിക്ക് ഫെഡറേഷന് ഇന്ത്യയുടെ നാനാ ഭാഗത്തു നിന്നും വ്യാപക വിമർശനമാണ് നേരിടുന്നത്. 24 അംഗ ടീമിനെയാണ് ലോക അത്‌ലറ്റിക് മീറ്റിങിനായി തെരഞ്ഞെടുത്തിരിക്കുന്നത്.