മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നാം സീസണിലെ ആദ്യ ഫൈനലിസ്റ്റുകൾ അത്‌ലറ്റികോ ഡി കൊൽക്കത്ത. മുംബൈ സിറ്റി എഫ്‌സിക്കെതിരായ രണ്ടാം പാദ സെമി ഫൈനൽ ഗോൾരഹിത സമനില ആയതോടെയാണു കൊൽക്കത്തയ്ക്കു ഫൈനലിലേക്കുള്ള വഴി തുറന്നത്. കൊൽക്കത്തയിൽ നടന്ന ആദ്യ പാദത്തിൽ കൊൽക്കത്ത 3-2നു ജയിച്ചിരുന്നു.

മത്സരത്തിന്റെ അമ്പതു മിനിട്ടിലേറെ പത്തു പേരായി ചുരുങ്ങിയിട്ടും കൊൽക്കത്തയ്‌ക്കെതിരെ ഒരു ഗോൾ നേടാൻ മുംബൈക്കു കഴിഞ്ഞില്ല. 34ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് റോബർട്ട് പുറത്തുപോയതോടെ അത്‌ലറ്റികോ 10 പേരായി ചുരുങ്ങിയെങ്കിലും, തുടർന്നുള്ള സമയം പ്രതിരോധക്കോട്ട കെട്ടി മുംബൈയെ ഗോൾ നേടുന്നതിൽനിന്നു തടയുകയായിരുന്നു.

ആദ്യ പാദത്തിലെ തോൽവിക്ക് പകരംവീട്ടാനിറങ്ങിയ മുംബൈ നിരയിൽ സൂപ്പർതാരം ഡീഗോ ഫോർലാൻ കളിച്ചില്ല. കഴിഞ്ഞ കളിയിൽ ചുവപ്പുകാർഡു കാണേണ്ടി വന്നതാണു ഫോർലാനു വിനയായത്. അതേസമയം, ആദ്യപാദത്തിലെ ഇരട്ടഗോൾനേട്ടക്കാരൻ ഇയാൾ ഹ്യൂമും കൊൽക്കത്തയ്ക്കായി കളിക്കാനിറങ്ങിയില്ല. ഫൈനൽ പ്രവേശനം നേടാൻ കഴിയാതെ വന്നതോടെ മുംബൈ താരങ്ങൾ കൊൽക്കത്ത താരങ്ങളെ കൈയേറ്റം ചെയ്തതു കളിയുടെ മാന്യതയ്‌ക്കേറ്റ കളങ്കമായി.

ആദ്യ സീസണിലെ ജേതാക്കളായ കൊൽക്കത്ത ഇതു രണ്ടാം തവണയാണു ഫൈനലിൽ എത്തുന്നത്. ആദ്യ സീസണിൽ കേരളം ബ്ലാസ്റ്റേഴ്സ് ആയിരുന്നു കൊൽക്കത്തയുടെ എതിരാളികൾ. നാളെ ഡൽഹിക്കെതിരെ നടക്കുന്ന രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ കേരളം ജയിച്ചാൽ കൊൽക്കത്തയുമായി ഫൈനലിൽ വീണ്ടും ഏറ്റുമുട്ടാം. കൊച്ചിയിൽ നടന്ന ആദ്യ പാദത്തിൽ ഒരു ഗോളിനു ജയിച്ച കേരളത്തിനാണ് മുൻതൂക്കം. സമനില നേടിയാൽ പോലും കേരളത്തിനു ഫൈനലിലെത്താം. പതിനെട്ടിനു കൊച്ചിയിലാണു ഫൈനൽ മത്സരം.