മുംബൈ: കേരളത്തിലെ ഫുട്‌ബോൾ ആരാധകരുടെ നെഞ്ചിൽ തീകോരിയിട്ട് അവസാനനിമിഷം മുഹമ്മദ് റഫീഖ് നേടിയ ഏകഗോളിന് ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി അ്തലറ്റികോ ഡി കൊൽക്കത്ത ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ പതിപ്പിൽ കിരീടം സ്വന്തമാക്കി. സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയ കേരളത്തെയും ഗാലറിയിൽ ആഞ്ഞടിച്ച മഞ്ഞക്കടലിനെയും നിശബ്ദമാക്കിയാണ് കൊൽക്കത്ത അവസാന നിമിഷത്തെ ഗോളിലൂടെ കിരീടത്തിൽ മുത്തമിട്ടത്.

ടൂർണമെന്റിൽ ഏറ്റവുമധികം ആരാധകരുള്ള രണ്ടു ടീമുകളാണ് പതിനായിരങ്ങളെ സാക്ഷിയാക്കി ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നേർക്കുനേർ നിന്നത്. പ്രമുഖർ വീണ പ്രഥമ ഐഎസ്എലിൽ പ്രവചനങ്ങളെ കാറ്റിൽപ്പറത്തിയാണ് ബ്ലാസ്റ്റേഴ്‌സ് കിരീടപോരാട്ടത്തിന് യോഗ്യത നേടിയത്. സൂപ്പർതാരങ്ങളില്ലെങ്കിലും ടീം ഒറ്റക്കെട്ടായി പൊരുതിയാണ് ഇവിടെവരെ എത്തിയത്. ഗംഭീരമായി തുടങ്ങിയെങ്കിലും ഇടയ്ക്ക് ചുവടുപിഴച്ചു കൊൽക്കത്ത ഒടുവിൽ എഫ്‌സി ഗോവയെ കഷ്ടിച്ചു മറികടന്നാണ് ഫൈനൽ പ്രവേശം നേടിയത്.

ആക്രമണത്തിലൂന്നി കളിച്ച കേരളം മൂന്നുഗോളിനെങ്കിലും ജയിക്കേണ്ടിയിരുന്ന കളിയിലാണ് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. അർജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനലിൽ ജർമനി നേടിയ ഗോളിനെ ഓർമിപ്പിക്കും വിധത്തിലായിരുന്നു ഇഞ്ചുറി ടൈമിൽ ഇന്ത്യൻ താരം മുഹമ്മദ് റഫീഖിന്റെ ഗോൾ. മലയാളി താരം മുഹമ്മദ് റാഫിക്ക് പകരമായിറങ്ങിയതാണ് മുഹമ്മദ് റഫീഖ്.

94-ാം മിനിറ്റിൽ പൊഡാനി എടുത്ത കോർണറിൽ നിന്നാണ് മുഹമ്മദ് റഫീഖ് ഹെഡ്ഡറിലൂടെ വല ചലിപ്പിച്ച് കേരളത്തിന്റെ നെഞ്ച് തകർത്തത്. കളിയിലെ കേമനും മുഹമ്മദ് റഫീഖാണ്. മഞ്ഞക്കടലായി മാറിയ സ്റ്റേഡിയത്തിൽ കേരളം തന്നെയാണ് ആക്രമണത്തിന്റെ ചുക്കാൻ പിടിച്ചു മുന്നേറിയത്. കൊൽക്കത്തയുടെ ഗോൾ പോസ്റ്റിൽ തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ട കേരളത്തിനു പക്ഷേ, ഗോൾ എന്ന ഭാഗ്യം മാത്രം ഒഴിഞ്ഞുനിന്നു. കൊൽക്കത്തയുടെ അർമേനിയക്കാരൻ ഗോളി അപൗളോ ഏഡലിന്റെ തകർപ്പൻ പ്രകടനവും ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ മോഹത്തെ തകർത്തു.

95 മിനിറ്റും കളം നിറഞ്ഞ് കളിച്ചിട്ടും ഗോൾ നേടാനാവാതെ പോയത് കേരളത്തിന് തിരിച്ചടിയായി. മുന്നേറ്റത്തിൽ പതിവുപോലെ ഇയാൻ ഹ്യൂം തകർപ്പൻ ഫോമിലായിരുന്നെങ്കിലും സഹയോദ്ധാവ് മൈക്കേൽ ചോപ്രയുടെ മെല്ലെപ്പോക്കും താളമില്ലായ്മയും ആദ്യ പകുതിയിൽ വിനയായി. വിക്ടർ ഹെരേര പുൾഗ, ഇഷ്ഫഖ് അഹമ്മദ്, ഇയാൻ ഹ്യൂം എന്നിവർക്കൊക്കെ അവസരം ലഭിച്ചു. വലതുവിങ്ങിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് കളി മെനഞ്ഞത്. തളരാതെ പൊരുതുന്ന പൂൾഗയാണ് സ്റ്റീവൻ പിയേഴ്‌സന്റെയും നിർമൽ ഛേത്രിയുടെയും പിന്തുണയോടെ വലതുപാർശ്വത്ത് കത്തിക്കയറിയത്.

തുടക്കത്തിൽത്തന്നെ പുൾഗ പോസ്റ്റിനെ ലക്ഷ്യംവച്ചെങ്കിലും ബോർജയുടെ കാലിൽത്തട്ടി പുറത്തേക്കുപോയി. പിന്നാലെ പിയേഴ്‌സൻ കോരിയിട്ട പന്ത് ഗോളി ഏഡൽ കുത്തിയകറ്റി. പന്ത് ലഭിച്ച ഇഷ്ഫഖ് രണ്ടു പ്രതിരോധക്കാരെ വെട്ടിച്ച് പോസ്റ്റിലേക്ക് അടി പായിച്ചെങ്കിലും പന്ത് നേരെ ഗോളിയുടെ കൈപ്പിടിലൊതുങ്ങി. പിയേഴ്‌സന്റെ പാസിൽ മെഹ്താബ് ഹുസൈന്റെ അടിക്കും ഇതുതന്നെയായിരുന്നു വിധി.

ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം കേരള താരങ്ങൾ പലകുറി നഷ്ടപ്പെടുത്തിയിരുന്നു. എന്തായാലും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെയും ബോളിവുഡ് താരങ്ങളായ ആമിർ ഖാനെയും സാക്ഷി നിർത്തി കിരീടം കേരളത്തിലേക്കു കൊണ്ടുപോകാമെന്ന മോഹത്തിനാണ് അവസാന നിമിഷത്തെ ഗോളിലൂടെ സൗരവ് ഗാംഗുലിയുടെ സഹ ഉടമസ്ഥതയിലുള്ള കൊൽക്കത്ത ടീം ആണിയടിച്ചത്. കൊൽക്കത്ത ടീം ഉടമ സൗരവ് ഗാംഗുലി, ഹർഭജൻ സിങ്, മറ്റ് ടീം ഉടമകളായ രൺബീർ കപൂർ, അഭിഷേക് ബച്ചൻ, ആമിർ ഖാൻ തുടങ്ങിയവർ പ്രഥമ ഐഎസ്എൽ ഫൈനൽ കാണാനെത്തിയിരുന്നു.

ഏറ്റവും മികച്ച കാണികൾക്കുള്ള പുരസ്‌കാരം കൊച്ചിയിലെ കാണികൾക്കാണ് ലഭിച്ചത് എന്നതും ഫുട്‌ബോളിനുള്ള കേരളത്തിന്റെ ആരാധനയുടെ നേർസാക്ഷ്യമായി. ലീഗിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ കേരളത്തെ ഫൈനൽവരെ എത്തിച്ച മികവിന് ഇയാൻ ഹ്യൂമിനെ തേടിയെത്തി. ചെന്നൈയിൻ എഫ്‌സിയുടെ എലാനോ ബ്ലൂമർക്കാണ് ടോപ് സ്‌കോറർക്കുള്ള സുവർണ പാദുകം. എമർജിങ് പ്ലേയർ ഓഫ് ദ ടൂർണമെന്റായി ബ്ലാസ്റ്റേഴ്‌സിന്റെ സന്ദേശ് ജിങ്കനെ തെരഞ്ഞെടുത്തു.