കോഴിക്കോട്: പൊലീസ് വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ജയിലിടച്ച എം 80 മൂസ ഫെയിം സീരിയൻ നടനും കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥിയുമായ അതുൽ ശ്രീവക്കെതിരെ തെളിവുകളില്ലാതെ പൊലീസ് പുലിവായ് പിടിക്കുന്നു. 22കാരായ വിദ്യാർത്ഥി ഗുണ്ടായാണെന്ന് തെളിയിക്കാനുള്ള യാതൊരു മൊഴികളും പൊലീസിന് ഇതുവരെ കിട്ടിയിട്ടില്ല.അതിനിടെ അതുൽ ശ്രീവയെ അറസ്റ്റ് ചെയ്തത് പൊലീസ് ഗൂഢാലോചനയെന്ന് സംശയിച്ച് കോളജ് അധികൃതരും പ്രിൻസിപ്പലും രംഗത്തെത്തി.

ഗുരുവായൂരപ്പൻ കോളജിൽ ഗുണ്ടാപ്പട വിലസുന്നു എന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്നും അതിശയോക്തിപരമാണെന്നും പ്രിൻസിപ്പൽ ഡോ. ടി. രാമചന്ദ്രൻ കോഴിക്കോട് പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ കാമ്പസുകളിൽ പൊതുവായി കണ്ടുവരുന്ന പ്രശ്‌നങ്ങൾക്കപ്പുറമുള്ളതൊന്നും ഗുരുവായൂരപ്പൻ കോളജിലില്ല. അക്രമങ്ങൾ ഇല്ലാതാക്കാൻ മൂന്ന് വർഷമായി സ്വീകരിച്ച നടപടികൾ ഫലംകാണുന്നതിനിടെ ഇത്തരം വാർത്ത പുറത്തുവന്നത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു.

2014ൽ ഇരുവിഭാഗം വിദ്യാർത്ഥികൾ ഏറ്റുമുട്ടിയപ്പോൾ മുഴുവൻപേരെയും പുറത്താക്കിയിരുന്നു. കടുത്തഭീഷണി മറികടന്നായിരുന്നു അന്ന് മാനേജ്‌മെന്റ് പ്രവർത്തിച്ചത്. ഇപ്പോൾ രണ്ടാംവർഷ ബിരുദവിദ്യാർത്ഥി ആദർശ് വിജയന് നേരെയുള്ള ആക്രമണം ഒറ്റപ്പെട്ട സംഭവമാണ്. റാഗിങ്ങുൾപ്പെടെയുള്ള സംഭവങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. മാനേജർ മായ ഗോവിന്ദ്, മുൻ പ്രിൻസിപ്പലും ബോർഡ് അംഗവുമായ ഡോ. പി.സി. രതി തമ്പാട്ടി തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

നേരത്തെ അതുൽ ശ്രീവക്കെതിരെ സമാനതകളില്ലാത്ത ഗൂഢാലോചനയാണ് നടന്നതെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്., പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ മകനുവേണ്ടി കേസ് വളച്ചൊടിച്ചെന്നാണ് പ്രധാന ആരോപണം. കോഴിക്കോട്ടെ ഗുരുവായൂരപ്പൻ കോളജിൽ എങ്ങനെയാണ് ഒരു വിദ്യാർത്ഥിക്ക് ഗുണ്ടാസംഘത്തെ നയിക്കാൻ കഴിയുകയെന്നും ഇവർ ചോദിക്കുന്നു. കോളജിൽ കുട്ടികൾ തമ്മിലുണ്ടാകുന്ന പ്രശ്‌നം ഈ രീതിയിൽ ചിത്രീകരിക്കുന്നത് എന്തിനാണെന്നും ഇവർ ചോദിക്കുന്നു. അതുലിന്റെ മോചനത്തിനായി സമൂഹ മാധ്യമങ്ങളിലൂടെ കാമ്പയിനും സജീവമാക്കിയിരിക്കയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നര മണിയോടെ ഗുരുവായൂരപ്പൻ കോളജിൽ മൂന്നാം വർഷ വിദ്യാർത്ഥികളും രണ്ടാം വർഷ വിദ്യാർത്ഥികളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിനിടയിൽപെട്ട അതുലിന്റെ ഇടത് കൈ പൊട്ടുകയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതുലിന്റെ പരാതി പ്രകാരം പൊലീസ് ചില വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിരുന്നു. അതിന് ശേഷമാണ് യാതൊരു പരിക്കും പറ്റാത്ത ഒരു വിദ്യാർത്ഥി അതുലിനെതിരെ പരാതി കൊടുത്തത്. പരാതിക്കാരൻ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മകനാണ്. വെള്ളിയാഴ്ച രാത്രി അതുൽ നൽകിയ പരാതിയിൽ മൊഴിയെടുക്കണം എന്ന് പറഞ്ഞു കസബ സ്‌റ്റേഷനിൽ നിന്ന് പൊലീസ് വിളിച്ചുവരുത്തി കൗണ്ടർ കേസിൽ അറസ്റ്റുചെയ്യുകയായിരുന്നത്രെ.

ചെറിയൊരു വിദ്യാർത്ഥി സംഘർഷത്തിൽ ഉൾപ്പെട്ടതിന്റെ പേരിൽ അതുൽ ശ്രീവയെ പിടിച്ചു പറിക്കാരനായും ഗുണ്ടാത്തലവനായും ചിത്രീകരിച്ച് സമൂഹത്തിനു മുന്നിൽ അപമാനിക്കുകയായിരുന്നെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. സീരിയലുകളിൽ നിന്നും സുഹൃദ് സംഘം നടത്തുന്ന മ്യൂസിക് ബാൻഡിലൂടെയും മാസം മോശമല്ലാത്ത വരുമാനമുള്ള അതുൽ 100 രൂപ ഗുണ്ടാ പിരിവ് ചോദിച്ചിട്ട് കൊടുക്കാത്തതിന് ആക്രമണം നടത്തിയെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ചൂണ്ടിക്കാണിക്കുന്നു.

സീരിയൽ തിരക്ക് കാരണം കോളജിൽ ഹാജർ കുറവാണെന്നത് സത്യമാണ്. അല്ലാതെ പൊലീസ് പറഞ്ഞത് പോലെ അതുലിനെതിരെ മറ്റ് അടിപിടി കേസുകളൊന്നുമില്ല. കോളജിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടിട്ടില്ലെന്നും ബന്ധുക്കളും സുഹൃത്തുകളും ചൂണ്ടിക്കാട്ടുന്നു.