മർഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ എ.ടി.കെ മോഹൻ ബഗാൻ-ചെന്നൈയിൻ എഫ്.സി മത്സരം സമനിലയിൽ കലാശിച്ചു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. മോഹൻ ബഗാന് വേണ്ടി ലിസ്റ്റൺ കൊളാസോയും ചെന്നൈയിന് വേണ്ടി വ്‌ളാഡിമിർ കോമാനും സ്‌കോർ ചെയ്തു. രണ്ട് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.

മത്സരത്തിന്റെ ആദ്യ മിനിറ്റ് തൊട്ട് ഇരുടീമുകളും ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. ആറാം മിനിറ്റിൽ മോഹൻ ബഗാന്റെ ലിസ്റ്റൺ കൊളാസോയുടെ ലോങ്റേഞ്ചർ ചെന്നൈ പോസ്റ്റിന് മുകളിലൂടെ പറന്നു. പിന്നാലെ 18-ാം മിനിറ്റിൽ ലിസ്റ്റൺ തന്നെ ടീമിനെ മുന്നിലെത്തിച്ചു.

റോയ് കൃഷ്ണ ബോക്സിനകത്തേക്ക് നൽകിയ മനോഹരമായ പാസ് സ്വീകരിച്ച ലിസ്റ്റൺ തകർപ്പൻ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. ലിസ്റ്റണിന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് വലയിൽ കയറുകയായിരുന്നു. ഇതോടെ മത്സരത്തിൽ മോഹൻ ബഗാൻ നിർണായക ലീഡെടുത്തു.

21-ാം മിനിട്ടിൽ ചെന്നൈ ലീഡെടുത്തെന്ന് തോന്നിച്ചെങ്കിലും അനിരുദ്ധ് ഥാപ്പയുടെ ഷോട്ട് ഗോൾകീപ്പർ അമരീന്ദർ തട്ടിയകറ്റി. പന്ത് കോമാൻ സ്വീകരിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ഗോൾലൈനിൽ വെച്ച് ടിറി രക്ഷപ്പെടുത്തി. ഗോൾ വഴങ്ങിയ ശേഷം കൂടുതൽ ആക്രമണങ്ങൾക്ക് ചെന്നൈ മുതിർന്നു. എന്നാൽ ഒരു ഗോൾ നേടിയപ്പോൾ പ്രതിരോധം കടുപ്പിച്ച് പിൻവാങ്ങിയതാണ് മോഹൻ ബഗാന് തിരിച്ചടിയായത്.

ചെന്നൈയുടെ ആക്രമണങ്ങൾക്ക് ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ ഫലം കണ്ടു. മധ്യനിരതാരം വ്ളാഡിമിർ കോമാൻ ചെന്നൈയ്ക്ക് വേണ്ടി വലകുലുക്കി. ബോക്സിനകത്തേക്ക് വന്ന ത്രോബോൾ കൃത്യമായി ക്ലിയർ ചെയ്യുന്നതിൽ മോഹൻ ബഗാൻ പ്രതിരോധം പരാജയപ്പെട്ടു. ലക്ഷ്യം തെറ്റിയ പന്ത് നേരെ കോമാന്റെ കാലിലേക്കാണ് വന്നത്. കോമാന്റെ തകർപ്പൻ ഷോട്ട് ഗോൾകീപ്പർ അമരീന്ദറെ മറികടന്ന് വലയിൽ കയറി. ഇതോടെ മത്സരം സമനിലയിലായി. വൈകാതെ ആദ്യപകുതി അവസാനിച്ചു.

രണ്ടാം പകുതിയിൽ ഇരുടം ടീമപകളും കാര്യാമായ ഗോൾ ശ്രമങ്ങളൊന്നും നടത്തിയില്ല. ലഭിച്ച അർധാവസരങ്ങളാകട്ടെ ഇരു ടീമിന്റെയും മുന്നേറ്റനിരക്ക് മുതലാക്കാനുമായില്ല. ഇതോടെ സമനിലകെട്ട് പൊട്ടിക്കാതെ ഇരു ടീമുകളും കൈകൊടുത്ത് പിരിഞ്ഞു. 

58-ാം മിനിറ്റിൽ ചെന്നൈയുടെ എഡ്വിൻ വാൻസ്പോളിന്റെ ലോങ്ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 66-ാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പയുടെ മനോഹരമായ പാസിൽ വാൻസ്പോളിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി. പിന്നീട് കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ ഇരുടീമുകൾക്കും സാധിച്ചില്ല. മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു.


ഈ സമനിലയോടെ കളിച്ച നാല് മത്സരങ്ങളിൽ രണ്ട് ജയവും രണ്ട് സമനിലയുമായി എട്ട് പോയിന്റോടെ ചെന്നൈയിൻ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. അഞ്ച് മത്സരങ്ങളിൽ നിന്നും രണ്ട് ജയവും ഒരു സമനിലയും മാത്രമുള്ള മോഹൻ ബഗാൻ ഏഴ് പോയന്റുമായി ആറാം സ്ഥാനത്താണ്.