തിരുവനന്തപുരം: അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായുള്ള ശ്രമങ്ങൾ ബിജെപി നേതൃത്വം ഉപേക്ഷിച്ചതായി സൂചന. രണ്ട് പ്രധാന വജ്രവ്യവസായികൾ അറ്റ്‌ലസ് രാമചന്ദ്രനെതിരെയുള്ള കേസ് ഒത്തുതീർപ്പാക്കാൻ സമ്മതിക്കാത്താണ് ഇതിന് കാരണം. രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് വിദേശത്തേക്ക് നടന്ന നീരവ് മോദി, വിജയ് മല്ല്യ എന്നിവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ് കേന്ദ്രസർക്കാർ. ഈ സാഹചര്യത്തിൽ അറ്റ്‌ലസ് രാമചന്ദ്രനെ മോചിപ്പിക്കാൻ ശ്രമിക്കുന്നത് അന്താരാഷ്ട്രതലത്തിൽ പ്രതിച്ഛായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഇടപെടൽ മതിയാക്കുന്നത്.

ഒരു കേസിലെ ശിക്ഷയായ മൂന്നു വർഷം തടവാണ് രാമചന്ദ്രൻ ദുബായിൽ ഇപ്പോൾ അനുഭവിക്കുന്നത്. തുടർന്ന് മറ്റു കേസുകളിലും ഇതുപോലെ വിധി വരികയാണെങ്കിൽ അദ്ദേഹം വർഷങ്ങളോളം ജയിലിൽ കഴിയേണ്ടി വരും. എന്നാൽ, രണ്ടു വർഷമായി ജയിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ മോചനത്തിനായി ഏറ്റവും കൂടുതൽ ആഗ്രഹിക്കുകയും അതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്ന നിരവധി പേർ ദുബായിലുണ്ട്. എന്നാൽ അവർക്കാർക്കും ഒന്നും ചെയ്യാനാകുനില്ല. ഭർത്താവിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും വീൽചെയറിലാണ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതെന്നുമുള്ള കാര്യങ്ങൾ ഭാര്യ ഇന്ദിരയും വിശദീകരിക്കുന്നു. അതിന് അപ്പുറം ഒന്നും ഇന്ദിരയ്ക്ക് അറിയില്ല. ഭർത്താവിന്റെ മോചനത്തിനായി ബിജെപി നടത്തുന്ന നീക്കങ്ങളിലും വ്യക്തതയില്ല. ഇതിനിടെയാണ് ഈ നീക്കം ബിജെപി തൽകാലത്തേക്ക് നിർത്തിയതായുള്ള സൂചന മറുനാടന് ലഭിക്കുന്നത്.

ഭർത്താവും മകളും മരുമകനും ജയിലിലാണ്. ഞാൻ ഒറ്റയ്ക്കു ഭയന്നാണ് ദുബായിലെ വീട്ടിൽ കഴിയുന്നത്. എനിക്കെതിരെയും നിയമ നടപടിയുണ്ടാകുമോ എന്ന പേടിയുമുണ്ടെന്ന് ഇന്ദിര പറയുന്നു. അറ്റ്‌ലസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പലതും നഷ്ടത്തിലാണ്. ജീവനക്കാർ ശമ്പളം കിട്ടാതെ പലപ്പോഴും എന്നെ സമീപിക്കുന്നു. പക്ഷേ, ഞാൻ നിസ്സഹായയാണ്. ഭർത്താവിന്റെ മോചനം സംബന്ധിച്ചു വാർത്തകൾ പുറത്തുവരുമ്പോൾ തനിക്കും പ്രതീക്ഷയാണുള്ളതെന്നാണ് അവരുടെ നിലപാട്. അതിന് അപ്പുറത്തേക്ക് ഒന്നും അവർക്ക് അറിയില്ല. ബിജെപിയുടെ പ്രവാസി സെൽ നേതാവായ ഹരികുമാറിന്റെ നേതൃത്വത്തിലാണ് രാമചന്ദ്രനെ പുറത്തിറക്കാൻ ശ്രമങ്ങൾ നടത്തിയത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും കിട്ടി. 21 ബാങ്കുകളെ കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ചു. അപ്പോഴും രണ്ട് പേർ വില്ലന്മാരായി നിലകൊണ്ടു. ഇവരെ അനുനയിപ്പിക്കാൻ ബിജെപി നേതൃത്വം ഇടപെട്ടെങ്കിലും ഫലിച്ചില്ല.

22 ബാങ്കുകളിലും സ്വകാര്യ വ്യക്തികളിലും നിന്ന് എടുത്ത വായ്പ ഇന്ത്യയിലെ അദ്ദേഹത്തിന്റെ അറ്റ്ലസ് ഇന്ത്യ ജൂവലറിയിലേക്കും കൊച്ചി, തിരുവനന്തപുരം, ബംഗളൂരു, മുംബൈ, ചെന്നൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടാനും മുംബൈയിലെ ഒരു പൂട്ടിക്കിടന്ന തുണിമിൽ വാങ്ങാനും വിനിയോഗിച്ചുവെന്നായിരുന്നു കണ്ടെത്തൽ. ചെക്കുതട്ടിപ്പ് കേസിൽ ക്രിമിനൽ കുറ്റാരോപിതനായ അറ്റ്ലസ് രാമചന്ദ്രൻ പിഴയും വായ്പത്തുകയുമടയ്ക്കാത്തതിനാൽ ജയിലിലാകുന്നതിന് തൊട്ടുമുമ്പ് മകൾ മഞ്ജുരാമചന്ദ്രനും ഭർത്താവ് അരുണും ഇൻഷുറൻസ് തട്ടിപ്പ് കേസിൽ ജയിലിലായിരുന്നു. കടുത്ത ജാമ്യവ്യവസ്ഥകളോടെ മഞ്ജു മോചിതയായെങ്കിലും അച്ഛന്റെയും മകളുടേയും കടബാധ്യതകൾ അതേപടി തുടരുന്നു. കുടുംബം ഊരാക്കുടുക്കിൽപ്പെട്ടതോടെ മകൻ ശ്രീകാന്ത് യുഎസിലേയ്ക്ക് ചേക്കേറി. ഇതോടെ ഇന്ദിരാ രാമചന്ദ്രൻ ദുബായിലെ വാടകവീട്ടിലായി താമസം.

68 കാരിയായ ഇന്ദിര ഭർത്താവിന്റെ മോചനത്തിനു വേണ്ടി മുട്ടാത്ത വാതിലുകളില്ല. ഇതേത്തുടർന്ന് വായ്പ നൽകിയ 22 ബാങ്കുകൾ ജയിൽ മോചിതനാകുന്നതിന് എതിർപ്പില്ലെന്നും എന്നാൽ പുറത്തിറങ്ങിയാൽ ബാധ്യത നിശ്ചിതസമയത്തിനുള്ളിൽ തീർക്കണമെന്ന് ധാരണയുണ്ടാക്കണമെന്നും ആവശ്യപ്പെട്ടതോടെ ജയിൽ മോചനസാധ്യതകൾ ഉയരുകയായിരുന്നു. പത്തനംതിട്ടയിലെ ഒരു സ്വകാര്യവ്യക്തിയുടെ നിയന്ത്രണത്തിലുള്ള രണ്ട് വജ്രവ്യാപാരികൾ ബാധ്യത തീർക്കാനുള്ള ധാരണയ്ക്ക് ഇനിയും വഴങ്ങാത്തതാണ് മോചനം നീളുന്നതിനു കാരണമെന്ന് വായ്പ നൽകിയ ബാങ്കുകളുടെ കൺസോർഷ്യം പറയുന്നു. അറ്റ്ലസ് രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള കുവൈറ്റിലെ വൻകിട ആശുപത്രി പ്രവാസി കോടീശ്വരനും എൻഎംസി ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ ചെയർമാനുമായ ഡോ. ബി ആർ ഷെട്ടിക്ക് വിറ്റ് കടം തീർക്കാനുള്ള നീക്കങ്ങളും നടന്നു. മലയാളിയായ വ്യവസായിയാണ് അറ്റ്‌ലസിന് പാരയുമായുള്ളത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് രാമചന്ദ്രന് അനുകൂലമായി രംഗത്തു വന്നു. ഇതോടെയാണ് ബിജെപി നേതാക്കൾ കേസ് ഒതുക്കാൻ രംഗത്ത് വന്നത്. ഇക്കാര്യം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സ്ഥിരീകരിക്കുകയും ചെയ്തു. അങ്ങനെ ജീവൻ വച്ച നീക്കമാണ് അകാലത്തിൽ നിന്നു പോയത്. നീരവ് മോദിയുടെ തട്ടിപ്പ് കേസാണ് ഇതിന് കാരണമെന്നാണ് സൂചന.

ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് വജ്രവ്യവസായത്തിന് ശതകോടികളാണ് നീരവ് മോദി ലോണെടുത്തത്. അതിന് ശേഷം രാജ്യം വിട്ടു. ഈ കേസിൽ നീരവിനെ നാട്ടിലെത്തിക്കാൻ മോദി സർക്കാർ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ അറ്റ്‌ലസിന് വേണ്ടി വാദിക്കുന്നത് ഗുണകരമാകില്ല. അറ്റ്‌ലസും ദുബായിലെ ബാങ്കുകളിൽ നിന്ന് കടമെടുത്ത് വഞ്ചിച്ചുവെന്നാണ് കേസ്. അങ്ങനെ നീരവ് മോദിയെ കുടുക്കാനെന്ന പേരിൽ കേന്ദ്രസർക്കാർ പതിയെ പിന്മാറി. ഇതോടെയാണ് രാമചന്ദ്രന്റെ ജയിൽ മോചനത്തിൽ പുതിയ പ്രതിസന്ധികളെത്തുന്നത്. കേസുകളെല്ലാം പറഞ്ഞു തീർത്തില്ലെങ്കിൽ അറ്റ്‌ലസിന് കുറഞ്ഞത് 41 കൊല്ലം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് സൂചന. പ്രായം ഏറെ ആയതിന്റെ ആനുകൂല്യം ലഭിക്കാനും ഇടയുണ്ട്. അതിനിടെ കേന്ദ്രസർക്കാർ നീക്കങ്ങളുടെ ഫലമായി അറ്റ്ലസ് രാമചന്ദ്രൻ ജയിൽ മോചിതനായാലും അടുത്തെങ്ങും ഇന്ത്യയിലേയ്ക്ക് പോകാനാവില്ലെന്ന് അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്.

ജയിൽ മോചിതനായാലും വിവിധ ബാങ്കുകളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും അറ്റ്ലസ് രാമചന്ദ്രൻ വായ്പയെടുത്ത ആയിരം കോടി രൂപയുടെ ബാധ്യതകൾ തീർത്ത ശേഷം മാത്രമേ അദ്ദേഹത്തിന് ദുബായിലേക്ക് പുറത്തുകടക്കാൻ യാത്രാനുമതി ലഭിക്കൂ. അതുവരെ പുറത്തിറങ്ങുന്ന അദ്ദേഹം ദുബായിൽ വീട്ടുതടങ്കലിലായിരിക്കുമെന്നും ഈ കേന്ദ്രങ്ങൾ പറയുന്നത്. വായ്പകൾ കുടിശ്ശികയായതോടെയാണ് വലിയ കടക്കാരനായി മാറി കേസുകളിൽപ്പെട്ട് അറ്റ്ലസ് രാമചന്ദ്രൻ ജയിലിൽ ആകുന്നത്. എന്നാൽ ജയിൽമോചിതനായാൽ തന്റെ എല്ലാ ആസ്തിയും വിറ്റ് കടംവീട്ടാനാകുമെന്ന പ്രതീക്ഷയിലാണ് രാമചന്ദ്രൻ. താൻ ഒളിച്ചോടാൻ ആഗ്രഹിക്കുന്നില്ലെന്നും തിരിച്ചുവരുമെന്നും ആദ്യകാലത്തെല്ലാം കാണാൻ പോകുന്നവരോട് അദ്ദേഹം പറഞ്ഞിരുന്നു.

രണ്ടുവർഷം മുമ്പ് ഗൾഫിലെ മലയാളി ബിസിനസ് അതികായന്മാരിൽ ഒരാളായിരുന്ന രാമചന്ദ്രന്റെ പതനം പെട്ടെന്നായിരുന്നു. ഇടയ്ക്കിടെ കേരളത്തിലെത്തുമ്പോഴും അദ്ദേഹത്തെ പ്രമുഖരും സംഘടനാസാരഥികളും കാത്തുനിന്നിരുന്നു. സിനിമാ നിർമ്മാതാവ്, നടൻ, സംവിധായകൻ എന്നതിനൊപ്പം ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി അമ്പതോളം ജൂവലറി ഷോറൂമുകളുടെ അമരക്കാരൻ. സംഭാവന ചോദിച്ചുവരുന്നവരെയും ജോലി തേടി എത്തിയവരേയുമെല്ലാം അദ്ദേഹം നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. എല്ലാവർക്കും ആ സ്നേഹം പകർന്നുകിട്ടി. എന്നാൽ കടബാധ്യതകളിലൂടെ ജയിലിലായതോടെ സഹായം വാങ്ങിയ പ്രമുഖരിൽ പലരും തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. എന്നാൽ അപ്പോഴും അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം പ്രവാസികൾ രാമചന്ദ്രേട്ടനെ പുറത്തിറക്കാൻ ശ്രമങ്ങൾ തുടർന്നു. പക്ഷേ ഒന്നും നടന്നില്ല.

വി. കലാധരമേനോന്റെയും മൂത്തേടത്ത് രുഗ്മണിയുടെയും മകനായി 1941 ജൂെലെ 31 ന് ജനിച്ച രാമചന്ദ്രൻ വിദ്യാഭ്യാസത്തിനു ശേഷം ബാങ്ക് ഉദ്യോഗസ്ഥനായിട്ടാണു ജീവിതം തുടങ്ങുന്നത്. കനറാ ബാങ്കിൽ ഡൽഹി ഓഫീസിൽ ജോലിചെയ്തിരുന്നു. പിന്നീട് എസ്.ബി.ഐ. ബാങ്കിന്റെ എൻ.ആർ.ഐ. ഡിവിഷനിൽ ജോലി ചെയ്യുമ്പോഴായിരുന്നു ഗൾഫിലേക്കു ചേക്കേറുന്നത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്നു ജനങ്ങൾ കൗതുകത്തോടെ കണ്ട സ്വന്തം പരസ്യത്തിലൂടെ ജനഹൃദയങ്ങളിൽ ഇടമുറപ്പിച്ച അറ്റ്‌ലസ് ജൂവല്ലറി 1980 ന്റെ തുടക്കത്തിൽ കുെവെത്തിലായിരുന്നു ആരംഭം. പിന്നീട് അസൂയ വളർത്തുന്ന വിധത്തിലായിരുന്നു രാമചന്ദ്രന്റെ വളർച്ച. യു.എ.ഇ. യിലെ ഷാർജ, അബുദാബി, റാസൽെഖെമ, അൽ ഐൻ എന്നീ നഗരങ്ങളിൽ നിരവധി ഷോറൂമുകൾക്ക് പുറമെ സൗദി അറേബ്യയിലും കുെവെത്തിലും ദോഹയിലും മസ്‌കറ്റിലും ഖത്തറിലുമായി നാൽപതോളം വിദേശ ഷോറൂമുകൾ. അതിനു പുറമേ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും പത്തിലേറെ ഷോറൂമുകൾ. സ്വർണ വിപണിയിൽ തിളങ്ങി നിൽക്കുമ്പോഴാണു സിനിമാ മേഖലയും രാമചന്ദ്രൻ കയ്യടക്കുന്നത്.

ഗൾഫിലും കേരളത്തിലുമായി ആരംഭിച്ച റിയൽ എസ്റ്റേറ്റ് ബിസിനസാണ് അദ്ദേഹത്തിന്റെ പതനത്തിന് വഴിയൊരുക്കിയത്. ഗൾഫിലെ ചില ബാങ്കുകളിൽ നിന്ന് അദ്ദേഹം വാങ്ങിയ വായ്പയുടെ ഗ്യാരണ്ടിയായി നൽകിയ ചെക്ക് മടങ്ങിയതോടെ കേസ് ദുബായ് പൊലീസിന്റെ മുമ്പിലെത്തി.

990 കോടിയോളം രൂപയുടെ ചെക്ക് മടങ്ങിയതായുള്ള രേഖകളുടെ പേരിൽ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ദുബായ് പൊലീസ് 2015 ഓഗസ്റ്റ് 23 ന് ജയിലിലടയ്ക്കുകയായിരുന്നു.