തൃശൂർ: പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ ജയിൽ മോചനം ഉടനൊന്നും നടക്കില്ലെന്ന് ഉറപ്പായി. മലയാളിയുടെ മോചനം തടയിടുന്നതു മലയാളിയായ മറ്റൊരു പ്രമുഖ വ്യവസായിയെന്നു സംശയം. സിനിമാ നിർമ്മാതാവും വ്യവസായിയുമായ ബി.ആർ. ഷെട്ടിയുടെ ഇടപെടലും ഇദ്ദേഹം തടഞ്ഞതായി സൂചന. ബാങ്കുകളിൽ പണം അടച്ച് കേസുകൾ തീർപ്പാക്കാനുള്ള നീക്കത്തിനെതിരേ മലയാളിയായ പ്രവാസി വ്യവസായി രംഗത്തുവന്നതോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞതെന്നാണ് സൂചന. അറ്റ്ലസ് രാമചന്ദ്രനിപ്പോൾ പരമദരിദ്രനെപ്പോലെയാണു ജയിലിൽ കഴിയുന്നതെന്നാണു വിവരം. രാമചന്ദ്രനെ ജയിൽ മോചിതനാക്കാനായി ഭാര്യ ഇന്ദിര നടത്തിയ അവസാന ശ്രമവും കഴിഞ്ഞ ദിവസം പൊളിഞ്ഞുവെന്നാണ് സൂചന.

ഇന്ത്യക്കാരനെന്ന നിലയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടേണ്ടതാണെങ്കിലും അത്തരമൊരു നീക്കം ഇതുവരെയുണ്ടായിട്ടില്ല. തട്ടിപ്പ് കേസിലെ പ്രതിയെ രക്ഷിക്കാനാകില്ലെന്ന നിലപാടിലാണു സർക്കാരുകളെന്നാണു സൂചന. പ്രവാസി സംഘടനകളും രക്ഷയ്ക്കെത്തിയില്ല. റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് ഒരു പ്രവാസി നയിക്കുകയായിരുന്നു. രാമചന്ദ്രന്റെ സ്വത്തുക്കൾ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു അതെന്ന് രാമചന്ദ്രനൊപ്പമുള്ളവർ അവർ ആരോപിക്കുന്നു. അറ്റ്ലസ് രാമചന്ദ്രനെ രക്ഷിക്കാനുള്ള ആഗ്രഹം പലർക്കുമുണ്ടെങ്കിലും ഈ പ്രവാസി തടസം നിൽക്കുകയാണെന്നും സൂചനയുണ്ട്. ആയിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിലാണു രാമചന്ദ്രൻ അറസ്റ്റിലായത്. അതുകൊണ്ട് തന്നെ എല്ലാ കേസിലും ശിക്ഷ വരുമ്പോൾ കുറഞ്ഞത് 40 കൊല്ലം ജയിലിൽ കിടക്കേണ്ടി വരും.

തൃശൂർ ഒളരി സ്വദേശിയായ രാമചന്ദ്രന്റെ തണലിൽ ഒട്ടേറെപ്പേർ ഗൾഫിൽ ജോലി നേടുകയും ചെയ്തിട്ടുണ്ട്. ജയിലിൽ ചെലവഴിക്കാൻ പണംപോലുമില്ലാത്ത അവസ്ഥയുണ്ടായിട്ടും ഒരാൾപോലും തിരിഞ്ഞുനോക്കിയില്ല. മികച്ച സിനിമകളുടെ നിർമ്മാതാവും നടനുമായ രാമചന്ദ്രനെ സിനിമാ മേഖലയും കൈവിട്ടു. സാംസ്‌കാരികമേഖലിയിലും സംഭാവനകൾ നൽകിയിട്ടുണ്ട്. ഏതൊരു പ്രവാസിയെപ്പോലെ നാട്ടിലെ സാംസ്‌കാരികപ്രവർത്തകരെ ദുബായിലും മറ്റും കൊണ്ടുവന്ന് സ്വീകരണങ്ങൾ നൽകിയിട്ടുമുണ്ട്. പക്ഷേ ഇവരാരും ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ല. സംശുദ്ധ ബിസിനസുകാരനായിട്ടാണു അറ്റ്ലസ് രാമചന്ദ്രൻ അറിയപ്പെട്ടിരുന്നത്. മറ്റൂ പ്രമുഖ ജൂവലറിക്കാർക്കെതിരേയും ആരോപണങ്ങളുയർന്നപ്പോഴും അറ്റ്ലസിനെക്കുറിച്ച് ഒരു ആരോപണവും ആരും ഉന്നയിച്ചില്ല. പെട്ടെന്ന് എല്ലാം മാറി മറിയുകയായിരുന്നു.

ജനകോടികളുടെ വിശ്വസ്ത സ്ഥാപനംഎന്ന പരസ്യത്തിലൂടെ സ്വയം മോഡലായി പ്രത്യക്ഷപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ 2015 ഓഗസ്റ്റ് 23നാണ് ദുബായിൽ അറസ്റ്റിലായത്. ബാങ്ക് വായ്പ വക മാറ്റി ചെലവഴിച്ചതും 77 ലക്ഷം ദിർഹത്തിന്റെ ചെക്ക് മടങ്ങിയതുമായിരുന്നു കുറ്റം. കോടതി വിധിച്ച പിഴത്തുകയെക്കാൾ ആസ്തി ഉണ്ടെങ്കിലും അത് പ്രയോജനപ്പെടുത്തി കടം വീട്ടാനുള്ള സാഹചര്യവും സൗകര്യവും കിട്ടാത്തതായിരുന്നു ജയിലിൽ പോകാനിടയാക്കിയത്. രാമചന്ദ്രൻ ജയിലിലായതോടെ അദ്ദേഹത്തിന്റെ പേരിലുള്ള വസ്തുവകകളുടെ ഇടപാടുകൾ നടത്താൻ മറ്റുള്ളവർക്ക് കഴിഞ്ഞതുമില്ല. അറ്റ്ലസ് ജുവലറിക്ക് ഗൾഫിൽ മാത്രം അമ്പതോളം ശാഖകളുണ്ടായിരിക്കേയാണ് രാമചന്ദ്രൻ അറസ്റ്റിലായത്. അബുദാബിയിലെ പ്രമുഖ ആശുപത്രിയായ അറ്റ്ലസ് ഹെൽത്ത് കെയർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ഇന്ത്യയിലെ ജുവലറിശാഖകളും ഇതിന് പുറമേയുണ്ടായിരുന്നു.

മറ്റ് വിദേശരാജ്യങ്ങളിലും അറ്റ്ലസ് രാമചന്ദ്രന് നിക്ഷേപങ്ങളുണ്ട് . ഈ ആസ്തികൾ പ്രയോജനപ്പെടുത്തി രാമചന്ദ്രൻ ഉടൻ ജയിൽ മോചിതനാവും എന്നായിരുന്നു പ്രതീക്ഷ. പക്ഷേ ഒന്നും നടന്നില്ല. 2015 ഓഗസ്റ്റ് 31ന് മിഡിൽ ഈസ്റ്റിലെ മാധ്യമസ്ഥാപനമായ ഖലീജ് ടൈംസിൽ വന്ന അറസ്റ്റ് വാർത്തയോടെയാണ് സാമ്പത്തിക തിരിമറി നടത്തിയ ജൂവലറി ഉടമ അറ്റ്ലസ് രാമചന്ദ്രൻ തന്നെ എന്ന കാര്യം വ്യക്തമാവുന്നത്. അദ്ദേഹത്തിന്റെ സെക്രട്ടറി ഇക്കാര്യം നിഷേധിച്ചുവെങ്കിലും വാർത്ത പുറത്തു വരുന്നതിനു നാളുകൾക്കു മുൻപ് തന്നെ രാമചന്ദ്രൻ ദുബായ് പൊലീസ് കസ്റ്റഡിയിലായിരുന്നു. അറ്റ്ലസ് രാമചന്ദ്രനെ ഓഗസ്റ്റ് 23നും മകൾ മഞ്ജുവിനെ ഓഗസ്റ്റ് 18നും അറസ്റ്റു ചെയ്തിരുന്നെങ്കിലും പൊലീസ് ഈ വിവരം പുറത്തു വിട്ടിരുന്നില്ല.

ഗൾഫിലെ 20 ഓളം ബാങ്കുകളിൽ നിന്നായി 1000 കോടി രൂപ ( 555 ദശലക്ഷം ദിർഹം) വായ്പയെടുത്ത് വകമാറ്റി ചെലവഴിച്ചു എന്നുള്ളതും 77 ലക്ഷം ദിർഹത്തിന്റെ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ടതുമായി രണ്ടു കേസുകളാണ് പ്രധാനമായും രാമചന്ദ്രനും മകൾക്കും എതിരെ ദുബായ് കോടതിയിൽ നിലവിലുള്ളത്. ഒരു വർഷത്തോളമായി തിരിച്ചടവ് പോലും ശുഷ്‌കമാണെന്നുള്ളതും ബാങ്ക് അധികൃതർ വ്യക്തമാക്കിയിരുന്നു.

എന്നാൽ സോഷ്യൽ മീഡിയയിൽ രാമചന്ദ്രന് അനുകൂലമായ പ്രതികരണമായിരുന്നു തുടർന്നു കണ്ടത്. അദ്ദേഹം നിരപരാധിയാണെന്നും തട്ടിപ്പിൽ അകപ്പെട്ടതാണെന്നുമുള്ള പ്രചരണം ശക്തമായി. മലയാളികളായ പ്രവാസികൾ സ്വർണം അറ്റ്ലസിൽ നിന്നു തന്നെ വാങ്ങണം എന്നുള്ള ആഹ്വാനവുമായി പലരും മുന്നോട്ടു വന്നിരുന്നു. പക്ഷേ ഇതൊക്കെ ചില പ്രവാസി മലയാളികൾ തന്നെ അട്ടിമറിച്ചു. അറ്റ്ലസിന്റെ പതനത്തിനു തുടക്കം ബോംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യപ്പെട്ട Gee EI Woollens എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി ഏറ്റെടുക്കുന്നതോടെയാണ് എന്ന് പറയപ്പെടുന്നു. നഷ്ടത്തിൽ പ്രവർത്തിക്കുകയായിരുന്ന ഈ കമ്പനിയുടെ 51 ശതമാനം ഓഹരികൾ വാങ്ങുകയായിരുന്നു. ഇത് പിന്നീട് അറ്റ്ലസ് ജൂവലറി ഇന്ത്യ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയുണ്ടായി. സ്വർണ്ണത്തിന്റെ വില ഇടിയുകയും കാര്യമായ ലാഭമില്ലാതെ ഓഹരി വിപണിയിൽ കമ്പനി മുടക്കിയ തുക നഷ്ടമാവുകയായിരുന്നു. കൂടാതെ റിയൽ എസ്റ്റേറ്റ് മേഖലയിലും രാമചന്ദ്രൻ നടത്തിയ ഇടപെടലുകൾ ബാധ്യത കൂട്ടുകയായിരുന്നു.

സ്വർണം വാങ്ങാനെന്ന പേരിൽ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത തുക നഷ്ടമായതോടെ വലിയൊരു തുകയുടെ കടത്തിലേക്ക് അറ്റ്‌ലസ് ഗ്രൂപ്പ് കൂപ്പുകുത്തി. സ്വർണം വാങ്ങാൻ പറ്റാഞ്ഞതോടെ ജൂവലറികളിൽ വിൽപ്പന കുറയുകയും ചെയ്തു. എന്നാൽ അറ്റ്ലസ് ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള ആശുപത്രിയും മറ്റ് അസ്തികളും വിറ്റ് കടം തീർക്കുമെന്നും 350 കോടി രൂപ അടയ്ക്കാൻ ധാരണയായി എന്നും വാർത്തകൾ വന്നിരുന്നു. ഉടൻ തന്നെ ജാമ്യത്തിനു വഴിയൊരുങ്ങും എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.