ദുബായ്: വയലിൻ മാന്ത്രികൻ ബാലഭാസ്‌കറിന് അന്തിമോപചാരം അർപ്പിക്കാൻ അറ്റല്‌സ് രാമചന്ദ്രനും. ചെക്ക് കേസിൽ ജയിൽ മോചിതനായ ശേഷം ആദ്യമായാണ് അറ്റ്‌ലസ് രാമചന്ദ്രൻ പൊതു വേദിയിലെത്തുന്നത്. വികാരസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രവാസലോകം ബാലഭാസ്‌കറിനു പ്രണാമമേകിയപ്പോഴാണ് അറ്റ്‌ലസ് രാമചന്ദ്രനും സാന്നിധ്യം കൊണ്ട് ശ്രദ്ധേയനായത്.

സംഗീതലോകത്ത് രാജകുമാരനായിരുന്ന ബാലഭാസ്‌കറിന്റെ വിയോഗത്തിന്റെ വേദനയിൽനിന്ന് പ്രവാസിമലയാളികളും മോചിതരായിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ദുബായിൽ നടന്ന അനുസ്മരണച്ചടങ്ങ്. എന്നാൽ, ശോകം നിറഞ്ഞ അന്തരീക്ഷത്തിലും അറ്റ്‌ലസ് രാമചന്ദ്രന്റെ സാന്നിധ്യം പങ്കെടുത്തവർക്ക് ആശ്വാസവും പ്രതീക്ഷയുമേകി. ചടങ്ങിലെ മുഖ്യ ആകർഷകവും രാമചന്ദ്രനായിരുന്നു. ഏവരും രാമചന്ദ്രനുമായി പരിചയം പുതുക്കാൻ വേദി ഉപയോഗിച്ചു. രാമചന്ദ്രൻ ജയിലിലായിരുന്നപ്പോഴും മലയാളി അസോസിയേഷൻ അടക്കം സജീവ ഇടപെടൽ നടത്തിയിരുന്നു. രാമചന്ദ്രൻ ജയിൽ മോചിതനായതും പ്രതീക്ഷയോടെയാണ് പ്രവാസ ലോകം ഏറ്റെടുത്തത്. എന്നാൽ പുറത്തിറങ്ങിയ രാമചന്ദ്രൻ വീട്ടിനുള്ളിൽ കഴിഞ്ഞു കൂടുകയായിരുന്നു.

സാമ്പത്തിക പ്രശ്‌നങ്ങളും മറ്റും പരിഹരിച്ച് തിരികെയെത്താനുള്ള ശ്രമത്തിലാണ് രാമചന്ദ്രൻ. ഇതിനിടെയാണ് ബാലഭാസ്‌കറിന്റെ അനുസ്മരണത്തിന് രാമചന്ദ്രൻ എത്തിയത്. അഡ്വ. ഹാഷിക്ക് തൈക്കണ്ടി അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൺ, നിസാർ െസയ്ദ്, ലെൻസ്മാൻ ഷൗക്കത്ത്, രേഖ ജെന്നി, ടി.എ.ബൈജു, വി.ആർ.മായിൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ, എംസിഎ നാസർ, മാത്തുക്കുട്ടി, എൻ.പി.രാമചന്ദ്രൻ, ഇ.കെ ദിനേശൻ, ലാൽ രാജൻ, ബഷീർ തിക്കോടി എന്നിവർ പ്രസംഗിച്ചു. വി എസ്.ബിജുകുമാർ, ആദിൽ സാദിഖ്, വി.എ. നാസർ, അനൂപ് അനിൽ ദേവൻ, മുമൈജ് മൊയ്ദു നേതൃത്വം നൽകി.

ചാരത്തിൽ നിന്ന് ഉയരങ്ങളിലേയ്ക്ക് വീണ്ടും പറക്കാൻ ഒരുങ്ങുകയാണ് അറ്റ്‌ലസ് രാമചന്ദ്രൻ. എല്ലാം തരുകയും എല്ലാം അവസാനിപ്പിക്കുകയും ചെയ്ത ദുബായിലെ മണ്ണിൽ രണ്ടാം ജന്മം ആരംഭിക്കാൻ ഒരുങ്ങുകയാണ് അറ്റ്‌ലസ് രാമചന്ദ്രൻ. ദുബായിൽ ഉടൻ തന്നെ പുതിയ ഷോറും തുറക്കുമെന്ന് ചങ്കുറ്റത്തോടെയുള്ള പ്രഖ്യാപനം നടത്തി കഴിഞ്ഞു. ഇതിന്റെ തുടർച്ചയാണ് പൊതു പരിപാടിയിലെ സാന്നിധ്യം. ഞാൻ സ്വയം പ്രാപ്തിയുള്ള ഒരാളാണ്. 1980 ൽ ദുബായിയിൽ ആദ്യ ഷോറും തുറന്നപ്പോൾ സെയിൽസ്മാന്റെ ജോലിയും ഞാൻ ചെയ്തിരുന്നു. യുഎയിലുള്ള 19 ഷോറുമുകൾ ഇതിനകം അടച്ചു കഴിഞ്ഞിരുന്നു. കൊടുക്കാനുള്ള കടം മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടിയെന്ന പരാതിയും രാമചന്ദ്രനുണ്ട്. എനിക്ക് എത്ര കടമുണ്ടെന്ന് എനിക്കു തിട്ടമുണ്ട്. അത് എത്രയും പെട്ടെന്ന് തന്നെ കൊടുത്തു വീട്ടുമെന്നും രാമചന്ദ്രൻ വിശദീകരിച്ചിട്ടുണ്ട്.

3.5 ബില്യൺ ദിർഹം വാർഷിക വരുമാനം ഉണ്ടായിരുന്ന ബിസിനസ് സാമ്രാജ്യമാണ് തകർന്നടിഞ്ഞത്. ദുബായിലുള്ള ഒരു ബാങ്കിന് തിരിച്ചടയ്ക്കാനുള്ള പണത്തിൽ വീഴ്ച വരുത്തിയിതാണ് വീഴ്ച വലുതാക്കിയത്. അത് തന്നെയായിരുന്നു വീഴ്ചയുടെ ആദ്യ പടിയും. 300 പേജുള്ള ആത്മകഥയിലൂടെ എല്ലാം ജനങ്ങളോട് പറയുമെന്നും രാമചന്ദ്രൻ വിശദീകരിച്ചിട്ടുണ്ട്. പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയർമാനുമായ എം.എം. രാമചന്ദ്രൻ മൂന്നുവർഷത്തോളം നീണ്ട ജയിൽവാസത്തിനുശേഷമാണ് മോചിതനായത്. വായ്പ നൽകിയ ബാങ്കുകളും സ്വകാര്യ സ്ഥാപനങ്ങളുമായി ഒത്തുതീർപ്പിലെത്തിയതിനെ തുടർന്നാണു മോചനം സാധ്യമായത്.

രാമചന്ദ്രന്റെ മോചനത്തിനായി കേന്ദ്രസർക്കാർ ഉൾപ്പെടെ ശ്രമം നടത്തിയിരുന്നു. കടം വീട്ടാനായി ഒമാനിലെ ആസ്തികൾ ഉൾപ്പെടെ വിറ്റാണ് ഒത്തുതീർപ്പിലെത്തിയതെന്ന് അറിയുന്നു. മൂന്നു പതിറ്റാണ്ട് മുൻപ് ആരംഭിച്ച അറ്റ്‌ലസ് ജൂവലറി ഗ്രൂപ്പിന്റെ യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലെ അൻപതോളം ശാഖകൾ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. കേരളത്തിലെ ശാഖകളും അടച്ചു.