കൊൽക്കത്ത: സ്വന്തം ടീം തുടർച്ചയായി തോൽക്കുന്നത് കണ്ടാൽ ദുഃഖിക്കാത്ത ആരാണുള്ളത്. ഇന്ത്യൻ സൂപ്പർലീഗിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് തവണ തോൽവി ഏറ്റുവാങ്ങിയപ്പോഴും ടീം ഉടമ സച്ചിൻ ടെണ്ടുൽക്കറിന് നിരാശയായിരുന്നു ഫലം. എന്നാൽ ഇന്ന് സച്ചിൻ അൽപ്പം ആശ്വാസം കൊണ്ടു. കാരണം കേരളാ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. അപരാജിതരായി ഒന്നാം സ്ഥാനത്ത് കുതിക്കുന്ന കരുത്തരായ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയെ സ്വന്തം തട്ടകത്തിൽ തളച്ചതാണ് കേരളാ ബ്ലാസ്റ്റേഴസിന് ആശ്വാസം പകർന്നത്. ഒരോ ഗോളുകൾ അടിച്ചാണ് ടീമുകൾ സമനിലയിൽ പിരിഞ്ഞത്. ഇതോടെ തുടർച്ചയായ രണ്ട് തോൽവികൾക്കു ശേഷം ബ്ലാസ്‌റ്റേഴ്‌സ് ഒരു പോയന്റും നേടി.

കേരള പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് 22ാം മിനിറ്റിൽ ബൽജിത്ത് സാഹ്‌നിയിലൂടെ കൊൽക്കത്തയാണ് ആദ്യം മുന്നിലെത്തിയത്. മധ്യനിരയിൽ നിന്ന് ഉടലെടുത്ത ഒരു പ്രത്യാക്രമണത്തിൽ നിന്നാണ് ഈ ഗോൾ പിറന്നത്. വലതു വിംഗിലൂടെ മിഡ്ഫീൽഡർ ജൊഫ്രെ ഗോൺസാലസ് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെതാളം തെറ്റിച്ച് പന്ത് ബോർഹയ്ക്ക് നൽകി. ബോർഹഅത് സ്വന്തമായി ഷോട്ടെടുാക്കതെ വലതു ഭാഗത്ത് ബൽജിത്ത് സാഹ്‌നിക്ക് കൈമാറി. സാഹ്‌നിയുടെ ഷോട്ടിന് മുന്നിൽ ഡേവിഡ് ജെയിംസ് തീർത്തും നിസ്സഹായനായിരുന്നു.

ഒന്നാം പകുതിയിൽ തന്നെ എണ്ണം പറഞ്ഞൊരു ഗോളിലൂടെ ഇയാൻ ഹ്യൂം തിരിച്ചടിച്ചു. നിയന്ത്രിക്കാൻ പാടുപെട്ട പന്ത് ഹ്യൂം ബോക്‌സിൽ മിലാഗ്രെസിന് നൽകി. മിലാഗ്രെസ് അതിശയകരമായ ഒരു ഫ്‌ലൂക്കിലൂടെ ഹ്യൂമിന് തന്നെ കോരിയിട്ടുകൊടുത്തു. ഓടിയെത്തിയ ഹ്യൂമിന്റെ കാലിൽ നിന്ന് പന്ത് നേരെ വെടിയുണ്ട കണക്ക് നെറ്റിലേക്ക്. ലീഗിൽ ഇത് ഹ്യൂമിന്റെ രണ്ടാം ഗോളാണ്. ഹ്യൂം പിന്നീട് 73ാം മിനിറ്റിൽ സാഹ്‌നിയെ വകഴ്‌ത്തിയതിന് മഞ്ഞ കാർഡ് കാണുകയും ചെയ്തു.

കൊൽക്കത്തയുടെ രണ്ടാം സമനിലയാണിത്. അഞ്ചു കളികളിൽ നിന്ന് പതിനൊന്ന് പോയിന്റ് നേടിയാണ് അവർ ലീഡ് ചെയ്യുന്നത്. മൂന്ന് കളികളിൽ നിന്ന് ഒരു പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് ഏഴാമതാണ്.