- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്കൗണ്ട് കാലിയാകും, ഒ.ടി.പിയൊന്നും പറഞ്ഞുകൊടുക്കേണ്ട; മലപ്പുറത്തെ യുവതിയുടെ അക്കൗണ്ടിൽ നിന്ന് ഹാക്ക് ചെയ്തു തട്ടിയെടുത്തത് 93,000 രൂപ; ഞെട്ടൽ മാറാതെ ജോസി
മലപ്പുറം: ഒ.ടി.പി നമ്പറൊന്നും പറഞ്ഞുകൊടുത്തില്ല. യുവതിയുടെ എസ്.ബി.ഐ അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിയെടുത്തത് 93000 രൂപ. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് എൻ.എച്ച്. കോളനിയിലെ പി.പി. ജോസിയുടെ അക്കൗണ്ടിൽനിന്നാണ് പണം നഷ്ടപ്പെട്ടത്. എസ്.ബി.ഐ. യോനോ ആപ്പിലൂടെ 25,000 രൂപയിലധികം ഒറ്റത്തവണ അയക്കുന്നതിന് യുവതി കസ്റ്റമർ കെയറുമായി ബന്ധപ്പെടാൻ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പഴയ എസ്.ബി.ടി.യുടെ പാസ് ബുക്കിലുണ്ടായിരുന്ന നമ്പറിലാണ് വിളിച്ചത്.
കസ്റ്റമർ കെയറുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ലെങ്കിലും അൽപ്പസമയത്തിനു ശേഷം എസ്.ബി.ഐയിൽ നിന്നാണെന്നു പറഞ്ഞ് കോൾവന്നു. കസ്റ്റമർ കെയർ ഓഫീസറാണെന്നു പരിചയപ്പെടുത്തി വിളിച്ചിരുന്നോയെന്ന് അന്വേഷിച്ചു. യുവതി ആവശ്യം അറിയിച്ചപ്പോൾ 'എനി ഡെസ്ക്' എന്നൊരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ആപ്പ് ഡൗൺലോഡ്ചെയ്തശേഷം യുവതിയോട് ആപ്പിൽ തെളിഞ്ഞ അക്കങ്ങൾ ഇയാൾ ചോദിച്ചറിഞ്ഞു.
കൂടുതൽ പണം ഒറ്റത്തവണയായി അയക്കുന്നതിന് അൽപ്പസമയം കാത്തിരിക്കണമെന്ന് അഭ്യർത്ഥിച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലുമായിരുന്നു സംസാരം. ഇതിനിടെ യുവതിയുടെ അക്കൗണ്ടിൽനിന്ന് 24,999 രൂപ പിൻവലിക്കപ്പെട്ടു. അപകടം മനസ്സിലാക്കിയ യുവതി ഉടൻതന്നെ കൊണ്ടോട്ടി പൊലീസ്സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് നിർദേശിച്ചപ്രകാരം എസ്.ബി.ഐ. ബ്രാഞ്ചുമായി ബന്ധപ്പെട്ടു.
ബാങ്കിൽ എത്തി പരിശോധിച്ചപ്പോൾ അക്കൗണ്ടിൽനിന്ന് പലതവണയായി മൊത്തം 93,000 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഓൺലൈൻ സൈറ്റുകളിൽനിന്ന് സാധനങ്ങൾ വാങ്ങാനാണ് പണം പിൻവലിക്കപ്പെട്ടതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതിനൽകി.