കണ്ണൂർ: കണ്ണപുരത്ത് എ ടി എമ്മുകൾ തകർത്ത് കവർച്ച ചെയ്ത കേസിൽ മൂന്നുപേർ പിടിയിൽ. ഹരിയാന സ്വദേശികളായ നൗമാൻ, മുവീൻ, സൂജദ് എന്നിവരാണ് പിടിയിലായത്. ഹരിയാനയിൽ അറസ്റ്റിലായ പ്രതികളെ പൊലീസ് കണ്ണൂരിലെത്തിച്ചു.

അതിവിദഗ്ധമായി ഒരു തെളിവുകൾ പോലും അവശേഷിപ്പിക്കാതെ 24 ലക്ഷം രൂപയോളമാണ് പ്രതികൾ കവർന്നത്. പി പിഇ കിറ്റ് ധരിച്ചു ഏഴംഗസംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎമ്മിൽ കവർച്ച നടത്തിയത്. ഇതിനായി പ്രതികൾ പ്രത്യേക പരിശീലനവും നേടിയിരുന്നു. ഇവരിൽ നിന്ന് 16 ലക്ഷം രൂപ കണ്ടെടുത്തതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ വ്യക്തമാക്കി

ഫെബ്രുവരി 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാങ്ങാട് ബസാറിലെ ഇന്ത്യ വൺ എടിഎം,കല്യാശേരിയിലെ എസ് ബി ഐ എടിഎം, ഇരിണാവ് റോഡിലെ പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് എടിഎം എന്നിവിടങ്ങളിലെ എടിഎം മെഷീനുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് കവർച്ച നടത്തിയത്.

ആദ്യത്തെ എടിഎം തകർത്ത് പുലർച്ചെ 3 :31നും രണ്ടാമത്തെ 3: 50നും മൂന്നാമത്തേത് 4:15നും ആയിരുന്നു വെറും 45 മിനിറ്റ് കൊണ്ടാണ് എടിഎമ്മുകൾ ഇവർ തകർത്ത് പണം അപഹരിച്ചത് . 24 ലക്ഷം രൂപയോളമാണ് പ്രതികൾ മൂന്ന് എടിഎമ്മുകളിൽ നിന്നായി കവർന്നത്. കവർച്ചക്ക് മുമ്പുതന്നെ എടിഎമ്മുകളിൽ സ്ഥാപിച്ചിരുന്ന ക്യാമറകൾ നശിപ്പിച്ചിരുന്നെങ്കിലും വഴിവക്കിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ നിന്ന് പജീറോ കാറിലാണ് പ്രതികൾ എത്തിയതെന്ന് പൊലീസിന് മനസ്സിലാക്കാൻ സാധിച്ചു.

പിന്നീട് പജീറോ സഞ്ചരിച്ച വഴികളുടെ പൊലീസ് പ്രതികളെ പിന്തുടർന്നു, തലപ്പാടി ടോൾ ടോൾബൂത്തിലൂടെ സഞ്ചരിച്ച് പ്രതികളുടെ പജീറോ കാറിന്റെ നമ്പർ ലഭിച്ചെങ്കിലും ഇത് വ്യാജമാണെന്ന് മനസ്സിലായതോടെ തുടരന്വേഷണം പ്രതിസന്ധിയിലായി. എന്നാൽ കണ്ണൂർ എ സി പി പി ബാലകൃഷ്ണൻ നായർ സമാന രൂപത്തിൽ നടന്ന ഇന്ത്യയിലെ മറ്റ് എടിഎം റോബറിയെ കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ഹരിയാന കേന്ദ്രമായി ഇത്തരം ഒരു സംഘം ഉള്ളതായി പൊലീസിന് സൂചന ലഭിച്ചത്.

തുടർന്ന് മോഷണവുമായി ബന്ധപ്പെട്ട് വിവരം ഡൽഹി പൊലീസുമായി പങ്കുവെക്കുകയും ഹരിയാന സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടുകയും ചെയ്തു. ഡൽഹി പൊലീസ് കൈമാറിയ വിവരത്തിന് അടിസ്ഥാനത്തിൽ ഇത്തരം ഒരു സംഘം ഉള്ളതായും അവർ നിലവിൽ ഹരിയാനയിൽ ഇല്ലെന്നും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണന്നും കണ്ണൂർ പൊലീസിന് മനസ്സിലാക്കാൻ സാധിച്ചു. എന്നാൽ ഇവർ വിളിച്ച അവസാനത്തെ ഒരു ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു കണ്ടെയ്‌നർ ലോറി ജീവനക്കാരന്റെതാണെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷണം ശരിയായ വഴിയിൽ എത്തി.

പിന്നീട് കണ്ണൂർ പൊലീസ് വിമാനമാർഗ്ഗം ഡൽഹിയിൽ എത്തുകയും ഡൽഹി പൊലീസിന്റെ സഹായത്തോടെ കണ്ടെയ്‌നർ ജീവനക്കാരനെ ചോദ്യം ചെയ്തപ്പോൾ ഹരിയാനയിലെ മേവാദ് ജില്ലയിലെ കാർ സ്‌ക്രാപ്പ് വ്യവസായമേഖലയിലെത്തി പ്രതികളെ പിടികൂടി. കണ്ണൂർ പൊലീസ് സമാനതകളില്ലാത്ത അന്വേഷണമാണ് നടത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.

കവർച്ചാ സംഘത്തെ ഹരിയാന മേവാദ് ജില്ലയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ പ്രമുഖ മാഫിയാസംഘങ്ങൾ വിഹരിക്കുന്ന പ്രദേശത്തുനിന്നു സാഹസികമായണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്, കണ്ണൂർ എസ്‌പിയുടെ നിർദ്ദേശപ്രകാരം കണ്ണൂർ എസിപി പി ബാലകൃഷ്ണൻ നായർ, വളപട്ടണം സി ഐ അനിൽകുമാർ, എസ്‌ഐമാരായ മഹിജാൻ റാഫി അഹമ്മദ്, സീനിയർ സിവിൽ പൊലീസ്ഓഫീസർ സുജിത്ത്, നികേഷ് ,അജിത് ,മനീഷ്, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.