മറയൂർ: കോവിൽകടവിൽ എസ് ബി ഐ ഏ റ്റി എം കുത്തിത്തുറന്ന് കവർച്ചയ്ക്ക് ശ്രമിച്ച തേനി ടോപ്സ്റ്റേഷൻ മണികണ്ഠൻ പൊലീസ് പിടിയിൽ. കഴിഞ്ഞ 17-ന് രാത്രിയായിരുന്നു സംഭവം. സമീപത്തെ എസ്‌സി ലോഡ്ജിൽ മുറിയെടുത്ത ശേഷം പുലർച്ചെ ഒരു മണിയോടെ ഏ റ്റി എം മിഷ്യൻ തകർക്കുകയായിരുന്നു. മിഷ്യൻ പലകഷണങ്ങളാക്കിയെങ്കിലും പണം ഇരുന്ന ഭാഗം തകർക്കാൻ പറ്റാതെ ശ്രമം ഉപേക്ഷിച്ച് പുലർച്ചെ 4 മണിയോടടുത്ത് മണികണ്ഠൻ മുറിയിലേയ്ക്ക് മടങ്ങി.

വിവരമറിഞ്ഞ പൊലീസ് സംഘം സമീപത്തെ ലോഡ്ജുകളിൽ താമസിച്ചിരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു.അന്ന് മണികണ്ഠനെ പൊലീസ് സംഘം കണ്ടിരുന്നു. പേരുവിവരങ്ങൾ തിരക്കുകയും സംശയം തോന്നാത്തതിനാൽ വിട്ടക്കുകയുമായിരുന്നു. പിറ്റേന്ന് സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് മണികണ്ഠനായിരുന്നു കവർച്ചയ്ക്ക് ശ്രമിച്ചതെന്ന സൂചന പൊലീസിന് ലഭിച്ചത്. ഇതിനകം ഇയാൾ മുങ്ങിയിരുന്നു.തുടർന്ന് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണികണ്ഠൻ ബോഡിയിൽ നിന്നും പൊലീസ് പിടിയിലായത്. രണ്ട് ഭാര്യമാരുമായി അടിപൊളിയായി ജീവിക്കുന്നതിന് ലക്ഷ്യമിട്ടാണ് മണികണ്ഠൻ താൻ കവർച്ചയ്ക്കിറങ്ങിയതെന്നാണ് മണികണ്ഠൻ പൊലീസിനോട് വ്യക്തമാക്കിയത്. രണ്ടാം ഭാര്യയും കൈക്കുഞ്ഞുമായിട്ടാണ് ഇയാൾ ലോഡ്ജിൽ മുറിയെടുത്തിരുന്നത്.

ആദ്യം ഷാൾ പുതച്ച് എറ്റിഎം ലെത്തി സ്ഥിഗതികൾ വിലയിരുത്തി.പിന്നീട് ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് ഷാൾ ഒഴിവാക്കി മുഖവും തലയും മൂടുന്ന തരത്തിലുള്ള തൊപ്പി ധരിച്ച് വീണ്ടും എത്തിയായിരുന്നു എറ്റിഎം കുത്തിപ്പൊളിച്ചത്. കൗണ്ടറിന്റെ ഷട്ടർ താഴ്‌ത്തിയ ശേഷമായിരുന്നു മിഷ്യൻ അഴിച്ചുതുടങ്ങിയത്. പണം ഇരുന്ന ഭാഗം മാത്രം പൊളിക്കാനായില്ല. ഇതിനായി മാത്രം ഒരു മണിക്കൂറിലേറെ ശ്രമിച്ചെന്നും ഫലം കാണാത്തതിനാൽ ശ്രമം മതിയാക്കുകയായിരുന്നെന്നുമാണ് മണികണ്ഠന്റെ വെളിപ്പെടുത്തൽ.

സിസി ടി വി ദൃശ്യത്തിലെ വ്യക്തിക്ക് മണികണ്ഠനുമായി ഉണ്ടായിരുന്ന രൂപ സാദൃശൃവും പൊലീസിന് തുണയായത്. ആദ്യം കൃത്യം നടത്തിയത് താനല്ലന്ന് വാദത്തിൽ ഉറച്ചുനിന്ന മണികണ്ഠൻ ശാസ്ത്രീയ തെളിവുകൾ നിരത്തി പൊലീസ് ചോദ്യം ചെയ്തതോടെ സംഭവിച്ചതെല്ലാം വെളിപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. മൂന്നാർ ഡി വൈ എസ് പി സുനീഷ് ബാബു, സി ഐ സാം ജോസ്,മറയൂർ എസ് ഐ ജി അജയകുമാർ,അഡീഷണൽ എസ് ഐ റ്റി ആർ രാജൻ, എസ് സി ഒ പി മാരായ അബ്ബാസ്, ബേസിൽ പി ഐസക്, ഡബ്ളിയു എസ് സി പി ഒ കവിത തുടങ്ങിയവർ അടക്കം 20-ളം വരുന്ന പൊലീസ് സംഘം കേസ്സ് അന്വേഷണത്തിൽ പങ്കാളികളായിരുന്നു.