കോട്ടയം: സംസ്ഥാനത്തെ ഞെട്ടിച്ച എടിഎം മോഷണത്തിന്റെ പിന്നാമ്പുറത്ത് നടന്ന മാസ്റ്റർ പ്ലാനിങ്ങിന്റെ കഥ കേട്ട് ഞെട്ടിയിരിക്കുകയാണ് ഏവരും. എടിഎം തകർത്ത് 35 ലക്ഷം മോഷ്ടിച്ച സംഭവത്തിൽ മോവാത്ത് ഹൈവേ മോഷ്ടാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം കൂടുതൽ തെളിവെടുപ്പും മറ്റ് നടപടികളും പൂർത്തിയാക്കുന്നതിനായി ഇവരെ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ വാങ്ങുമെന്നാണ് സൂചന.

സംഭവത്തിൽ നേരിട്ട് പങ്കുള്ള മൂന്ന് പേരെയാണ് ഇന്ന് കോടതി മുൻപാകെ എത്തിക്കുന്നത്. ഹരിയാന മേവാത്ത് നസർപൂർ പുൽഹാനയിൽ ഹൗസ് നമ്പർ 19 ൽ ഹനീഷ് (37), രാജസ്ഥാൻ ഭരത്പൂർ കത്താൽ പഹാരി നസീം അക്‌ബർ (24) എന്നിവരെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കുക. മറ്റൊരു മോഷണക്കേസിൽ തീഹാർ ജയിലിൽ കഴിയുന്ന രാജസ്ഥാൻ സ്വദേശി പപ്പി സിംഗിനെ (32) 14 ന് കസ്റ്റഡിയിൽ വാങ്ങുമെന്നാണ് സൂചന. സിംഗിനെതിരെ മുൻപും എടിഎം കൊള്ളയടിച്ചതിന് കേസുണ്ട്. ആകെ 19 കേസുളാണ് നിലവിലുള്ളത്.

പൊലീസിനെ വട്ടം കറക്കി മോവാത്ത് മോഷ്ടാക്കൾ; മൂന്നു പേർക്കായി തിരച്ചിൽ ശക്തം

കേസിൽ രാജസ്ഥാൻ ഭരത്പൂർ സ്വദേശി അലീൻ (26), ഹരിയാന സ്വദേശികളായ അസംഖാൻ (18), ഷെഹസാദ് (33) എന്നിവർക്കായി പൊലീസ് വീണ്ടും തിരച്ചിൽ നടത്തും. കഴിഞ്ഞ മാസം പന്ത്രണ്ടിനാണ് എറണാകുളത്തും, തൃശൂരിലും എ.ടിഎം തകർത്ത് 35 ലക്ഷം കവർന്നത്. കൊടും ക്രിമിനലുകളായ ഹനീഫും, നസീമും അസംഖാനും നസീമിന്റെ വീട്ടിൽ ഒത്തു ചേർന്നാണ് മോഷണത്തിനു പദ്ധതി തയ്യാറാക്കിയത്. സിംഗാർ കമ്പനിയിൽ നിന്നുള്ള ലോഡുമായി ആറു വർഷമായി കേരളത്തിൽ ലോറിയോടിക്കുന്ന അസംഖാനും, ഷെഹസാദും, അലീമുമാണ് കവർച്ച നടത്താനുള്ള എ.ടി.എമ്മുകളെപ്പറ്റി പദ്ധതി അറിയിച്ചത്.

മോഷണ വീരന്മാർ നടത്തിയത് വമ്പൻ പ്ലാനിങ്

കൃത്യമായ പദ്ധതി തയ്യാറാക്കിയ ശേഷം മൂന്ന് ലോറികളിൽ ലോഡുമായി ഇവർ യാത്ര തിരിച്ചു. ലോറിയുടെ ക്യാബിനിൽ ഗ്യാസ് കട്ടറുകൾ, കമ്പി വടി, വടിവാൾ അടക്കമുള്ള മാരകായുധങ്ങളും ഉണ്ടായിരുന്നു. ഹനീഫും, നസീമും, പപ്പിയും ഡൽഹിയിൽ നിന്നും വിമാന മാർഗം ബംഗളൂരുവിൽ എത്തി ഇവരോടൊപ്പം ചേർന്നു. സംഘത്തിലെ അഞ്ചു പേർ പത്തനംതിട്ടയിലേക്ക് ലോഡ് കൊണ്ടു പോകുന്ന ലോറിയിൽ കയറി. അലീം കൊല്ലത്തേയ്ക്ക് പോയി.

പത്തനംതിട്ടയിൽ ലോഡിറക്കിയ ശേഷം തിരികെ എത്തിയ സംഘം മണിപ്പുഴയിലെ റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് മോഷ്ടിച്ചു. തുടർന്ന് നാഷണൽ പെർമിറ്റ് ലോറിയിലുണ്ടായിരുന്ന അസമിനോട് ലോറിയുമായി ചാലക്കുടിയിൽ നിൽക്കാൻ നിർദേശിച്ചു.തുടർന്ന് ഹനീഫ്, ഷഹസാദ്, നസീം, പപ്പി എന്നിവർ പിക്കപ്പ് വാനിൽ പുറപ്പെട്ടു. ഇരുപത് വർഷത്തോളമായി വെൽഡറായ ഹനീഫാണ് എ.ടി.എമ്മുകൾ തകർക്കാനെത്തിയത്. നസീമാണ് കാമറകളിൽ സ്പ്രേ പെയിന്റ് അടിച്ചത്.

വെമ്പള്ളിയിൽ എ.ടി.എം തകർക്കാൻ ശ്രമിക്കുന്നതിനിടെ മുകൾ നിലയിൽ നിന്നു വെളിച്ചം കണ്ട് രക്ഷപ്പെട്ടപ്പോൾ, മോനിപ്പള്ളിയിലെ എ.ടി.ഐമ്മിൽ പണമുണ്ടായിരുന്നില്ല. തുടർന്ന് ഇരുമ്പനത്തു നിന്ന് 25 ലക്ഷവും കൊരട്ടിയിൽ നിന്ന് പത്ത് ലക്ഷവും കവർന്നു. കവർച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട പ്രതികളെ മൊബൈൽ ഫോൺ നെറ്റ് വർക്ക് പിൻതുടർന്ന് കണ്ടെത്തുകയായിരുന്നു. രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളുടെ അതിർത്തി ഗ്രാമമായ മേവാത്തിൽ നിന്നും എറണാകുളം സിറ്റി സിഐ ഉത്തംദാസ്, കോട്ടയം ഈസ്റ്റ് എസ്‌ഐ ടി.ഐസ് റെനീഷ്, എഎസ്ഐമാരായ അജിത്, കെ.കെ റെജി, എഎസ്ഐ അനസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിനിൽ എന്നിവർ ചേർന്നാണ് പിടികൂടിയത്.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എംപി ദിനേശ്, കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, ചങ്ങനാശേരി ഡിവൈ.എസ്‌പി എസ്.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.