ലണ്ടൻ: മാഞ്ചസ്റ്റർ അരീനയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 22 പേരിൽ ഇതുവരെ തിരിച്ചറിഞ്ഞത് അഞ്ചുപേരെ മാത്രം. കാണാതായവർക്കുവേണ്ടി ബന്ധുക്കൾ തിരച്ചിൽ തുടരുകയാണ്. തിരിച്ചറിയാനുള്ള ശ്രമങ്ങൾ പരാജയപ്പെടുമ്പോൾ, മക്കളെയും ബന്ധുക്കളെയും തേടിയുള്ള അലച്ചിൽ കൂടുതൽ ദുഃഖപൂർണമാകുന്നു. 22 പേർ മരിച്ചുവെങ്കിലും എല്ലാവരെയും തിരിച്ചറിഞ്ഞോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരിലേറെയും കുട്ടികളും യുവതീയുവാക്കളുമാണെന്ന കാര്യം ഉറപ്പിച്ചിട്ടുണ്ട്.

14-കാരിയായ നെൽ ജോൺസുൾപ്പെടെ കാണാതായവരെത്തേടിയുള്ള ബന്ധുക്കളുടെ അലച്ചിൽ തുടരുകയാണ്. നെൽ സംഗീകപരിപാടിക്ക് വന്നിരുന്നതായി സുഹൃത്തുക്കൾ പറയുന്നുണ്ട്. എന്നാൽ, പരിക്കേറ്റവരുടെ കൂട്ടത്തിൽ അവളില്ല. ചെഷയറിലെ ഗൂസ്ട്രിയിൽനിന്ന് മാതാപിതാക്കളും ബന്ധുക്കുളും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും അവർക്ക് നിരാശരാകേണ്ടിവന്നു.

19-കാരനായ ലിയാനം കറിയും കാമുകി ചോൾ റുഥർഫഡും (17) കാണാതായവരിൽപ്പെടുന്നു. സംഗീതപരിപാടിക്കുതൊട്ടുമുമ്പ് ലിയാമിന്റെ അമ്മ കരോളിനൊപ്പം ഇവർ സെൽഫിക്ക് പോസ് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടനത്തിനുശേഷം ഇവരെക്കുറിച്ചും യാതൊരു വിവരവുമില്ല. ലിയാമിന്റെയും ചോളിന്റെയും കുടുംബാംഗങ്ങളും മാഞ്ചസ്റ്ററിലെത്തി തിരച്ചിൽ തുടരുകയാണ്.

സ്‌കോട്ട്‌ലൻഡിലെ ബാരയിൽനിന്നുള്ള എൽഡിത്ത് മക്‌ലോയ്ഡ് (14), ഗേറ്റ്‌സ്‌ഹെഡിൽ#നിന്നുള്ള കോർട്ണി ബോയ്ൽ (17), മാഞ്ചസ്റ്ററിൽനിന്നുള്ള മാർട്ടിൻ ഹെറ്റ് (29), ലീഡ്‌സിൽനിന്നുള്ള വെൻഡി ഫാവെൽ (50), ഗേറ്റ്‌സ്‌ഹെഡിൽനിന്നുള്ള ഫിലിപ്പ് ട്രോൺ, യോർക്ക് സ്വദേശികളായ ആഞ്ജലിക്ക ക്ലിസ്, മാഴ്‌സിൻ ക്ലിസ് എന്നിവരെ കാണാതായിട്ടുണ്ടെന്ന് പൊലീസിന് കിട്ടിയ പരാതികൾ സൂചിപ്പിക്കുന്നു.

മരുമകളെ രക്ഷിച്ച അമ്മായി

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച കെല്ലി ബ്രെസ്റ്റർ (32) സഹോദരി ക്ലെയറിനും അനന്തരവൾ ഹോളി ബൂത്തിനുമൊപ്പമാണ് സംഗീതപരിപാടിക്കെത്തിയത്. സ്‌ഫോടനമുണ്ടായപ്പോൾ, ഹോളിയെ രക്ഷിക്കുന്നതിനായി കവചംപോലെ നിന്നുവെന്നാണ് കരുതുന്നത്. അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബ്രെസ്റ്റർ ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. സ്‌ഫോടനത്തിൽ ഹോളിയുടെ രണ്ടുകാലുകളും തകർന്നു. ഹോളിയുടെ അമ്മയായ ക്ലെയറിന്റെ താടിയെല്ലുകളും തകർന്നു

പ്രാർത്ഥനയോടെ ലോകം

സ്‌ഫോടനത്തിൽ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരവെ, മാഞ്ചസ്റ്റർ അരീനയ്ക്ക് സമീപം ആയിരങ്ങൾ ആദരാഞ്ജലി അർപ്പിക്കാനെത്തി. ദുരന്തത്തിൽ മരിച്ചുവെന്ന് സ്ഥിരീകരിക്കപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആദരാഞ്ജലി അർപ്പിക്കാൻ ചേർന്ന ചടങ്ങിൽ പങ്കെടുത്തു. എട്ടുവയസ്സുകാരി സാഫി റൗസോസ്, ജോർജിന കാലണ്ടർ, ജോൺ അറ്റ്കിൻസൺ, കെല്ലി ബ്രെസ്റ്റർ, മേഗൻ ഹർളി എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ആയിരത്തിലേറെ ആളുകളാണ് മെഴുകുതിരികളുമായി ആദരാഞ്ജലി അർപ്പിക്കാനെത്തിയത്.