ല്ല ജീവിതം നൽകിയ രാജ്യത്തോടു എന്നും കടപ്പാട് ഉണ്ടാകണമെന്ന് കരുതുകയും സ്വപ്നത്തിൽ പോലും ഭീകര ആക്രമണത്തെ ന്യായീകരിക്കുകയും ചെയ്യാതിരുന്നിട്ടും നമ്മൾ മലയാളികൾ എല്ലാവരും ഭീകര മനസ്സുള്ളവരാണെന്ന് വെള്ളക്കാർ കരുതിയാൽ എന്തു ചെയ്യും? ആക്രമണം അഴിച്ചു വിടുന്ന ഭീകരർക്കും നമുക്കും ഒരേ മുഖം ആയതാണ് നമ്മുടെ ജീവിതം ദുരിത പൂർണ്ണമാക്കിയിരിക്കുന്നത്. മാഞ്ചസ്റ്റർ ആക്രമണത്തിന് ശേഷം രാജ്യം എമ്പാടും വംശീയ ആക്രമണങ്ങൾ പെരുകിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. മാഞ്ചസ്റ്ററിൽ മാത്രം ഒരു ദിവസം അൻപതിൽ അധികം ആക്രമണങ്ങൾ നടക്കുന്നു എന്ന് മെറ്റ് പൊലീസ് തന്നെ പറയുന്നു.

എന്തായാലും ചുരുക്കിപ്പറഞ്ഞാൽ മാഞ്ചസ്റ്റർ അരീനയിൽ നടന്ന ചാവേറാക്രമണത്തിന് ശേഷം മലയാളികൾ അടങ്ങിയ ഏഷ്യൻ വംശജർക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ലിബിൻ വംശജനായ സൽമാൻ അബേദിയെന്ന ജിഹാദി നടത്തിയ പ്രസ്തുത ആക്രമണത്തിൽ 22 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണം നടക്കുന്ന തിങ്കളാഴ്ച മാഞ്ചസ്റ്ററിൽ 28 വംശീയ ആക്ഷേപ, അല്ലെങ്കിൽ ആക്രമണ സംഭവങ്ങളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ ബുധനാഴ്ച അത് ഇരട്ടിയായിത്തീർന്നിരുന്നുവെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് വെളിപ്പെടുത്തുന്നു.

ഇത്തരം ആക്രമണങ്ങളും അധിക്ഷേപങ്ങളും വർധിക്കുന്ന സാഹചര്യം തങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് ചീഫ് കോൺസ്റ്റബിളായ ലാൻ ഹോപ്കിൻസ് പറയുന്നത്. മാഞ്ചസ്റ്ററിലെ ആക്രമണം നടത്തിയത് ക്രിമിനലാണെന്നും അതിനാൽ അതിന്റെ പേരിൽ ഒരു പ്രത്യേക മതവിഭാഗത്തെയോ സമുദായത്തെയോ വംശീയ ആക്രമണത്തിന് വിധേയമാക്കുന്നതിനോട് യോജിക്കാനാവില്ലെന്നും മുൻ ചീഫ് ക്രൗൺ പ്രോസിക്യൂട്ടറായ നസിർ അഫ്‌സൽ പറയുന്നത്. ഇത് തീർത്തും നിരാശാജനകമാണെങ്കിലും ഇത്തരം സംഭവങ്ങൾ എപ്പോഴും സംഭവിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് പൊലീസ് ആൻഡ് ക്രൈം കമ്മീഷണേർസ് അസോസിയേഷൻ തലവൻ കൂടിയായ അദ്ദേഹം പറയുന്നത്.

ബ്രസൽസ് ,പാരീസ്, വെസ്റ്റ്മിൻസ്റ്റർ എന്നിവിടങ്ങളിലെ ഭീകരാക്രമണങ്ങൾക്ക് ശേഷം ഇത്തരം വംശീയ ആക്രമണങ്ങൾ പെരുകിയിരുന്നുവെന്നും ഏതാനും ക്രിമിനലുകൾ നടത്തിയ ആക്രമണങ്ങളുടെ പേരിൽ ഒരു മതവിഭാഗത്തെ മൊത്തമായി ആക്രമിക്കുന്നത് ദുഃഖകരമാണെന്നും ഭീകരർ ഒരു സമുദായത്തെയും പ്രതിനിധീകരിക്കുന്നില്ലെന്നും അഫ്‌സൽ അഭിപ്രായപ്പെടുന്നു. അതായത് ജോ കോക്‌സിന്റെ കൊലപാതകി വെള്ളക്കാരെ പ്രതിനിധീകരിക്കുന്നില്ലെന്നും കെകെകെ ക്രിസ്റ്റ്യാനിറ്റിയെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം ഉദാഹരിക്കുന്നു. അതിനാൽ ഇത്തരം വംശീയ ആക്രമണങ്ങൾക്ക് വിധേയരാകുന്നവർ ഇക്കാര്യം വെളിപ്പെടുത്താൻ മുന്നോട്ട് വരണമെന്നും അദ്ദേഹം നിർദേശിക്കുന്നു.

ഈ വിധത്തിലുള്ള മിക്ക ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നും ഭൂരിഭാഗം പേരും ഇത്തരം സംഭവങ്ങൾ തുറന്ന് പറയാൻ ധൈര്യപ്പെടുന്നില്ലെന്നും മുസ്ലിം നേതാക്കന്മാർ പറയുന്നു.വംശീയ ആക്രമണങ്ങൾ പെരുകിയതും മാഞ്ചസ്റ്റർ ആക്രമണവുമായും നേരിട്ടുള്ള ബന്ധമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് ചീഫ് കോൺസ്റ്റബിളായ ലാൻ ഹോപ്കിൻസ് അഭിപ്രായപ്പെടുന്നത്. വംശീയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് ഏർപ്പെടുത്തിയ ലോഗിന്റെ ബുധനാഴ്ചത്തെ കോപ്പി ബിബിസിക്ക് ലഭിച്ചിരുന്നു.

അതിൽ ഇനി പറയുന്ന വംശീയ ആക്രമണങ്ങളോ അതിനുള്ള ശ്രമങ്ങളോ നടന്നയായി വെളിപ്പെട്ടിട്ടുണ്ട്. ഒരു സ്‌കൂളിലെ കുട്ടികളോട് ഒരു സംഘമെത്തി അവർ മുസ്ലീങ്ങളാണോയെന്ന് തിരക്കുകയും തുടർന്ന് സ്‌കൂളിന് നേരെ ബോബാക്രമണ ഭീഷണി ഉയർത്തുകയും ചെയ്ത സംഭവം ബുധനാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.ഇതിന് പുറമെ ഒരു കുട്ടിയെ ഒരു ലോഹവടിയുമായി ഒരാൾ പിന്തുടരുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു.ഒരു ബാങ്കിൽ അക്കൗണ്ടെടുക്കാൻ വന്നയാളെ ബാങ്ക് ജീവനക്കാരൻ തീവ്രവാദിയെന്ന് വിളിക്കുകയും മാഞ്ചസ്റ്റർ ആക്രമണത്തിന്റെ പേരിൽ അധിക്ഷേപിക്കുകയും ചെയ്തതും ബുധനാഴ്ചയായിരുന്നു.

ദുരനുഭവമുണ്ടായതിനെ തുടർന്ന് തനിക്ക് പൊതു സ്ഥലങ്ങളിൽ ഹിജാബ് ധരിക്കാനാവാത്ത സ്ഥിതിയാണുണ്ടായിരിക്കുന്നതെന്ന് സൂപ്പർമാർക്കറ്റിലെ ഒരു സ്ത്രീ വെളിപ്പെടുത്തിയിരുന്നു. നോർത്ത് മാഞ്ചസ്റ്ററിലെ ഒരു പ്രോപ്പർട്ടിക്ക് മുകളിൽ വംശീയ അധിക്ഷേപം സ്ഫുരിക്കുന്ന ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടതും ഇക്കഴിഞ്ഞ ബുധനാഴ്ചയാണ്. മാഞ്ചസ്റ്റർ ആക്രമണത്തിന് ശേഷം വംശീയകുറ്റകൃത്യങ്ങൾ വർധിച്ചിരിക്കുന്നുവെന്നാണ് സൗത്ത് യോർക്ക്‌ഷെയർ പൊലീസും ട്വീറ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച മുതൽ ഇത്തരം കുറ്റ കൃത്യങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായെന്നാണ് എസെക്‌സ് പൊലീസും പറയുന്നത്.

എന്നാൽ ഇതിന് മാഞ്ചസ്റ്റർ ആക്രമണവുമായി നേരിട്ടുള്ള ബന്ധം കാണാൻ സാധിച്ചിട്ടില്ലെന്നും ഫോഴ്‌സ് പറയുന്നു. വംശീയ അതിക്രമ ബോധവൽക്കരണം ഉപദേശങ്ങൾ മറ്റ് പൊലീസ് ഫോഴ്‌സുകളും നൽകുന്നുണ്ട്. കൂടാതെ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഏവരും തയ്യാറാകണമെന്നും പൊലീസ് ആവർത്തിച്ച് നിർദേശിക്കുന്നു. ശനിയാഴ്ച ഡേവനിലെ തോർബേ ഇസ്ലാമിക് സെന്ററിന് നേരെ മൂന്ന് പേർ കല്ലുകൾ വലിച്ചെറിയുകയും തെറി വിളിച്ച് പറയുകയും ചെയ്ത സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.

പ്രകോപിപ്പിക്കാൻ തയ്യാറായി അനേകം പേർ നിങ്ങളുടെ ചുറ്റിനും ഉണ്ട് എന്നു മറക്കരുത്. പൊലീസിൽ റിപ്പോർട്ട് ചെയ്യുക അടക്കമുള്ള കാര്യങ്ങൾ മറക്കാതെ ചെയ്യണമെങ്കിലും വംശീയ പ്രകോപനം ഉണ്ടാക്കുന്നവരെ ചോദ്യം ചെയ്യാനോ നേരിട്ടു ഏറ്റു മുട്ടാനോ ശ്രമിക്കരുത്. വഴിയിൽ കൂട്ടം ചേർന്നു നിൽക്കുന്ന കുട്ടികളുടെയും യുവതീയുവാക്കളുടെയും അടുത്തു കൂടി പോവാതിരിക്കുക. നിങ്ങളെ ഉദ്ദേശിച്ച് വംശീയ വാക്കുകൾ പ്രയോഗിക്കുന്നത് കേട്ടാലും കേട്ടില്ലെന്ന് നടിച്ചു കടന്നു പോവുക. എന്തെങ്കിലും ഒരു പ്രശ്‌നം ഉണ്ടായാൽ പലരും ഒത്തു കൂടുകയും എല്ലാവരും ചേർന്ന് നമ്മളെ ഭീകരരാക്കുകയും ചെയ്യുന്ന സംഭവം ഉണ്ടായിക്കൂടെന്നില്ല.