ലണ്ടൻ: ഇന്നലെ രാത്രി ബറോ ഹൈസ്ട്രീറ്റിലിറങ്ങിയ അഞ്ച് ഭീകരർ കണ്ണിൽ കാണുന്നവരെയെല്ലാം 12 ഇഞ്ച് നീളമുള്ള കത്തി കൊണ്ട് കുത്തിയപ്പോൾ ഭൂരിഭാഗം പേരും എങ്ങനെയെങ്കിലും ജീവനും കൊണ്ട് രക്ഷപ്പെടാൻ പരക്കം പായുകയായിരുന്നു. എന്നാൽ ബറോ ഹൈസ്ട്രീറ്റിലെ ഒരു ധീരനായ ടാക്‌സി ഡ്രൈവർ ഭീകരരെ ചെറുത്ത് നിൽക്കുകയും നിരവധി പേരെ കൊലക്കത്തിയിൽ നിന്നും രക്ഷിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട്. ലണ്ടൻ ബ്രിഡ്ജിൽ ലക്കു ലഗാനുമില്ലാതെ വാനോടിച്ച് നിരവധി പേർക്ക് പരുക്കേൽപ്പിച്ച ശേഷം അഞ്ച് ഭീകരരും കത്തിയുമായി ബറോ ഹൈസ്ട്രീറ്റിൽ ഒരുമിച്ചിറങ്ങിയത് നൂറ് കണക്കിന് പേരെ കൊന്നൊടുക്കാമെന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാൽ ഇതിന് തടസമായത് ധീരനായ ഈ ടാക്‌സി ഡ്രൈവർ ഭീകരരെ തടഞ്ഞ് നിർത്തി അവരോട് ഏറ്റുമുട്ടാനിറങ്ങിയതുകൊണ്ടാണെന്ന് വ്യക്തമായിട്ടുണ്ട്. ഭീകരർക്ക് മേൽ ധൈര്യപൂർവം വാഹനം ഓടിച്ച് നേരിട്ട ഈ ഡ്രൈവർക്ക് എങ്ങു നിന്നും അഭിനന്ദന പ്രവാഹമെത്തിക്കൊണ്ടിരിക്കുകയാണ്.

ഭീകരർ 12 ഇഞ്ച് കത്തിയുമായി കാണുന്നവരെയെല്ലാം കുത്തി വീഴ്‌ത്തി വരുന്നത് കണ്ടപ്പോൾ തനിക്ക് നോക്കി നിൽക്കാനായില്ലെന്നാണ് പേര് വെളിപ്പെടുത്താത്ത ഈ ഡ്രൈവർ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. തന്റെ കാറിന് ചുറ്റുമായി അവർ നിരവധി പേരെ കുത്തിയിരുന്നുവെന്നും തുടർന്നായിരുന്നു ഇത് തടയണമെന്ന ഉൾവിളി തനിക്കുണ്ടായതെന്നും ഡ്രൈവർ പറയുന്നു. ഇതിലൊരാളെ കാറോടിച്ച് പിന്തുടർന്ന് താൻ ഇടിച്ചിടാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ അയാൾ ഒരു വശത്തേക്ക് തെന്നി മാറി രക്ഷപ്പെടുകയായിരുന്നുവെന്നും ഡ്രൈവർ വെളിപ്പെടുത്തുന്നു. തുടർന്ന് മൂന്ന് പൊലീസ് ഓഫീസർമാർ ഭീകരർക്ക് നേരെ കുതിച്ചെത്തുന്നതും അവരെ നേരിടുന്നതും കണ്ടുവെന്നും ഡ്രൈവർ സാക്ഷ്യപ്പെടുത്തുന്നു.

ആക്രമണം നടക്കുന്ന പ്രദേശത്ത് നിന്നും എത്രയും വേഗം വിട്ട് പോകാൻ ഈ ഡ്രൈവർ വഴിയിൽ കാണുന്നവരോടെല്ലാം ഉച്ചത്തിൽ നിർദ്ദേശിക്കുന്നത് കാണാമായിരുന്നുവെന്ന് വെളിപ്പെടുത്തലുണ്ട്. ഭീകരർ കത്തിയുമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഇടത്തേക്ക് വരാതെ പിൻവലിയാതെ മറ്റ് വഴിയിലൂടെ രക്ഷപ്പെടാനും ഡ്രൈവർ നിർദ്ദേശിച്ചിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇത്തരം ഇടപെടലിനെ തുടർന്ന് നൂറ് കണക്കിന് പേരാണ് ഭീകരരുടെ കത്തിയിൽ നിന്നും രക്ഷപ്പെട്ടത്. ഒരു വേള ഭീകരരോട് നേരിട്ട് ചെറുത്ത് നിന്ന് നിരവധി പേരെ കത്തിക്കുത്തിൽ നിന്നും രക്ഷപ്പെടുത്താനും ഈ ഡ്രൈവർ ധൈര്യം കാട്ടിയിരുന്നുവെന്ന് ചില ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നു.

ത്രാലെ സ്ട്രീറ്റിൽ കുത്തേറ്റ് വീണ നിരവധി പേരെ പൊലീസ് അത്യാവശ്യ സഹായങ്ങൾ നൽകുന്നത് കാണാമായിരുന്നു. പലരെയും പൊലീസ് ചുമന്ന് ആംബുലൻസിലേക്ക് കയറ്റിയിരുന്നു. ഭീകരർ കത്തിയുമായി വരുന്നുവെന്നും അതിനാൽ അവരുടെ വഴിയിൽ നിന്നും ഒഴിഞ്ഞ് മാറണമെന്നും പൊലീസ് ഉച്ചത്തിൽ വഴിയാത്രക്കാരോട് നിർദ്ദേശിച്ചിരുന്നു. ബറോ മാർക്കറ്റിലെ അറഭിക്ക റസ്‌റ്റോറന്റിലിരുന്നവർ 50 പേർ ഇവിടേക്ക് മരണഭയത്തോടെ ഓടിക്കയറുന്നത് കണ്ട് ഞെട്ടിപ്പോയെന്നും റിപ്പോർട്ടുണ്ട്. പലരും പേടിച്ചരണ്ട് കരയുന്നുമുണ്ടായിരുന്നു. ആക്രമണം അഴിച്ച് വിട്ട ഭീകരർ സഞ്ചരിച്ച വെളുത്ത വാൻ ലണ്ടനിലെ വിവിധ കേന്ദ്രങ്ങളിലൂടെ കുതിച്ച് പായുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.