ന്നലെ രാത്രി അപ്രതീക്ഷിതമായി ലണ്ടനിൽ ഭീകരാക്രമണം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് തെരുവുകളിൽ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട നിരവധി പേർക്കാണ് വീടുകൾ തുറന്ന് ലണ്ടൻ നിവാസികൾ അഭയമേകിയത്. ഇത്തരത്തിൽ അപരിചിതർക്ക് പോലും രക്ഷപ്പെടാനായി വാതിലുകൾ തുറന്ന് കൊടുക്കാനുള്ള മഹാമനസ്‌കത ലണ്ടൻകാർ പ്രകടിപ്പിച്ചിരുന്നു. ലണ്ടൻ ബ്രിഡ്ജിന് മുകളിലൂടെ അതിവേഗതയിൽ വാനോടിച്ച് നിരവധി പേർക്ക് പരുക്കേൽപ്പിക്കുകയും തുടർന്ന് തെരുവിലിറങ്ങി 12 ഇഞ്ച് കത്തി കൊണ്ട് കുത്താൻ തുടങ്ങുകയും ചെയ്തതിനെ തുടർന്നാണ് നിരവധി പേർ തെരുവുകളിൽ നിന്നും പലായനം ചെയ്ത് സമീപത്തെ വീടുകളിലേക്കും ഷോപ്പുകളിലേക്കും മറ്റും ഇരച്ച് കയറാൻ തുടങ്ങിയിരുന്നത്. ഇത്തരക്കാരെയാണ് ദയാവായ്‌പോടെ ലണ്ടനിലെ വീട്ടുകാർ സ്വീകരിച്ചത്. ഇത്തരത്തിൽ ആക്രമണമുണ്ടായ സാഹചര്യത്തിൽ ജൂൺ എട്ടിലെ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന ശക്തമായ ആവശ്യവും വിവിധ തുറകളിൽ നിന്നും ശക്തമായി ഉയരുന്നുണ്ട്.

ഇത്തരത്തിൽ ഭയാശങ്കോടെ പലായനം ചെയ്തവർക്കും ഒറ്റപ്പെട്ട്‌പോയവർക്കും താമസസൗകര്യം സൗജന്യമായ വാഗ്ദാനം ചെയ്ത് നിരവധി ലണ്ടൻകാരാണ് ഇന്നലെ രാത്രി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്ററിൽ ഭീകരാക്രമണമുണ്ടായതിനെ തുടർന്ന് നിരവധി പേർ ഇത്തരത്തിലുള്ള വാഗ്ദാനവുമായി രംഗത്തെത്തിയത് പോലെ തന്നെയായിരുന്നു ഇന്നലെ നിരവധി ലണ്ടൻകാർ ഉദാരവായ്പ് പ്രകടിപ്പിച്ചത്. ആക്രമണത്തിൽ പെട്ട് പോയവർക്ക് തങ്ങളുടെ വീടുകളിലെത്താൻ യൂബർ പോലും വാഗ്ദാനം ചെയ്ത് നിരവധി ലണ്ടൻകാർ മുന്നോട്ട് വന്നിരുന്നു.

ലണ്ടനിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലണ്ടനിലുള്ളവർക്ക് തങ്ങളുടെ പ്രിയപ്പെട്ടവർ സുരക്ഷിതരായിരിക്കുന്നുവോ എന്നറിയാനായി ഫേസ്‌ബുക്ക് സേഫ്റ്റ് ചെക്ക് സൗകര്യം ഏർപ്പെടുത്തിയിരുന്നു. ആക്രമണമുണ്ടായ ഉടൻ മെട്രോപൊളിറ്റൻ പൊലീസ്' റൺ, ടെൽ, ആൻഡ് ഹൈഡ്' വാണിങ് പുറപ്പെടുവിച്ചിരുന്നു. ആക്രമണമുണ്ടായ ഇടങ്ങളിൽ നിന്നും കഴിയുന്നതും വേഗത്തിൽ ഓടി രക്ഷപ്പെട്ട് സുരക്ഷിതമായ സ്ഥാനത്ത് എത്താനാണ് റൺ മുന്നറിയിപ്പിലൂടെ ഉദ്ദേശിച്ചത്.അതിന് കഴിയാത്തവർ സാധ്യമായ ഏറ്റവും സുരക്ഷിതമാ സ്ഥാനത്ത് മൊബൈൽ ഫോൺ സൈലന്റ് മോദിലാക്കി വൈബ്രേഷൻ ഓഫാക്കി മറഞ്ഞിരിക്കാനാണ് ഹൈഡ് മുന്നറിയിപ്പ്. സാധ്യമാണെങ്കിൽ സുരക്ഷിമായ സ്ഥാനത്തിരുന്ന് പൊലീസിനെ 999ൽ വിളിച്ച് പറയാനും സഹായം തേടാനുമാണ് ടെൽ വാണിങ്.

രാജ്യത്ത് തുടർച്ചയായി ഭീകരാക്രമണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ജൂൺ എട്ടിന് തെരഞ്ഞെടുപ്പ് നടത്തുന്നത് ഒട്ടും സുരക്ഷിതമല്ലെന്നും അതിനാൽ അത് മാറ്റി വയ്ക്കണമെന്നുമാവശ്യപ്പെട്ട് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് ഒരു പെറ്റീഷനും ലോഞ്ച് ചെയ്തിട്ടുണ്ട്. ഇതിന് നിരവധി പേരുടെ ഒപ്പും ലഭിച്ചുവെന്നാണ് റിപ്പോർട്ട്. മാഞ്ചസ്റ്റർ അരീനയിൽ മെയ് 22ന് സൽമാൻ അബേദിയെന്ന ആത്മഹത്യാം ബോംബർ ആക്രമണം നടത്തി 22 പേരെ വധിക്കുകയും നൂറിൽ അധികം പേർക്ക് പരുക്കേൽപ്പിക്കുകയും ചെയ്ത ആക്രമണം കഴിഞ്ഞ് രണ്ട് ആഴ്ച തികയുന്നതിന് മുമ്പാണ് വീണ്ടും ഇന്നലെ ആക്രമണം ഉണ്ടായത് ജനത്തെ ആശങ്കയിലാഴ്‌ത്തിയതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റി വക്കാനുള്ള ആവശ്യം ശക്തമായിരിക്കുന്നത്. ചേയ്ഞ്ച് . ഒആർജിയിലാണ് മാർക്ക് ഓക്‌സ്ലെ എന്നയാൾ ഇതിനായുള്ള പെറ്റീഷൻ ലോഞ്ച് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഗവൺമെന്റിന്റെ എമർജൻസി റെസ്‌പോൺസ് കമ്മിറ്റി മീറ്റിങ് ഇന്ന് രാവിലെ ചേരുന്നുമുണ്ട്. ഇതിൽ നിർണായകമായ തീരുമാനങ്ങളെടുത്തേക്കാമെന്നും സൂചനയുണ്ട്.