- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹരിയാനയിലും കർഷകർക്കു നേരെ വാഹനം ബിജെപി എംപി ഇടിച്ചുകയറ്റിയെന്ന് ആരോപണം; ഒരാൾക്ക് ഗുരുതര പരിക്ക്; നാല കർഷകർക്ക് പരിക്കേറ്റു
ചണ്ഡീഗഡ്: കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്കുനേരെ വീണ്ടും ആക്രമണമെന്ന് റിപ്പോർട്ടുകൾ. ഹരിയാനയിലെ നരൈൻഗവിലെ സൈനി ഭവനിൽ മുന്നിൽ പ്രതിഷേധിക്കുകയായിരുന്ന കർഷകർക്കുനേരെ ബിജെപി എംപി നയാബ് സൈനിയുടെ വാഹനവ്യൂഹം ഇടിച്ചു കയറ്റിയതായി കർഷകർ ആരോപിച്ചു. ആക്രമണത്തിൽ നാലു കർഷകർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരു കർഷകനെ അംബാലയ്ക്കടുത്തുള്ള നരിൻഗഡിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നരൈൻഗവിലെ സൈനി ഭവനിൽ പൊതുപരിപാടിക്ക് എത്തിയ ബിജെപി നേതാക്കൾക്കെതിരെ പ്രതിഷേധിച്ചിരുന്ന കർഷകർക്കിടയിലേക്ക് എംപിയുടെ വാഹനവ്യഹത്തിലൊന്ന് മനഃപൂർവ്വം ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് ദൃക്സാക്ഷികളായ കർഷകരുടെ ആരോപണം. ചടങ്ങിൽ പങ്കെടുത്ത നേതാക്കൾ സംഭവ സ്ഥലത്തുനിന്ന് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഹരിയാന മന്ത്രി മൂൽ ചന്ദ് ശർമ്മ ഉൾപ്പെടെയുള്ള മറ്റ് ബിജെപി നേതാക്കളും ഈ സമയം സ്ഥലത്തുണ്ടായിരുന്നു.
കർഷകരെ ആക്രമിച്ച വാഹനത്തിന്റെ ഡ്രൈവർക്കെതിരെ വധശ്രമത്തിന് എഫ്ഐആർ ഫയൽ ചെയ്യണമെന്ന് കർഷകർ ആവശ്യപ്പെട്ടു. നടപടിയുണ്ടാകാത്ത പക്ഷം ഒക്ടോബർ 10 ന് പൊലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്നും കർഷകർ അറിയിച്ചു.
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ കോൺവോ വാഹനവ്യൂഹമിടിച്ച് നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ മരിച്ചതിന് നാല് ദിവസങ്ങൾക്ക് ശേഷമാണ് ഹരിയാനയിലും സമാന സംഭവമുണ്ടാകുന്നത്. ലഖിംപൂർ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര താർ വാഹനമാണ് സമാധാനപരമായി പ്രതിഷേധിച്ചിരുന്ന കർഷകർക്കിടയിലേക്ക് പാഞ്ഞുകയറിയത്. മന്ത്രിയുടെ മകൻ ആശിഷ് മിശ്രയും ആക്രമണം നടത്തിയ വാഹനങ്ങളിലൊന്നിൽ ഉണ്ടായിരുന്നതായുള്ള കർഷകരുടെ പരാതിയിൽ ആശിഷിനെതിരെയും യുപി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മറുനാടന് ഡെസ്ക്