- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം; ഓഫീസുകളും കൊടിതോരണങ്ങളും തകർത്തു; കെപിസിസി അംഗം രമണി പി നായരുടെ വീടിന് നേരെയും ആക്രമണം
തിരുവനന്തപുരം: വെഞ്ഞാറംമൂടിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നാലെ തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്കും നേതാക്കളുടെ വീടുകൾക്കും നേരെ വ്യാപക ആക്രമണം. വിലാപയാത്രക്കിടെയും അതിന് ശേഷവുമാണ് പലയിടത്തും വ്യാപകമായി കോൺഗ്രസ് കൊടിമരങ്ങളും ബോർഡുകളും തകർക്കപ്പെട്ടത്. വെഞ്ഞാറമൂട്, വെമ്പായം, കന്യാകുളങ്ങര, പേട്ട, വട്ടിയൂർക്കാവ് തുടങ്ങി വിവിധയിടങ്ങളിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായി.
വിവിധയിടങ്ങളിൽ അടിച്ചും എറിഞ്ഞും തകർത്തപ്പോൾ വെഞ്ഞാറമൂട് തീവയ്ക്കുകയായിരുന്നു. കെപിസിസി അംഗവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ രമണി പി നായരുടെ വീടിന് നേരെയും ആക്രമണമുണ്ടായി. വട്ടിയൂർക്കാവിൽ പ്രതിഷേധ പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കോൺഗ്രസ് ഓഫീസ് തകർത്തു. ഓഫീസ് വാതിലിലെ തകരഷീറ്റ് തകർത്ത് അതു വഴി അകത്ത് കയറിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഓഫീസിനകത്തെ സാധനങ്ങളും മഹാത്മാഗാന്ധിയുടെ ചിത്രം ഉൾപ്പെടെ തകർത്തതായും ഡിസിസി അംഗം കാച്ചാണി സനിൽ പറഞ്ഞു. പേട്ടയിലെ കോൺഗ്രസ് ഓഫീസും ഒരു സംഘം അടിച്ചു തകർത്തു.
കൊല്ലപ്പെട്ട മിഥിലാജിന്റെ മൃതദേഹവുമായി പ്രവർത്തകർ വെമ്പായത്ത് എത്തിയതിന് പിന്നാലെയാണ് കന്യാകുളങ്ങരയിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം നടന്നത്. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് പഞ്ചായത്തിൽ യുഡിഎഫ് ഹർത്താൽ ആചരിക്കുകയാണ്. വൈകിട്ട് ആറുവരെയാണ് ഹർത്താൽ. പ്രദേശത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് 9 പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ കൊട്ടിക്കലാശത്തിൽ തുടങ്ങിയ സംഘർഷമാണ് ഇരട്ടക്കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. അതിന് ശേഷം ഏറെനാളായി സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു. മൂന്ന് മാസം മുമ്പ് ഫൈസൽ എന്ന ഡിഐഎഫ്ഐ പ്രവർത്തകന് ഗുരുതരമായി വെട്ടേറ്റിരുന്നു. ഫൈസലിന് ആക്രമിച്ച സംഘത്തിൽ പെട്ട സജീവ്, അൻസാർ, ഷജിത്ത് ഉൾപ്പെടെയുള്ളവരാണ് ഇരട്ടക്കൊലക്കും പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ എല്ലാവർക്കും കോൺഗ്രസുമായും ഐഎൻടിയുസിയുമായും നല്ല ബന്ധമുണ്ട്.
മറുനാടന് ഡെസ്ക്