- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണിമുടക്കിൽ ജോലിക്ക് ഹാജരായ പഞ്ചായത്ത് സെക്രട്ടറിക്ക് നേരേയുണ്ടായ ആക്രമണം; സിപിഎം പിണ്ടിമന ലോക്കൽ കമ്മറ്റി സെക്രട്ടറി ബിജു പി നായർ അറസ്റ്റിൽ; സെക്രട്ടറിയെ ആക്രമിച്ചത് 40 ഓളം സമരാനുകൂലികൾ ചേർന്ന്
കോതമംഗലം: ദേശീയ പണിമുടക്കിന് ജോലിക്ക് ഹാജരായ പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിക്കു നേരെ ഉണ്ടായ ആക്രമണത്തിൽ സി പി എം പിണ്ടിമന ലോക്കൽ കമ്മറ്റി സെക്രട്ടറി ബിജു പി നായർ അറസ്റ്റിൽ. പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിക്കുകയും തടയാൻ ശമിച്ച പൊലീസുദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്ത കേസിലാണ് പിണ്ടിമന പള്ളിക്കമാലിയിൽ വീട്ടിൽ ബിജു പി. നായർ (45), തുരുത്തുമ്മേൽക്കുടി ജെയ്‌സൻ (38) എന്നിവരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
പഞ്ചായത്താഫീസിൽ അതിക്രമിച്ച് കയറി സെക്രട്ടറി മനോജിനെ ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസ് കേസ്. കോതമംഗലം സ്റ്റേഷനിലെ എസ്‌ഐ എം ടി. റെജിക്കും സംഭവത്തിൽ പരിക്കേറ്റു. പ്രതിഷേധയോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരുന്ന സമയത്താണ് ബിജു പി നായരെ കോതമംഗലം പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്തതെന്നും ബിജെപി അനുഭാവിയായ സെക്രട്ടറി പറഞ്ഞതനുസരിച്ചാണ് പൊലീസിന്റെ കിരാതമായ നടപടിയെന്നും സി പി എം ആരോപിക്കുന്നു.
ബിജെപിക്ക് അനുകൂലമായ നിലപാടാണ് കോതമംഗലം സി ഐ സ്വീകരിച്ചതെന്നാണ് സിപിഐ എം ഏരിയ സെക്രട്ടറി കെ എ ജോയിയുടെ ആരോപണം. നിലവിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നിരവധി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ടെന്നും, പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ഉപഭോക്താക്കളോടും ജനപ്രതിനിധികളോടും സെക്രട്ടറി അപമര്യാദയായി പെരുമാറുന്നത് നിത്യസംഭവമാണെന്നും പാർട്ടി നേതൃത്വം ചൂണ്ടിക്കാട്ടി. ബിജു പി നായർക്കെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ സിപിഐ എം ഏരിയ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി.
ജോലിക്ക് ഹാജരായ പഞ്ചായത്തുസെക്രട്ടറിയെ പണിമുടക്ക് അനുകൂലികൾ പഞ്ചായത്ത് ഓഫീസിൽ കയറി ആക്രമിച്ച് അവശനാക്കിയിരുന്നു. മൂക്കിന് പരിക്കേറ്റ മനോജ്.കെയെ പൊലീസ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി. അത്യവശ്യ ജോലികളുള്ളതിനാൽ താൻ ഓഫീലെത്തി ,തുറന്ന് ജോലി ചെയ്യുമ്പോൾ 40 -ളം വരുന്ന സംഘം എത്തിയെന്നും ഇതിൽ പത്തുപേരടങ്ങുന്ന സംഘം ഓഫീസിൽക്കയറി തന്നെ ആക്രമിക്കുകയായിരുന്നെന്നും സെക്രട്ടറി മാധ്യമങ്ങളോട് വ്യക്തമാക്കി.
വലിയ രീതിയിലുള്ള ഒച്ചപ്പാടും ബഹളവും സൃഷ്ടിക്കുകയും തന്നെ ഇരിപ്പിടത്തിലെത്തി അടിക്കുകയും ഇടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നുമാണ് സെക്രട്ടറി പറഞ്ഞത്. മർദനമേറ്റ് മൂക്കിലൂടെ രക്തം വാർന്ന നിലയിലാണ് പൊലീസ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.
പിണ്ടിമനയിൽ സമരാനുകൂലികളുടെ അക്രമണത്തിൽ ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റതായുള്ള വരവും പുറത്തുവന്നിട്ടുണ്ട്. റെജി പുലരി, എം. കെ രാജൻ, റെജി കെ കെ എന്നിവരാണ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനമേറ്റതായി അറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി പ്രവർത്തകരെ സമരാനുകൂലികൾ യാതൊരു കാരണവും കൂടാതെ മർദ്ദിക്കുകയായിരുന്നു എന്നാണ് പാർട്ടി പ്രാദേശിക നേതൃത്വം പറയുന്നത്.
മറുനാടന് മലയാളി ലേഖകന്.