ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്വത്തയിലെ ക്രിസ്ത്യൻ പള്ളിയിൽ ചാവേർ ബോംബ് ആക്രമണവും വെടിവയ്പും. സംഭവത്തിൽ എട്ടുപേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. 44 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അഫ്ഗാൻ അതിർത്തിയിൽ നിന്ന് 40 മൈൽ അകലെയുള്ള ക്വത്തയിലെ മെത്തഡിസ്റ്റ് ചർച്ചിലാണ് ആക്രമണം ഉണ്ടായത്. തോക്കുകളും സ്‌ഫോടക വസ്തുക്കളുമായി എത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. പള്ളിയിലേക്ക് കയറുംമുമ്പ് കവാടത്തിൽ വച്ചുതന്നെ ഇരുവരേയും തടയാനായത് രക്ഷയായിയെന്ന് പാക് അധികൃതർ വ്യക്തമാക്കുന്നു.

അപകടത്തില് പരിക്കേറ്റവരെയും മരിച്ചവരെയും ആശുപത്രിയിലേക്ക് മാറ്റി. നാല് മൃതദേഹങ്ങളും പരിക്കേറ്റ 20 ഓളം പേരും ആശുപത്രിയിൽ ഉണ്ടെന്ന് അധികൃതർ സ്ഥീരീകരിച്ചു. നഗരത്തിലെ ഏറ്റവും സുരക്ഷയുള്ള പ്രദേശത്തുള്ള പള്ളിയിലാണ് ആക്രമണം നടന്നത്. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശം വളഞ്ഞിരിക്കുകയാണ്.

പ്രധാന പ്രാർത്ഥന നടക്കുന്ന നടക്കുന്ന സമയത്ത് രണ്ട് ചാവേറുകൾ ആക്രമിക്കാൻ എത്തിയെങ്കിലും ഇവരെ കവാടത്തിൽ വച്ചുതന്നെ തടഞ്ഞുവെന്നും ഒരു ചാവേർ പൊട്ടിത്തെറിക്കുകയും മറ്റൊരാൾ വെടിയുതിർക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.

ഈ സമയം നാന്നൂറിലേറെ വിശ്വാസികൾ പള്ളിയിൽ ഉണ്ടായിരുന്നു. ഇവരെ കവാടത്തിൽ തടയാനായില്ലായിരുന്നെങ്കിൽ കൂടുതൽ പേർ ആക്രമണത്തിൽ മരിക്കുമായിരുന്നെന്നും പാക് അധികൃതർ വ്യക്തമാക്കുന്നു. 16 മിനിറ്റിനകം അക്രമികളെ നിർവീര്യമാക്കാനായെന്ന് പ്രദേശത്തെ ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. ബലൂചിസ്ഥാൻ പ്രവിശ്യാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവർത്തനവും നടക്കുന്നത്.

സുന്നി-ഷിയാ സംഘർഷം ശക്തമായ മേഖലയാണിത്. പാക്കിസ്ഥാനിൽ ന്യൂനപക്ഷമായ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ ആക്രമണം അപൂർവമാണെങ്കിലും ഇന്നുണ്ടായ സംഭവം വലിയ ഭീതിക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ക്രിസ്ത്യൻ പള്ളികൾക്ക് കൂടതൽ സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. നിരന്തരം സംഘർഷം ഉണ്ടാകുന്ന മേഖലയാണ് ബലൂചിസ്ഥാൻ എന്നതിനാൽ ഇപ്പോഴുണ്ടായ ആക്രമണം വലിയ ചർച്ചയായിട്ടുണ്ട്.