തിരുവനന്തപുരം: നോട്ടു നിരോധനത്തെ തുടർന്ന് ഇടപാടുകൾ നടത്താനാകാതെ സഹകരണ മേഖല നേരിടുന്ന പ്രശ്‌നങ്ങൾ ഉന്നയിച്ച് എൽഡിഎഫ് തുടങ്ങിയ പ്രക്ഷോഭത്തിനൊപ്പം അണിചേരാൻ യുഡിഎഫിന്റെയും തീരുമാനം. യോജിച്ച സമരം വേണ്ടെന്ന നിലപാടെടുത്ത കെപിസിസി അധ്യക്ഷൻ വി എം സുധീരൻ ഇതോടെ ഒറ്റപ്പെട്ട നിലയിലായി.

യോജിച്ച പ്രക്ഷോഭത്തിന് താൽപര്യമില്ലെന്ന നിലപാടാണ് നേരത്തേ മുതൽത്തന്നെ 
സുധീരൻ സ്വീകരിച്ചത്. ഇക്കാര്യത്തിൽ സുധീരനുമായി സിപിഎമ്മിന്റെ ഭാഗത്തുനിന്ന് കൂടിയാലോചന നടന്നില്ലെന്നതാണ് ഇതിന് കാരണമായതെന്നാണ് സൂചന. പക്ഷേ, വിഷയം ചർച്ചചെയ്യാൻ ഇന്നു നടന്ന യുഡിഎഫ് യോഗത്തിൽ സുധീരൻ ഒറ്റപ്പെട്ടു. യോജിച്ച പ്രക്ഷോഭം വേണമെന്ന് എല്ലാ കക്ഷികളും സുധീരൻ ഒഴികെയുള്ള കോൺഗ്രസ് നേതാക്കളും ആവശ്യപ്പെടുകയായിരുന്നു.

അതേസമയം യോജിച്ച പ്രക്ഷോഭത്തിന് യുഡിഎഫ് യോഗത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും സർവകക്ഷിയോഗത്തിന്റെ തീരുമാനപ്രകാരം സർവകക്ഷി സംഘത്തെ ഡൽഹിയിലേക്ക് അയക്കാനും അതിനുശേഷം തുടർ നടപടിയും പ്രക്ഷോഭവും എങ്ങനെ വേണമെന്ന് തീരുമാനിക്കുമെന്നുമായിരുന്നു സുധീരൻ യോഗത്തിനുശേഷം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. ആരുടെയെങ്കിലും തീരുമാനം തള്ളിയെന്നോ ആരെയെങ്കിലും ഒറ്റപ്പെടുത്തിയെന്നോ ഉള്ള വിവരങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി സന്ദർശനത്തിനു ശേഷവും പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കിൽ തുടർ നടപടികൾ അടുത്ത യുഡിഎഫ് യോഗം ചേർന്ന് തീരുമാനിക്കാൻ മാത്രമാണ് ഇപ്പോൾ നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, പൊതു ജനകീയ വിഷയങ്ങളിൽ യോജിച്ച, രാഷ്ട്രീയം മറന്നുള്ള പോരാട്ടമാണ് വേണ്ടതെന്നും ഇത്തരമൊരു തീരുമാനം യുഡിഎഫ് എടുക്കുംമുമ്പ് ഇക്കാര്യത്തിൽ പരസ്പര വിരുദ്ധമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് ശരിയായില്ലെന്നും സുധീരനെതിരെ വിമർശനം ഉയരുകയും ചെയ്തതോടെ സുധീരൻ തികച്ചും ഒറ്റപ്പെടുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ലീഗാണ് ഇക്കാര്യത്തിൽ സുധീരനെതിരെ നിലപാടുമായി എത്തിയത്.

യോജിച്ച പ്രക്ഷോഭത്തിന്റെ കാര്യത്തിൽ കോൺഗ്രസ്സിൽ വൻ തർക്കം നിലനിൽക്കുയാണെന്നും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുപക്ഷത്തും സുധീരനും ഹസ്സനുമെല്ലാം മറുവശത്തുമെന്ന നിലയിൽ രണ്ടുചേരികൾ ഉണ്ടായിരിക്കുന്നുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. അതേസമയം യോജിച്ച പ്രക്ഷോഭം എന്ന വിഷയത്തിൽ മാത്രമാണ് ഭിന്നതയെന്നും കേന്ദ്രത്തിന്റെ കറൻസി നിരോധനത്തെ തുടർന്നുണ്ടായ ജനദ്രോഹ തീരുമാനങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം വേണമെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നുമുള്ള നിലപാടാണ് ഉണ്ടായിട്ടുള്ളത്. ഇക്കാര്യം സുധീരന്റെ വാക്കുകളിലും പ്രകടമായിരുന്നു.

സമരം തുടങ്ങുന്നതിന് മുന്നോടിയെന്ന നിലയിൽ വിഷയം കേന്ദ്രവുമായി ചർച്ചചെയ്യാനും പരിഹാരം തേടാനുമായി സർവകക്ഷി ദൗത്യസംഘത്തെ ഡൽഹിയിലേക്ക അയക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിൽ തീരുമാനമായില്ലെങ്കിൽ യുഡിഎഫും യോജിച്ച പ്രക്ഷോഭത്തിനായി ഇടതുപക്ഷത്തോടൊപ്പം കൈകോർക്കുമെന്നാണ് സൂചനകൾ. ഡൽഹി സന്ദർശനത്തിനു ശേഷവും തീരുമാനം ഉണ്ടായില്ലെങ്കിൽ ഭാവിസമര പരിപാടികൾ എങ്ങനെ വേണമെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.. നാളെ നിയമസഭയി്ൽ സഹകരണമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയവും പാസ്സാക്കും.

നിരോധിച്ച നോട്ടുകൾ മാറ്റിനൽകാനോ നിക്ഷേപമായി സ്വീകരിക്കാനോ സഹകരണ മേഖലയ്ക്ക് റിസർവ് ബാങ്ക് അധികാരം നൽകാതിരുന്ന സാഹചര്യത്തിലാണ് കേരളത്തിൽ ഇടതുപക്ഷവും വലതുപക്ഷവും ചേർന്ന് പ്രക്ഷോഭത്തിന് ആലോചന നടത്തിയത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുമായി ഇക്കാര്യത്തിൽ ചർച്ച നടത്തുകയും യോജിച്ച പ്രക്ഷോഭത്തിന് തീരുമാനിക്കുകയും ചെയ്തു. യോജിച്ച സമരത്തിന് എൽഡിഎഫ് നേതൃത്വം നൽകുമെന്ന് സഹകരണ മന്ത്രി എസി മൊയ്തീൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുകയും യുഡിഎഫ് നേതാക്കളായ ചെന്നിത്തല, ഉമ്മൻ ചാണ്ടി, പികെ കുഞ്ഞാലിക്കുട്ടി, എഎ അസീസ്, സിപി ജോൺ തുടങ്ങിയവർ സർക്കാരിന് പിന്തുണ അറിയിക്കുകയും ചെയ്തു.

യുഡിഎഫ് വിട്ടുപോയ കെഎം മാണിയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ്സും സമരരംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, യോജിച്ച സമരം പ്രഖ്യാപിച്ച യുഡിഎഫിനും എൽഡിഎഫിനുമൊപ്പം മാണി ചേരുമോയെന്നും വ്യക്തമല്ല. പക്ഷേ, സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയം തെറ്റാണെന്ന് കെഎം മാണിതന്നെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി പാർട്ടി അടുത്തദിവസം പോസ്റ്റ് ഓഫീസുകൾക്കു മുന്നിൽ സമരവും പ്രഖ്യാപിച്ചിട്ടുണ്ട.

ഇതോടെ നാളെ നിയമസഭയിൽ വരുന്ന പ്രമേയത്തിനെ മാണി കേരളാ കോൺഗ്രസ്സ് പിൻതുണയ്ക്കുമോ എന്ന് വ്യക്തമല്ല. സഭയിലെ ഒറ്റയാന്മാരായ ബിജെപി അംഗം ഒ. രാജഗോപാലും പിസിജോർജും എന്തു നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാകും. പ്രത്യേകിച്ച് സഹകരണ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്ന് ബിജെപിയുടെ സഹകരണ പ്രസ്ഥാനമായ സഹകാർ ഭാരതി കേന്ദ്ര നേതാക്കൾ തന്നെ കഴിഞ്ഞദിവസം ആവശ്യപ്പെട്ട സാഹചര്യത്തിൽ രാജഗോപാലിന്റെ സഭയിലെ നിലപാട് പ്രത്യേകം ശ്രദ്ധിക്കപ്പെടും.