റിയാദ്: അദ്ധ്യാപകരടക്കം എല്ലാ സ്‌കൂൾ ജീവനക്കാർക്കും സുരക്ഷ ശക്തമാക്കാൻ സൗദി. വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും സ്‌കൂൾ അധികൃതർക്കെതിരേ അക്രമസംഭവം കൂടിവരുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.

അദ്ധ്യാപകരെയും സ്റ്റാഫിനെയും ശാരീരികമായി ഉപദ്രവിക്കുന്നവർക്ക് 10 വർഷം തടവിന് ശിക്ഷിക്കാനും ഇവരിൽ നിന്ന് 10 ലക്ഷം റിയാൽ പിഴ ഈടാക്കാനുമാണ് തീരുമാനി ച്ചിരിക്കുന്നത്. സ്ഥാപനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് വിദ്യാലയങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യവും പരിഗണിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. ഇതിനുപുറമെ നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും ചെയ്യും.

ഇത്തരം നിയമങ്ങൾ താഴേത്തട്ട് മുതൽ സർവകലാശാല വരെയുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും ബാധകമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൃത്യമായ മാർഗ നിർദേശങ്ങൾ തയ്യാറായി വരികയാണ്. നിയമവിദഗ്ധരുമായും മറ്റും കൂടിയാലോചിച്ച ശേഷമാണ് ഇതിന് അന്തിമരൂപം നൽകിയിട്ടുള്ളത്.

അതോടൊപ്പം അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പെരുമാറ്റത്തിലും പ്രവർത്തനങ്ങളിലും അച്ചടക്കം കൊണ്ടുവരുന്നതിനുള്ള മാർഗ നിർദേശങ്ങളും തയ്യാറായി വരികയാണെന്നും മന്ത്രി പറഞ്ഞു. ഇത് ഉടൻ തന്നെ പുറത്തിറക്കും.