വണ്ടിപ്പെരിയാർ : ഇടുക്കി വണ്ടിപ്പെരിയാറിൽ പതിനാറുകാരിയെ പീഡിപ്പിച്ച് നഗ്‌നചിത്രം പകർത്തിയ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ അതിജീവിതയുടെ പിതാവിനെ മർദിച്ചതായി പരാതി. പരുക്കേറ്റ പശുമല സ്വദേശിയെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കുകയും ചിത്രം പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രദേശവാസിയായ ഷിബുവിനെ (43) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ ഇന്നലെ വൈകിട്ട് പശുമല എസ്റ്റേറ്റിൽ നിയമ ബോധവൽക്കരണ ക്ലാസ് നടത്തിയപ്പോൾ ഇരയായ പെൺകുട്ടിയുടെ പിതാവിനെ സിപിഎം പശുമല ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിളിച്ചുവരുത്തി വെള്ള പേപ്പറിൽ ഒപ്പിടാൻ ആവശ്യപ്പെട്ടതായി പറയുന്നു.

കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട സംഘം ഇതിനു വിസമ്മതിച്ച തന്നെ ആക്രമിക്കുകയായിരുന്നു എന്നാണ് പെൺകുട്ടിയുടെ പിതാവിന്റെ പരാതി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ഡി.സുനിൽകുമാർ പറഞ്ഞു. അതേസമയം, സിപിഎം നേതാക്കൾ ആരോപണം നിഷേധിച്ചു.

ആറ് മാസങ്ങൾക്ക് മുൻപു നടന്ന സംഭവത്തിൽ ഒക്ടോബർ 19നാണ് ഇടുക്കി ചൈൽഡ് ലൈന്റെ നിർദേശപ്രകാരം വണ്ടിപ്പെരിയാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോടതി റിമാൻഡ് ചെയ്ത ഇയാൾ ഇപ്പോൾ പീരുമേട് സബ് ജയിലിലാണ്.