- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടി മധു കൊലപാതകം: ഡിജിറ്റൽ തെളിവുകളും കുറ്റപത്രവും പ്രതികൾക്ക് കൈമാറി
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിലെ പ്രതികൾക്ക് കേസിലെ ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തിന്റെ പകർപ്പുംകൈമാറി. കോടതിയിൽ നേരിട്ടെത്തിയാണ് പ്രതികൾ തെളിവുകൾ ശേഖരിച്ചത്. ഒന്നാം പ്രതി ഹുസൈൻ, മൂന്നാം പ്രതി ഷംഷുദ്ദീൻ, പതിനാറാം പ്രതി മുനീർ എന്നിവരാണ് മധുവിനെ മർദ്ദിച്ചതെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് നൽകാത്തതുകൊണ്ട് കേസ് നീണ്ടുപോവുകയാണെന്ന വിമർശനം പല ഭാഗത്ത് നിന്നും ഉയർന്നിരുന്നു. ഈ മാസം 26 ന് മണ്ണാർക്കാട് എസ്.സി / എസ്.ടി കോടതിയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ആൾക്കൂട്ട വിചാരണയെയും ക്രൂര മർധനത്തിനും പിന്നാലെ 2018 ഫെബുവരി 22 നാണ് മധു മരിച്ചത്. കടയിൽ നിന്ന് ഭക്ഷണമെടുത്തെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ സുഹൃത്തുക്കളും ഡ്രൈവർമാരുമായ മറ്റു പ്രതികളും ചേർന്ന് മധുവിനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
കൊലപാതകം, പട്ടിക ജാതി പട്ടിക വർഗ്ഗ പീഡനം ഉൾപ്പടെയുള്ള വകുപ്പുകളാണ് കേസിൽ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. മധുവിനെ പിടികൂടിയ അജമുടി ഭാഗത്ത് വച്ച് മർദനത്തിന് നേതൃത്വം നൽകിയതിന് പിന്നിൽ ആറു പ്രതികളാണ് ഉണ്ടായിരുന്നത്. അതിൽ ഉൾപ്പെട്ട സിഐടിയു നേതാവും ടാക്സി ഡ്രൈവറുമായ മൂന്നാം പ്രതി ഷംഷുദ്ദീന്റെ വടികൊണ്ടുള്ള അടി മധുവിന്റെ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടാൻ കാരണമായിരുന്നു. കേസിലെ പതിനാറാം പ്രതി മുനീർ കാൽമുട്ടുകൊണ്ട് നടുവിന് ഇടിച്ചു.
ഉച്ചയ്ക്ക് ഒന്നരയോടെ പ്രദേശത്ത് എത്തിയ ഒന്നാം പ്രതി ഹുസൈന്റെ ചവിട്ടേറ്റ് വീണ മധുവിന്റെ തല ക്ഷേത്ര ഭണ്ഡാരച്ചുവരിലിടിച്ച് പരിക്കേറ്റെന്നും കുറ്റപത്രത്തിൽ പറയുന്നു. മധുവിന്റെ ശരീരത്തിലേറ്റ പതിനഞ്ചിലേറെ പരിക്കുകളാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.