കൊച്ചി: അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. മധുവിന്റെ അമ്മ മല്ലിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നതിൽ നടപടി ഉണ്ടാകും വരെ വിചാരണ തടയണം എന്നായിരുന്നു ആവശ്യം. കേസിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജി 10 ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കും.

മധു വധക്കേസിന്റെ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് സാക്ഷികൾ കേസിൽ കൂറുമാറിയിരുന്നു. ഇതിനു പിന്നാലെയാണ് കേസിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി മധുവിന്റെ അമ്മയും സഹോദരിയും രംഗത്തു വന്നത്.ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ വിചാരണകോടതിയെ സമീപിച്ചെങ്കിലും പ്രോസിക്യൂട്ടറെ നിയമിക്കുന്നത് സർക്കാരായതിനാൽ ഒന്നും ചെയ്യാനില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.

ഇതോടെയാണ് ഇവർ അപ്പീലുമായി ഹൈക്കോടതിയിൽ എത്തിയത്. പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യത്തിൽ സർക്കാർ നടപടി ഉണ്ടാകുന്നത് വരെ വിചാരണ തടയണമെന്നായിരുന്നു ആവശ്യം. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം നൽകിയ ഹർജി വിചാരണക്കോടതി രണ്ടുദിവസം മുൻപ് തള്ളിയിരുന്നു.

മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതിയിലാണു മധു വധക്കേസ് വിചാരണ നടക്കുന്നത്. കോടതിയിൽ 8, 9 തീയതികളിൽ നടന്ന വിസ്താരത്തിനിടെ സാക്ഷികളായ ഉണ്ണിക്കൃഷ്ണൻ, ചന്ദ്രൻ എന്നിവർ കൂറുമാറി. സാക്ഷികൾ കൂറുമാറിയതിനെത്തുടർന്നാണു സ്‌പെഷൽ പ്രോസിക്യൂട്ടർ സി.രാജേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തിയത്.

സാക്ഷികളെ കൂറു മാറ്റുന്നതിൽ പ്രതിഭാഗം വിജയിച്ചെന്നും ഇതേ പ്രോസിക്യൂട്ടർ വാദിച്ചാൽ തങ്ങൾ കേസിൽ തോറ്റുപോകുമെന്നും മധുവിന്റെ അമ്മ മല്ലി പറയുന്നു. സ്‌പെഷൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ടു മധുവിന്റെ മാതാവ് മല്ലി പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറലിന് അപേക്ഷ നൽകിയിരുന്നു. അസി.സ്‌പെഷൽ പ്രോസിക്യൂട്ടർ രാജേഷ് എം.മേനോനെ ഈ പദവിയിൽ നിയമിക്കണമെന്നാണ് ആവശ്യം.

എന്നാൽ സർക്കാർ നിയമിച്ച അഭിഭാഷകനെ കോടതിയല്ല മാറ്റേണ്ടതെന്ന് വിചാരണ കോടതി വിശദീകരിച്ചു. കുടുംബത്തിന് അങ്ങനെ ഒരാവശ്യം ഉണ്ടെങ്കിൽ സർക്കാരിനെ സമീപിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് കത്ത് നൽകിയത്.

കേസിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സി രാജേന്ദ്രന് വിചാരണയിൽ പരിചയക്കുറവുണ്ടെന്നും രണ്ട് സാക്ഷികൾ കൂറുമാറിയത് പ്രോസിക്യൂട്ടറുടെ വീഴ്ചയാണെന്നുമാണ് കത്തിലെ ആരോപണം.

കേസിൽ സാക്ഷികൾ പലരും ഇതിനോടകം കൂറുമാറുകയും കൂടുതൽ സാക്ഷികൾ കൂറുമാറാൻ സാധ്യത നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യമാണെന്ന് മധുവിന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നു. ജൂണ് പത്തിന് തുടങ്ങിയ കേസിന്റെ വിചാരണയിൽ പത്താം സാക്ഷി ഉണ്ണിക്കൃഷ്ണൻ, പതിനൊന്നാം സാക്ഷി ചന്ദ്രൻ എന്നിവർ പ്രതികൾക്ക് അനുകൂലമായി കൂറ് മാറിയിരുന്നു. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.