ന്യൂഡൽഹി: രാഹുൽ ഗാന്ധി ആകെ മാറിയിരിക്കുകയാണ്. നിഷേധിയും അരാജകവാദിയുമായ ഒരു ചെറുപ്പക്കാരനിൽ നിന്നും ഭക്തനും ദൈവപ്രിയനുമായ ഒരു രാഹുലിനെയാണ് ഇപ്പോൾ അനുയായികൾ കാണുന്നത്. എല്ലാ ദിവസവും പ്രാർത്ഥനയും ക്ഷേത്ര ദർശനവും രാഹുലിന്റെ ജീവിതത്തിന്റെ ഭാഗമായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏറ്റവും ഒടുവിൽ വൃന്ദാവൻ സന്ദർശനമാണ് രാഹുലിന്റെ പുതിയ ഭാവത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്.

എട്ടാഴ്ച നീണ്ട അജ്ഞാത വാസത്തിനുശേഷം തിരിച്ചെത്തിയതോടെയാണ് രാഹുൽ ആളാകെ മാറിയത്. അജ്ഞാതവാസത്തിനുശേഷം കേദാർനാഥ് ക്ഷേത്രം സന്ദർശിക്കാൻ രാഹുൽ തയ്യാറായി. ക്ഷേത്ര നഗരിയായ വൃന്ദാവനിൽ തിങ്കളാഴ്ച എത്തിയ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ ബങ്കേ ബിഹാരി ക്ഷേത്രത്തിൽ സന്ദർശനം നടത്തുകയും രാധ അഷ്ടമി ആഘോഷങ്ങളിലും പങ്കെടുക്കുകയും ചെയ്തു.

ഉത്തർപ്രദേശ് കോൺഗ്രസ് കമ്മറ്റി ഒരുക്കിയ നേതൃസംഗമത്തിന് എത്തിയതായിരുന്നെങ്കിലും അതിനുമുമ്പായിരുന്നു ക്ഷേത്ര സന്ദർശനം. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കൃഷ്ണ ക്ഷേത്രങ്ങളിലൊന്നായാണ് ബങ്കേ ബിഹാരി വിലയിരുത്തപ്പെടുന്നത്. ബങ്കേ ബിഹാരിക്കും രാഹുലിനും സിന്ദാബാദ് വിളിച്ച് അനുയായികൾ ക്ഷേത്ര സന്ദർശനം അവിസ്മരണീയമാക്കുകയും ചെയ്തു.

ഉത്തർ പ്രദേശിൽ നഷ്ടപ്പെട്ട ഹിന്ദുവോട്ടുകൾ തിരിച്ചുപിടി്ക്കുകയാണ് രാഹുലിന്റെ ഈ സന്ദർശനങ്ങളുടെ ലക്ഷ്യമെന്ന് വിലയിരുത്തുന്നവരുണ്ട്. നേതൃസംഗമത്തിനെത്തിയ രാഹുൽ ക്ഷേത്ര സന്ദർശനത്തെക്കുറിച്ചാണ് ആദ്യം സംസാരിച്ചത്. തന്റെ മനസ്സിന് സന്തോഷം പകരാൻ ക്ഷേത്ര സന്ദർശനം വഴിയൊരുക്കിയെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിന്റെ ക്ഷേത്ര സന്ദർശനത്തോടെ ഉത്തർ പ്രദേശിലെ കാറ്റ് മാറി വീശാൻ തുടങ്ങുമെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് പ്രദീപ് മാത്തൂർ പറഞ്ഞു.

ന്യൂനപക്ഷ പ്രീണനത്തിനാണ് കോൺഗ്രസ് പ്രാമുഖ്യം നൽകുന്നതെന്ന ചർച്ചയ്ക്ക് വിരാമമിടാനും രാഹുൽ ഇതിലൂടെ ഉദ്ദേശിക്കുന്നുണ്ട്. കോൺഗ്രസ്സിന്റെ ന്യൂനപക്ഷ പ്രേമം വൻതോതിലുള്ള വോട്ട് ചോർച്ചയ്ക്ക് കാരണമായിട്ടുണ്ടെന്ന് എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. മറ്റ് മുതിർന്ന നേതാക്കളും ഇതേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം പരാതികൾക്ക് പരിഹാരം കാണാനും കോൺഗ്രസ്സിന് വിശാലമായ വീക്ഷണമാണ് ഉള്ളതെന്ന് തെളിയിക്കുകയുമാണ് രാഹുലിന്റെ ലക്ഷ്യം.